Monday, August 21, 2017

തോട്ടുവക്കിലെ കള്ള് ഷോപ്പിൽ നിന്നും കള്ളും, കപ്പയും

 ഇത് പോലെ എന്നും എന്തെങ്കിലും കുത്തിക്കുറിക്കുന്ന ഒരാളുണ്ടായിരുന്നു നമ്മുടെ രമണി ചേച്ചി, ആ ആളെ ഇപ്പൊ കാണാറില്ല . ഈ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ എന്തെങ്കിലും കുറിക്കൂ .

തൃശൂരിൽ കഴിഞ്ഞ കുറെ നാളുകളായി നല്ല മഴയാണ് . ഇന്നെലെ ഒരു കല്യാണത്തിന് ഗുരുവായൂർ പോകാനുള്ള പരിപാടി ഉണ്ടായിരുന്നു. പക്ഷെ മഴയത്ത് കാല് നനയാതെ പോകാൻ പറ്റാത്തതിനാൽ പോയില്ല . തോടും കുളവും ഉള്ള ഒരു സ്ഥലത്തായിരുന്നു എത്തേണ്ടത് . രക്തവാതം ഉള്ള ഞാൻ അതെല്ലാം സഹിച്ച് പോയാൽ പിന്നെ കിടപ്പാകും. തൃശൂരിൽ മഴ ഈ വർഷം ഇരുപത്താറു ശതമാനം കുറവാണത്രേ . ഇനിയും പെയ്തോട്ടെ എന്റെ ഇന്ദ്രദേവാ . 

ഞാൻ പണ്ട് മഴയത്ത് ചാലുകളിൽ ഉള്ള വെള്ളം തെറിപ്പിച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു , ആ ബാല്യം എനിക്ക് ഓർമ്മ വരുന്നു . നാട്ടിലെ കുളങ്ങളിലും തോട്ടിലും കുളിച്ചിട്ട് എത്ര നാളായി . വാദം കൊച്ചിയാലും വേണ്ടില്ല പണ്ടത്തെ പോലെ തോട്ടിൽ ഒരു ദിവസം പോയി നീരാടണം . ഹേബി വരുന്നോ കൂട്ടിന് ? വേണമെങ്കിൽ നമുക്ക് രമണിച്ചെച്ചിയെയും കൂട്ടാം .

തോട്ടുവക്കിലെ കള്ള് ഷോപ്പിൽ നിന്നും കള്ളും, കപ്പയും മീനും ഒക്കെ കഴിക്കാം .

Saturday, June 10, 2017

ചാള അധികം എരിവ് ഇല്ലാതെ

Memoir

ചാള അധികം എരിവ് ഇല്ലാതെ മാങ്ങ ഇട്ട് വെച്ചത് കൂട്ടാൻ ഒരു മോഹം തോന്നി. എന്റെ വീട്ടുകാരിക്ക് ചാള നന്നാക്കിയാൽ പിന്നെ അന്ന് അടുക്കളയിൽ നിൽക്കാനോ മറ്റു ആഹാരസാധനങ്ങൾ കഴിക്കുവാനോ പറ്റില്ല. ഇപ്പോൾ തൃശൂരിലെ രണ്ട് സൂപ്പർ മാർക്കറ്റിൽ ചാള നന്നാക്കി കിട്ടും . അങ്ങിനെ ഒരു നാൾ അവൾ പോയി ചാള വാങ്ങി എനിക്ക് വെച്ച് തന്നു. ഞാൻ ഒരു കിലോ ചാള നാല് ദിവസം കൊണ്ട് കഴിച്ച് തീർത്തു .
അഞ്ചാമത്തെ ദിവസവും എനിക്ക് ചാലക്കറി കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു . ഞാൻ പ്രേമയോട് പറഞ്ഞപ്പോൾ എനിക്ക് ഒരു നേരം കഴിക്കാനുള്ള അയലക്കറി മകന്റെ പക്കൽ കൊടുത്തയച്ചു . പ്രേമയുടെ അയലക്കറി എനിക്ക് ഇഷ്ടപ്പെട്ടു. അത് വേറെ ഒരു സ്റ്റൈൽ ആയതിനാൽ എന്റെ പെണ്ണ് കഴിച്ചില്ല .
ഞങ്ങളുടെ കറിയിൽ ചാറ് തിക്ക് അല്ല, പ്രേമയുടെ കറിക്ക് നല്ല കട്ടിയുണ്ട് . ഉള്ളിയും തക്കാളിയും മറ്റെന്തൊക്കെയോ ചേർത്തിരുന്നു. എന്തായാലും എനിക്ക് വളരെ ഇഷ്ടമായി . പ്രേമക്ക് കഴുത്ത് വേദനയായി കോളർ ഇട്ടിരിക്കുകയാണ് . അല്ലെങ്കിൽ ഇനിയും ആവശ്യപ്പെടാമായിരുന്നു . ഇന്നെലെ എന്റെ വീട്ടിൽ വേറെ ഒരു വലിയ മീൻ ആയിരുന്നു. ഞാൻ ഒരു കഷ്ണം മാത്രം കൂട്ടി. അധികം കഴിച്ചില്ല.
ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന ഐസ് ഇട്ട മീനിന് സ്വാദ് കുറവാണ് . ഞങ്ങൾ മസ്കത്തിലായിരുന്നു 20 വര്ഷം . വെള്ളിയാഴ്ച അല്ലാത്ത ദിവസം ഞാൻ മീനാക്വഅബൂസിൽ പോയി നല്ല പിടക്കുന്ന ചാള നേരിട്ട് വഞ്ചിയിൽ നിന്നും വാങ്ങിക്കും. അവിടെ കൊച്ചുകൊച്ചു ഫൈബർ ബോട്ടിൽ ആണ് ചെറിയ തോതിൽ മീൻ പിടുത്തം . മീൻ ചന്തയിൽ തന്നെ ബോട്ട് ജെട്ടി ഉണ്ട്. പെന്റിന്റെ അടിഭാഗം മേൽപ്പോട്ട് ചുരുട്ടി വെച്ച് ബോട്ടിന്റെ അടുത്ത് പോയി പിടയുന്ന മീൻ വാങ്ങി നേരെ വീട്ടിൽ പോയി പെണ്ണിന് കൊടുക്കും. അവൾക്കായി സുറുമയും വാങ്ങും .അവിടെ നെയ്മീൻ എന്ന അയക്കൂറക്ക് സുറുമ എന്നാണ് പറയുക . സുറുമ പിടിക്കാൻ പ്രത്യേക ബോട്ടുകൾ ഉണ്ട് . അവർ നല്ല അമ്മിക്കുഴ പോലെ ഉള്ള കഷണങ്ങൾ അറിഞ്ഞുതരും . എല്ലാം വീട്ടിൽ കൊടുത്ത് ഞാൻ വീണ്ടും ഓഫ്സിൽ പോകും.
ഉച്ചക്ക് മാമുണ്ണാനായി വീട്ടിലെത്തിയാൽ കാണണം വറുത്തതും, വെച്ചതും , പിന്നെ മീൻ അച്ചാറും .
ഹാ ! ഒമാനിലെ ചാളക്കും സുറുമക്കും പ്രത്യേക രുചിയാണ് .
ഒമാനിലെ മീൻ വിശേഷവുമായി വീണ്ടും വരാം.

Monday, June 5, 2017

ആഗ്രഹസഫലീകരണം


എന്റെ ചിരകാലാഭിലാഷങ്ങളെല്ലാം പൂർത്തിയായി .ഒരു കാലത്ത് പെന്സിലുകളുടെയും പേനകളുടെയും നടുവിൽ കിടന്നുറങ്ങിയവനായിരുന്നു ഞാൻ. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുന്നാണെനിക്ക് തോന്നിയത് ഒരു  മോണ്ട് ബ്ളാങ്ക് പേന വാങ്ങണമെന്ന്, പക്ഷെ അത്രയും വില കൊടുക്കാൻ ഞാൻ പ്രാപ്തനല്ലായിരുന്നു . അത്  കണ്ടറിഞ്ഞ് എന്റെ ആർക്കിടെക്ടായ മകൾ മലയേഷ്യയിൽ പോയപ്പോൾ എനിക്ക് കൊണ്ടുവന്നു തന്നു.  ഞാൻ ഏറെ സന്തോഷിച്ചു .

 രണ്ട മൂന്ന് കൊല്ലം മുൻപ് തോന്നി ഒരു ഓട്ടോമാറ്റിക് കാർ വാങ്ങണമെന്ന് , അതും സാധിച്ചു . പിന്നെ അല്ലറ ചില്ലറ മോഹങ്ങൾ ഉണ്ട് , അതൊക്കെ അപ്രധാനമായതാണ് .

മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം സാധിച്ച ഞാൻ രണ്ട് മൂന്ന് രോഗങ്ങളുടെ ചികിസ്തിച്ചാലും ഭേദമാകാത്ത രോഗത്തിന്റെ അടിയമാണെങ്കിലും വലിയ പരിക്കില്ലാതെ ജീവിക്കുന്നു.

ഇനി ഈ അവസ്ഥയിൽ അതായത് ആരോഗ്യമുള്ള ഈ സമയത്ത് മരണം കൈവരിച്ചാൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാകും .  സപ്തതി ആഘോഷത്തിന് അധികനാളില്ല , ഇനി അതും കൂടി കഴിഞ്ഞിട്ടായാലും വിരോധമില്ല.

വിചാരിച്ചാൽ നടക്കാവുന്ന ഒരു ആഗ്രഹം കൂടി ഉണ്ട്. പക്ഷെ അത് ഞാൻ മാത്രം വിചാരിച്ചാൽ പോരാ. എന്റെ പാറുകുട്ടിയെയും കൊണ്ട് ഗുരുവായൂർ നടയിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴണമെന്നുണ്ട് . ഞാൻ അവളോട്  പല തവണ പറഞ്ഞുവെങ്കിലും അവൾ ഇതുവരെ അനുസരിച്ചിട്ടില്ല.

എന്ത് ചോദിച്ചാലും ആഗ്രഹിച്ചുതരാറുള്ള പാറുകുട്ടിക്ക് എന്താ ഈ നിസ്സാര കാര്യത്തിന് മാത്രം ഇത്ര വിമുഖത എന്ന്  എനിക്ക് മനസ്സിലാകുന്നില്ല . അപ്പോൾ  നടക്കാൻ പറ്റാത്ത ആ ആഗ്രഹത്തിനെ വിടാം .

കൃഷാ ഗുരുവായൂരപ്പാ ഞാൻ ഉറങ്ങിക്കിടക്കുന്ന നേരം എന്നെ അങ്ങോട്ട് വിളിക്കേണമേ .

Friday, April 7, 2017

എങ്കിലും ഇനിയൊരു വിഷു എനിക്കുണ്ടാകുകയില്ലെങ്കിലോ

2014 ലെ വിഷുവിന്‍ മുന്നോടിയായ ഒരു സല്‍ക്കാരത്തിന്നിടയില്‍ നിന്നും ഒരു ഓര്‍മ്മ.. 2017 ലെ വിഷു അടിച്ച് പൊളിക്കണം.. ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് എപ്പോഴും എന്റെ ശ്രീമതി ഓര്‍മ്മിപ്പിച്ചുംകൊണ്ടിരിക്കും.. എങ്കിലും ഇനിയൊരു വിഷു എനിക്കുണ്ടാകുകയില്ലെങ്കിലോ..?! വയസ്സ് എഴുപതായില്ലേ...?

പണ്ടൊക്കെ ദുബായിലും, ഒമാനിലും, ജര്‍മ്മനിയിലുമൊക്കെയായി ബ്രാന്‍ഡിയും, വിസ്കിയും, റമ്മും, വോഡ്ക്കയും, ജിന്നും ഒക്കെയായിരുന്നു കമ്പം, ഇപ്പോളത് ബീയറില്‍ ഒതുക്കി..

2015 മധ്യത്തൊട് കൂടി മദ്യപാനം നിര്‍ത്തി, 2017 ല്‍ വീണ്ടും ആരംഭിച്ചുവെങ്കിലും ബീയറില്‍ ഒതുക്കി.. മറ്റെന്തുകുടിച്ചാലും തലവേദന വരും. ബീയറാണെങ്കില്‍ ധാരാളം മൂത്രമൊഴിച്ച് പോകും. പിന്നെ എനിക്ക് 2 ല് കൂടുതലായ ചെറിയൊരു തരിപ്പ് വരും, അതൊരു സുഖമാണ്‍.

എട്ടാം ക്ലാസ്സ് മുതല്‍ ബീഡി വലിച്ച് തുടങ്ങി. പത്തിലെത്തിയപ്പോള്‍ അത് പനാമ സിഗരറ്റാക്കി... ജോലി കിട്ടിയപ്പോഴും പനാമ തന്നെയായി.. ചിലപ്പോള്‍ വിത്സും വലിച്ചിരുന്നു... ബോംബയിലെ ഒരു കമ്പനിയിലേക്ക് മാറിയപ്പോള്‍ മുന്തിയ തരം സിഗരറ്റും, ചുരുട്ടുമൊക്കെ വലിച്ചിരുന്നു.

ജര്‍മ്മന്‍ ജീവിതത്തില്‍ ബാറില്‍ സിഗരറ്റും, ബീയര്‍ കാനും, മറ്റുമൊക്കെ വെന്‍ഡിങ്ങ് മെഷീ‍നില്‍ കൂടി വാങ്ങാം.. അവിടെ തന്നെ കിടന്നുറങ്ങുകയാണെങ്കില്‍ ഡിസ്പോസിബിള്‍ ടൂത്ത് പ്രഷ് വിത്ത് പേസ്റ്റും എല്ലാം വെന്‍ഡിങ്ങ് മെഷീനില്‍ കൂടി കിട്ടും.

ജര്‍മ്മനിയില്‍ ബാഡന്‍ ബാഡന്‍ എന്ന ഒരു വുഡ്സ് പട്ടണത്തിലുള്ള കേസിനോകളില്‍ ഒരിക്കല്‍ ഞാന്‍ ചൂത് കളിക്കാന്‍ പോയി. വളരെ ആദ്യം പോയത് വീസ് ബാഡനിലെ മേഗ്നറ്റോപ്ലാന്‍ കമ്പനിയിലെ സി ഓ യുടെ കൂടെ ഫ്രാങ്ക്ഫര്‍ട്ടിലായിരുന്നു.. അങ്ങിനെ പലതും ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നു.

1977 ല്‍ മകന്‍ ജനിച്ചപ്പോള്‍ സിഗരറ്റ് വലി എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നു. ഒരു ചെയിന്‍ സ്മോക്കറായ ഞാന്‍ പുകവലി നിര്‍ത്തിയത് ഒരു മഹാസംഭവമായിരുന്നു...

ആര്‍ക്കെങ്കിലും പുകവലി നിര്‍ത്തണമെങ്കില്‍ ഞാന്‍ ഉപദേശിക്കാം ആ ട്രിക്ക്.

തൃശ്ശിവപേരൂര്‍ സിറ്റിയിലെ മര്‍മ്മപ്രധാനമായ സ്ഥലത്താണ്‍ എന്റെ വസതി. തൊട്ടടുത്ത് ബെവറേജ് ഷോപ്പ്, ATM ബേങ്ക്, 3 മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍, റെയില്‍ വേ സ്റ്റേഷന്‍, KSRTC, പെട്രോള്‍ പമ്പ് തുടങ്ങി അവശ്യം ആവശ്യമായ സൌകര്യങ്ങളെല്ലാം ഉണ്ട്.... കൂടാതെ 24 മണിക്കൂറും, ഓട്ടോയും കിട്ടും...

നഗരത്തിലെ വലിയ ഹോട്ടലുകള്‍ 5 എണ്ണം, നാലടി ദൂരത്ത്.. ഈഇവനിങ്ങ് ജോഗ്ഗിങ്ങ് ഫിനീഷിങ്ങ് പോയന്റുകളിലാണ്‍ ഇവയെല്ലാം.. വല്ലപ്പോഴും ജോയ്സ് പാലസ്സിലോ, കാസിനോയിലോ പോയി ഒന്നോ രണ്ടോ കുപ്പി ചില്‍ഡ് ഫോസ്റ്ററഡിക്കും. അത് കഴിഞ്ഞ് വീട്ടിലെത്തി നല്ല തണുത്ത പീച്ചി വെള്ളത്തിലൊരു നീരാട്ട്. പിന്നെ എന്തെങ്കിലും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സുഖനിദ്ര.

ഇത്രയൊക്കെ സുഖം ഞാന്‍ എന്റെ ഈ വയസ്സ് കാലത്ത് പ്രതീക്ഷിച്ചതല്ല. എല്ലാം ഈശ്വര കടാക്ഷം.

മദ്യസേവ ഇല്ലാത്ത ദിവസം സമീപത്തിലെ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ പോകാന്‍ മറക്കാറില്ല..

മേയ് മാസം 5 ന്‍ തൃശ്ശൂര്‍ പൂരം.. എല്ലാവര്‍ക്കും സ്വാഗതം.. ഞാനുണ്ടാകും പൂരപ്പറമ്പില്‍ 4, 5, 6 തീയതികളില്‍..

Thursday, April 6, 2017

വെള്ളിയാഴ്ച സവാരിക്ക്


ഇന്നാണ് ഞാന്‍ “ചീരാമുളക്” ബ്ലോഗറുടെ താളുകള്‍ ശരിക്കും പരിശോധിച്ചത്. അവിടെ കണ്ട സയ്യാരകള്‍ എന്റെ മനസ്സലിയിച്ചു, എന്റെ നീണ്ട 22 കൊല്ലത്തെ ഗള്‍ഫ് പ്രവാസി ജീവിതം എന്റെ മനസ്സില്‍ തിരയടിച്ചു.
ഞാന്‍ 1973 ഡിസംബര്‍ 23 ന് അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാനെത്തിയത് ഒരു ലേന്‍ഡ് റോവര്‍ ആയിരുന്നു. പിന്നെ അവനെ എനിക്ക് ഉപയോഗിക്കാന്‍ തന്നു. കൂട്ടത്തില്‍ ഒരു മിനി മോക്കും, പിന്നെ വെള്ളിയാഴ്ച സവാരിക്ക് ഒരു വോക്ക്സ് വേഗന്‍ ബീറ്റിത്സും. 

അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് 1965 ആയപ്പോളെനിക്ക് ഒരു മെര്‍സിഡീസ് 230.6 കിട്ടി. പിന്നെ അങ്ങോട്ടൊരു കയറ്റം ആയിരുന്നു. റേഞ്ച് റോവര്‍, ജാഗ്വര്‍, ഫെറാരി മുതലായവ. പുതിയ സയ്യാര വാങ്ങി 1 കൊല്ലം ഉപയോഗിച്ചാല്‍ അര്‍ബ്ബാബ് എനിക്ക് തരും.

 അങ്ങിനെ അങ്ങിനെ ആയിരുന്നു എന്റെ സയ്യാര വിശേഷം.