Wednesday, February 25, 2009

ചെറുനാരങ്ങാ സാദം

അബുദാബിയിലെ “ബിന്ദു കെ പി” യുടെ ബ്ലോഗ് “അടുക്കളത്തളം” എന്ന ബ്ലൊഗ് സന്ദര്‍ശിച്ചപ്പോള്‍ എന്നിലുണ്ടായ വികാരങ്ങള്‍ “കമന്റ്സ്” രൂപത്തില്‍ അവിടെ കുറിച്ചിരുന്നു. എന്റെ ബ്ലോഗിലും കൊടുക്കാമെന്ന് വെച്ചു.
അങ്ങിനെയുള്ള ബിന്ദുവിനുള്ള എന്റെ ഒരു കമന്റാണ് പില്‍ക്കാലത്ത് എന്റെ “സ്മൃതി” എന്ന ബ്ലോഗില്‍ “കാക്കകള്‍ പ്രേതങ്ങള്‍” എന്ന കഥയായി രൂപപ്പെട്ടതും എനിക്ക് ചെറുകഥക്കുള്ള ഒരു പാരിതോഷികം ലയണ്‍സ് ക്ലബ്ബില്‍ നിന്ന് ലഭിച്ചതും...
>>>>>>>
കഴിഞ്ഞ ദിവസം പരിപ്പുവടയെക്കുറിച്ച് പറഞ്ഞ് കൊതി മാറിയില്ലാ ഇത് വരെ.ഇപ്പോ ചെറുനാരങ്ങാ സാദം.ഇത് എളുപ്പമുള്ള വിദ്യയായി തോന്നുന്നു.. ഈ ബീനാമ്മ ഒന്നും ഉണ്ടാക്കി തരുന്നില്ല.പണ്ടവള്‍ക്കെന്നോട് എന്തൊരു സ്നേഹമായിരുന്നു. ഇപ്പോ എനിക്ക് വയസ്സായില്ലേ.. അവള്‍ക്കെന്നെ വേണ്ടാണ്ടായി..വേറൊരു പെണ്ണിനെ കെട്ടാനോള് സമ്മതിക്കുന്നുമില്ലാ...എനിക്ക് ഈ ബ്ലോഗിലും മറ്റും വരുന്നതെല്ലാം തിന്നേണ്ടെ എന്റെ ബിന്ദുകുട്ടീ......
രാക്കമ്മ പണ്ടൊക്കെ കൂടെ കൂടെ വന്നിരുന്നു. ഇപ്പോ ഓള്‍ക്കും നേരമില്ല. മ്മളെ കാര്യം നോക്കാനാരുമില്ല...അബുദാബിയിലായിരുന്നെങ്കില്‍ എന്നാലോചിച്ച് പോകയാണ്. അടുക്കളയില്‍ എന്തെങ്കിലും ബാക്കി ഇരുപ്പുണ്ടെങ്കില് വന്ന് സാപ്പിടാമായിരുന്നു...
ഞാന്‍ പണ്ട് മദിരാശിയില്‍ ഹോട്ടാല്‍ ഇമ്പീരിയലില്‍ റിസപ്ഷനിസ്റ്റ് ആയിരുന്നു. അന്ന് എനിക്കവിടുത്തെ അലാ കാറ്ട്ട് ഫുഡ് ഇഷ്ടമായിരുന്നില്ല. ഞാന്‍ തൊട്ടടുത്ത് എഗ്മൂര്‍ റയില്‍ വേ സ്റ്റഷനില്‍ പോയി തൈര് സാദം കഴിക്കും...\ചിലപ്പോള്‍ അതിന്നടുത്ത് ഉള്ള രാമപ്രസാദ് ഹോട്ടലില്‍ നിന്നും. പണ്ടൊക്കെ കഴിച്ച സാദങ്ങളുടെ മണവും രസവും, എന്റെ ഭൂതകാലത്തെ ഓര്‍മിപ്പിക്കാന്‍ പ്രേരിപ്പിച്ച ബിന്ദുവിന് തൃശ്ശിവപേരൂരില്‍ നിന്നും എല്ലാ ആശംസകളും.........

Tuesday, February 24, 2009

ഇനി ഈ രേഖയെ കാണാന്‍ വരേണ്ട..

ഇനി ഈ രേഖയുടെ അടുത്ത് വരേണ്ടാ…….

രേഖയെന്ന ഡോക്ടര്‍ എന്നും എന്റെ പ്രിയപ്പെട്ടവള്‍. എനിക്കവളേക്കാറും ഏറെ പ്രിയം അവളുടെ മക്കളോടാണ്. രണ്ട് പെണ്‍കുട്ടികള്‍.

ഞാന്‍ എന്നും ഒരു നിത്യ രോഗിയാണല്ലോ. എന്റെ പ്രധാന പ്രശ്നം എന്റെ വയറാണ് മനസ്സറിഞ്ഞ് ഒന്നും തിന്നാന്‍ പറ്റില്ല.

പണ്ടൊക്കെ ഞങ്ങള്‍ക്ക് തീവണ്ടിയാത്ര ധാരാളം ഉണ്ടായിരുന്നു. ഓരോ സ്റ്റേഷന്‍ എത്തുമ്പോഴും ബീനാമ്മയും മക്കളും ഓരോന്ന് വാങ്ങി തിന്നും. തിന്നുന്നവരെ കാണാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ അവര്‍ക്ക് എല്ലാം വാങ്ങിക്കൊടുക്കും. എന്നിട്ട് ഞാന്‍ കൊതിയോടെ അവരെ നോക്കി ഇരിക്കും.

യാത്രാവേളയില്‍ പരിപ്പുവട എവിടെയും കിട്ടുമല്ലോ. ബീനാമ്മക്ക് പരിപ്പുവടയുടെ കൂടെ പൂവന്‍പഴവും വേണം. ഞാനും ഗോപുവും കൂടി കുറച്ച് നാള്‍ മുന്‍പ് തൃശ്ശിവപേരൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെ അടുത്ത് ഇന്റര്‍നെറ്റ് ബ്രോഡ്ബേന്റ് നെറ്റ്വര്‍ക്കിങ്ങ് പ്രശ്നവുമായി സൂപ്പര്‍വിഷന്‍ ചെയ്യുമ്പോള്‍ എനിക്കൊരു ചായ കുടിക്കാന്‍ മോഹം വന്നു.

കാര്യം ആ ഭാഗത്തെ ഫ്രാഞ്ചൈസിയായ മാറ്ട്ടിനോട് പറഞ്ഞു. അയാളെന്നെ പള്ളിമൂലയിലുള്ള വിമ്പീസിലേക്ക് കൂട്ടിക്കൊണ്ടോയി. അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ ആഹരിച്ചോളാന്‍ പറഞ്ഞു. ഞാന്‍ വെറുമൊരു ചായ ഓര്‍ഡര്‍ കൊടുത്തു.

അവര്‍ ചെറു പിള്ളേര്‍ തീറ്റയില്‍ ശ്രദ്ധിച്ചു. ഞാന്‍ ആ റെസ്റ്റോറന്റെ ആകെ കണ്ണോടിച്ചു. നല്ല അദ്ധ്വാന ശീലരായ ജോലിക്കാര്‍. വയസ്സനായ എന്നെ ആദരപൂര്‍വ്വം സ്വീകരിച്ചു.

ചുടു ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ ചില്ലു കൂട്ടിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന പരിപ്പുവടയെ ഞാന്‍ കണ്ടു.. എനിക്ക് കൊതി വന്നു. ഗ്യാസും വയര്‍ സ്തംഭനവും ഒക്കെ വന്നാലും വേണ്ടില്ല. രണ്ടെണ്ണം അകത്താക്കി… ആ എന്തൊരു രസം. ബീനാമ്മക്ക് 6 എണ്ണം പാര്‍സലും വാങ്ങി. വരുന്ന വഴിക്ക് ചേറൂരില്‍ നിന്ന് ഓള്‍ക്ക് ഒരു പടല പൂവന്‍ പഴവും വാങ്ങി…….

ഇതാ കെടക്കണ് ……… റൌണ്ടിലെത്തുമ്പോഴെക്കും എന്റെ നെഞ്ചൊത്തൊരു നീറ്റം പിന്നെ ഒരു വല്ലായ്മയും….
എനിക്കറിയാം പരിപ്പ് വട മുതലായ വറുത്ത് പലഹാരങ്ങള്‍ എന്റെ വയറിന് പിടിക്കുകയില്ലെന്ന്.

വീട്ടില്‍ വന്നിട്ട് പരിപ്പു വടയും പഴവും ബീനാമ്മക്ക് കൊടുത്തു. ഓള്‍ടെ സന്തോഷം പറയാന്‍ വയ്യ.

അയ്യോ ചേട്ടാ ഞാന്‍ ഇപ്പൊ ചോറ് തിന്നേ ഉള്ളൂ… ഇനി 4 മണിക്കുള്ള ചായയുടെ കൂടെ ഇത് അകത്താക്കാം….
ബിനാമ്മക്ക് 4 മണി വരെ കാത്തിരിക്കാനായില്ല. 2 മണി കഴിഞ്ഞ്പ്പോഴേക്കും അവള്‍ 3 വടയും 4 പഴവും സാപ്പിട്ടു.

ഉറങ്ങുന്നതിന്നിടയില്‍ എന്നോട് പറഞ്ഞു.
“അപ്പോ നിങ്ങള്‍ക്ക് എന്നോട് സ്നേഹം ഉണ്ട് അല്ലേ”
“ഉണ്ടെന്ന മട്ടില്‍ ഞാന്‍ തലയാട്ടി”

“എനിക്കവളോട് അത്ര സ്നേഹമൊന്നുമില്ലാ എന്ന് അവള്‍ക്കും എനിക്കും അറിയാം. അത് വേറെ വിഷയം..“

“എനിക്കിഷ്ടപ്പെട്ട പലതും അവള്‍ ഇപ്പോ ഉണ്ടാക്കിത്തരാത്തതിനാല്‍ എനിക്ക് അവളോട് പണ്ടത്തെ സ്നേഹം ഇല്ല “

നമ്മള്‍ കഥയില്‍ നിന്ന് പോയി…..

എന്റെ വയറ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഞാന്‍ പല ഡോക്ടര്‍മാരെയും കണ്ടു. യൂറോപ്പിലും, ഗള്‍ഫിലും, ഇന്ത്യയിലുമായി പലരേയും………..

ജര്‍മ്മനിയിലെ വിശ്വ വിഖ്യാതമായ ഡച്ച് ഡയഗ്നോസ്റ്റിക് ക്ലിനിക്കിലേക്ക് എന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലെ എന്റെ സ്ഥാപന ഉടമ അയച്ചിരുന്നു. അന്ന് എന്റസ്കോപ്പി അവിടെയെല്ലാം വന്ന സമയമായിരുന്നു.. അവിടുത്തെ ഡയഗ്നോസിസനുസരിച്ച് കുറച്ച് കാലം മസ്കത്തിലെ ഡോക്ടര്‍മാരെന്നെ ചികിത്സിച്ചെങ്കിലും, പൂര്‍ണ്ണഫലം കണ്ടില്ലാ…

പിന്നിട് ഞാന്‍ എന്റെ അളിയന്റെ ഭാര്യയായ എന്റെ ബീനാമ്മയുടെ നാത്തൂന്റെ ആയുര്‍വേദ ചികില്‍ത്സയിലായിരുന്നു. കുറച്ച് കാലം ചൂര്‍ണ്ണവും, നെയ്യും, ആസവങ്ങളും കഴിച്ച് ഞാന്‍ തോറ്റു. യാത്രവേളകളില്‍ ഈ മരുന്നുകള്‍ കൊണ്ട് നടക്കുവാനും ഏറെ ബുദ്ധിമുട്ട് തന്നെ…

പേര് കേല്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്ന ഒരു ചൂറ്ണ്ണമാണ് എന്നെക്കൊണ്ട് കഴിപ്പിക്കുക ഷീബ ..


“വൈശ്വാനര ചൂറ്ണ്ണം.”
ഇളം ചുടുവെള്ളത്തില്‍ കലക്കി കുടിക്കണം. ഇത്രയും അരുചിയുള്ള ഒരു പദാര്‍ത്ഥം ഞാന്‍ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടില്ല.. കഴിക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരും…. ഒറ്റയിറക്കിന് ഒരു ഗ്ലാസ്സ് കുടിക്കാനെളുപ്പമല്ല..


അച്ചന്‍ തേവരേ എന്ന് വിളിച്ചു ഒറ്റ് ഇറക്കം…………
എന്നിട്ടും എനിക്ക് പൂരണ്ണ സുഖം കിട്ടിയില്ലാ………

ഒരു ദിവസം ഞാന്‍ ഫ്രാങ്ക്ഫറ്ട്ടില്‍ നിന്നും സൂറിക്കിലേക്ക് കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സ്റ്റേക്കും, പിസ്സയും മറ്റും കഴിച്ച് തോറ്റിരുന്നു.. 4 ദിവസത്തെ ഇടവേളക്ക് ശേഷം എനിക്ക് ഹാനോവറില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ ഹാജരാകേണ്ടതുണ്ടായതിനാല്‍ ബേസ് സ്റ്റേഷനായ ദുബായിലേക്ക് പോയില്ല.. കാരണം എനിക്ക് തിരിച്ചുള്ള യാത്ര ആകെ ശ്രമകരമായിരുന്നു..


പലസ്ഥലങ്ങളിലെ കൂട്ടുകാരെ കാണുന്നതിന്നായി ഞാന്‍ തന്നെ റിട്ടേണ്‍ ജേര്‍ണി… ഫ്രാങ്ക്ഫറ്ട്ട്, ബ്രസ്സത്സ്, അമ്മാന്‍, ബഹറിന്‍, ദുബായ് മുതലായ സ്ഥലങ്ങളില്‍ കൂടിയാക്കിയിരുന്നു… അതിലൂടിയെല്ലാം ചുറ്റിവരുമ്പോഴെക്കും ഞാന്‍ തന്നെ ഇല്ലാതെയാകും….


സ്വിറ്റ്സര്‍ലണ്ടിലെ സ്റ്റാഫ് നഴ്സായ എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചപ്പോളങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ എന്റെ സഹയാത്രികനായ ലെബനീസ് സുഹൃത്ത് സലൈമാനോട് കാര്യം പറഞ്ഞു.

അയാള്‍ പറഞ്ഞു, അങ്ങോട്ട് ഞാന്‍ ഓടിച്ചാല്‍ ഇങ്ങോട്ട് അയാളോടിക്കാമെന്ന്…
കാര്യമൊക്കെ ഫിക്സ് ചെയ്തു.. ഞങ്ങള്‍ “BUDGET RENT A CAR” എടുത്ത് യാത്രയായി…

അവിടെ ഹൈവെയില്‍ നല്ല നല്ല ഫുഡ് കിയോസ്കുകളും, ഇന്നുകളും ഉണ്ട്.. കിയോസ്കുകളില്‍ നല്ല ഹെയിന്‍സ് സൂപ്പും, ഹോട്ട് ഡോഗും, ചില്‍ഡ് ബീറും സുലഭം…

എനിക്ക് കൊതി വന്നു.. ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ് ബീയര്‍. എവിടെയും സുലഭം………….

എന്റെ വയറ് ആകെ നാശമായിരുന്നു.. വിശപ്പുമുണ്ട് നല്ലോണം… ഈ വക സാധനങ്ങളല്ലാതെ ഒന്നും വഴിയില്‍ ഇല്ല… സമയമാണെങ്കില്‍ രാത്രി ഒന്‍പത് കഴിഞ്ഞിരുന്നു.. മഞ്ഞും മഴയുമുള്ള യൂറോപ്യന്‍ കാലാവസ്ഥയില്‍ രാത്രി ഡ്രൈവിങ്ങ് വലിയ പരിചയമില്ലാത്തതിനാല്‍ ദുഷ്കരംതന്നെ..

ഉച്ചക്ക് കഴിച്ച 4 ടോസ്റ്റും വെജിറ്റബിള്‍സും മാത്രമാണ്
എന്റെ വയറ്റിലുണ്ടായിരുന്നത്.. കൂടാതെ ചെറിയ വയറുവേദനയും…
ഹൈവേയിലുള്ള ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു…

എനിക്ക് വയറുവേദനക്ക് കിട്ടിയ മരുന്ന ഗ്ലോക്കോമക്കാരനായവര്‍ക്ക് പറ്റാത്തതായിരുന്നു.. വേറെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ കഴിക്കാവൂ എന്ന് ഡോക്ടറ് നിര്‍ദ്ദേശിച്ചിരുന്നു….

വയറുവേദന അസഹ്യമായതിനാല്‍ ഞാനെന്റെ സഹയാത്രികനോട് വണ്ടിയോടിക്കാന്‍ പറ്റുമോ എന്നാരാഞ്ഞു. അയാളാണെങ്കില്‍ ഉള്ള ബീറെല്ലാം കുടിച്ച് നാല് വീലിലായി കിടക്കുകയായിരുന്നു..

നാട്ടിലുള്ള ഡോക്ടര്‍ രേഖയെ വിളിച്ചു… ബുസ്കോപ്പന്‍ കഴിക്കാന്‍ പാടില്ല.. വേദന സഹിക്കാന്‍ പറഞ്ഞു.. കോളിനോള്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും, ജര്‍മ്മനിയില്‍ മരുന്നിന്റെ കോമ്പോസിഷന്‍ കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് മരുന്ന് കണ്ട് പിടിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞതിനാല്‍ വയറ് വേദനിച്ചും കൊണ്ട് ഓടിച്ചു….


തീരെ നിവൃത്തിയില്ലാത്ത അന്ത:രീക്ഷമായതിനാല്‍ വഴിയിലുള്ള ഒരു ഇന്നില്‍ അന്നത്തെ രാത്രി കഴിച്ചുകൂട്ടി….

ഫ്രങ്കഫറ്ട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ ഭാഷ മാത്രം സംസാരിക്കുന്ന ഇന്നിന്റെ ഉടമസ്ഥരായ ദമ്പതിമാരോട് എനിക്ക് വൈദ്യസഹായം ലഭിക്കാനും, എന്റെ വയറിന് പറ്റാവുന്ന ഭഷണത്തിന്റെ റെസീപ്പി പറഞ്ഞു കൊടുത്ത് എന്നെ ദുരിതത്തില് രക്ഷിക്കണമെന്നും അപേക്ഷിച്ചു….


ഞാന്‍ വീണ്ടും നാട്ടിലുള്ള എന്റെ ഡോക്ടറുമായി ബന്ധപ്പെട്ടുവെങ്കിലും എനിക്കവരെ കിട്ടിയില്ല… ഇന്ത്യയിലേക്ക് എവിടെക്കും കണ്‍ക്ഷന്‍ ലഭിച്ചില്ല..


ഞാന്‍ ഇംഗ്ലണ്ടിലുള്ള ഡോക്ടറ് ആനന്ദയെ വിളിച്ചു. കാര്യം പറഞ്ഞു. അവര്‍ ഫ്രാങ്ക്ഫറ്ട്ട് ഹൈവേ പോലീസുമായി ബന്ധപ്പെട്ട് എനിക്ക് 2 മണിക്കൂറില്‍ വൈദ്യസഹായം കിട്ടിയിരുന്നു.


ഞാന്‍ കൂട്ടുകാരനോടൊപ്പം പിറ്റേ ദിവസവും കൂടി റോഡരികിലുള്ള ഇന്നില്‍ താമസിച്ചു.. എനിക്ക് സംഭവിച്ച പ്രശ്നങ്ങളോക്കെ അയാളറിയുന്നത് പിറ്റേ ദിവസമാണ്.. രണ്ട് പേറ് കൂടി താങ്ങിയെടുത്തായിരുന്നത്രെ അയാളെ ഇന്നിലേക്ക് കൊണ്ട് വന്നത്.. ലഹരിയിലായിരുന്നു അയാള്‍….


യൂറോപ്പില്‍ റെന്റെ എ കാറ് എടുത്താല്‍ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാമെന്ന സൌകര്യം ഉണ്ട്.. അതായത് ഫ്രഞ്ചൈസിയുടെ ഓഫീസിലാകണമെന്ന് മാത്രം. സൂറിക്കിലെ ബഡ്ജറ്റ് റെന്റെ എ കാറ് ഓഫീസില്‍ ഞാന്‍ വണ്ടി ഉപേക്ഷിച്ചു….


സലൈമാന്‍ നേരെ ബെയ് റൂട്ടിലേക്കും, ഞാന് നേരെ തിരുവനന്തപുരത്തേക്കും പറന്നു….


“നാട്ടിലെത്തി ഒരു ക്ഷമാപണത്തോടെ ഡോക്ടറ് രേഖയോട് ചികിത്സക്ക് വേണ്ടി പോയി………”

“ക്ഷുഭിതയായ രേഖ”…….

ഞാന്‍ പറഞ്ഞപോലെ ഭക്ഷണവും മരുന്നും കഴിക്കാത്ത ആള്‍ എന്നെ കാണാന്‍ വരാന്‍ പാടില്ലാ എന്ന് പറഞ്ഞു വാതില്‍ കൊട്ടിയടച്ചു………

“എനെ വയറ് സംബ്ന്ധമായ അസുഖങ്ങളോക്കെ എന്നെന്നേക്കുമായി സുഖപ്പെടുത്തിത്തന്ന ഡോക്ടറാണ് രേഖ എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി”…………


ഒരു ഡയറ്റീഷ്യനെ പോലെ ഫുഡ് കണ്ട്രോളുകള്‍ നിര്‍ദ്ദേശിക്കും, മദ്യപാനം എപ്പോഴൊക്കെ ആകാം… നിവൃത്തിയില്ലെങ്കില്‍ മാത്രം ഏതൊക്കെയെന്നും, ഏതൊക്കെ ബ്രാന്ഡെന്നും എല്ലാം പറയും രേഖ….

മൊത്തത്തില്‍ മദ്യപാനം ഉപേക്ഷിക്കാനെന്നോട് പറഞ്ഞു.. ഒക്കേഷനല്‍ ഡ്രിങ്കറായ എനിക്ക് വലിയ റെസ്റ്റ്രിക്ഷനില്ലായിരുന്നു…


ഈ പറഞ്ഞെതെല്ലാം ഞാന്‍ തെറ്റിച്ചു.. ഇനി മരുന്ന് കൊണ്ട് വേണം എല്ലാം സ്റ്റബിലൈസ് ചെയ്ത് കിട്ടാന്‍. അതിന് രേഖ തന്നെ ശരണം. വേറെ ഒരു ഡോക്ടറ്ക്കും എന്നെ ശരിപ്പെടുത്താനാവില്ല….


ഞാന്‍ അവരുടെ ഉമ്മറത്തിരുന്നു ഒരു മണിക്കൂറോളം….


‘എന്താ അപ്പൂപ്പാ വീട്ടീ പോകാതെ ഇരിക്കുന്നത് ? ‘
രേഖയുടെ ഇളയ പെണ്‍കുട്ടിയെ കണ്ട് ഞാനെണീറ്റു

“അപ്പൂപ്പന് വയ്യാ മോളെ…..”
“ഞാനമ്മെനേ വിളിക്കണോ……… അപ്പൂപ്പന്‍ അകത്തേക്ക് കേറി ഇരിക്ക്………..’


“ 4 വയസ്സായെ ഉള്ളുവെങ്കിലും കാര്യപ്രാപ്തിയുള്ള പെണ്‍കുട്ടീ……….”

‘കുട്ടിയുടെ സമ്മര്‍ദത്തിന് വഴങ്ങി രേഖ സ്വീകരണമുറിയിലെത്തി. എന്നെ ശകാ‍രവര്‍ഷം ചൊരിഞ്ഞു വീണ്ടും……..’


“എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ… എനിക്കീ രോഗത്തില് നിന്ന് മുക്തി വേണം………”


“ഞാനെന്തെല്ലാം റിസര്‍ച്ചുകളും മറ്റും ചെയ്തിട്ടാ രോഗനിര്‍ണ്ണയം ചെയ്തത്……. എന്നിട്ട് തോന്ന്യാസം കാണിച്ച് വയറെല്ലാം നാശമാക്കി വന്നിരിക്കുന്നു”……..


“എന്റെ പ്രോഫഷനെ ബഹുമാനിക്കാത്ത ഒരു രോഗിയേയും എനിക്ക് കാണേണ്ട………..”


“അമ്മേ അപ്പൂപ്പന് മരുന്ന് കൊടുക്കൂ……………”
‘പോടീ‍ അകത്ത് ……. കുട്ടിയോട് ആക്രോശിച്ചു……….. തള്ള………”


‘പിന്നെ ജെ പി അങ്കിളേ………….. ഞാന്‍ അങ്കിളിനെ ഇത് വരെ ചികിത്സിച്ചത് എന്റെ പ്രൊഫഷണല്‍ ഇന്ററസ്റ്റുകൊണ്ടാണ്.’
ആ എന്നെ വെറും പുല്ലു പോലെ കരുതിയാല്‍ എനിക്കിങ്ങനെ പ്രതികരിക്കേണ്ടി വരും……………


“ഇനി ഈ രേഖയുടെ അടുത്ത് വരേണ്ട ചികിത്സ നേടാന്‍…..”

ഡോക്ടറ് നിര്‍ദ്ദേശിക്കുന്ന പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുന്ന രോഗികളെയെ ഈ രേഖ നോക്കൂ………….”


“യാതൊരു പ്രതിഫലവുമില്ലാതെ എന്നെ പരിചരിക്കുന്നയാളാ രേഖ……..”


‘രേഖ വീണ്ടും എനിക്ക് വൈദ്യ സഹായം തന്നു………..”


‘ഞാന്‍ ആരോഗ്യവാനായി എല്ലാം കൊണ്ടും ഇപ്പോള്‍….’
‘എന്റെ ഓണ്‍ലൈന്‍ ഡോക്ടറുടെ ക്ഷേമത്തിനും, ദീര്‍ഘായുസ്സിന്നും വേണ്ടി ഞാനെന്നും അച്ചന്‍ തേവരോട് പ്രാര്‍ഥിക്കുന്നു………’

+++++++++++++

Saturday, February 21, 2009

പഞ്ചഗവ്യം


ഇന്ന് അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി തുടക്കം ആയിരുന്നു. ഇനി നാളെ 22 ഉം മറ്റന്നാള്‍ 23നും ഉണ്ട്.. 23നാണ് പ്രധാനം. എല്ലാ ദിവസവും രുദ്രാഭിഷേകം ഉണ്ട്..
ശിവ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ശ്രീ രുദ്രം.
ആചാര്യന്മാര് രുദ്രം ചൊല്ലിയതിന് ശേഷമുള്ള ദ്രവ്യങ്ങള്‍ അഭിഷേകം ചെയ്യുന്നു. പത്തോ പതിനൊന്നോ ദ്രവ്യങ്ങളുണ്ട്. കൃത്യമായ വിവരം പിന്നീട് പറയാം…
അഭിഷേകത്തിന് ശേഷം എല്ലാവര്‍ക്കും എല്ലാ ദ്രവ്യങ്ങളും പ്രസാദമായി തരും. പഞ്ചഗവ്യം, ഇളനീര്‍, കരിമ്പ്, തൈര്‍, പാല്‍, പഞ്ചാമൃത്, ചെറുനാരങ്ങനീര്‍ മുതലായ ദ്രവ്യങ്ങളാണ് അഭിഷേകം ചെയ്യുക…


രുദ്രാഭിഷേകത്തിന് ശീട്ടാക്കിയിട്ടുള്ളവര്‍ 5 മണിക്ക് തന്നെ ക്ഷേത്രത്തിന്നകത്ത് കുളിച്ച് ശുദ്ധമായി എത്തിയിരിക്കണം..
ആചാര്യന്‍ സങ്കല്പം പറഞ്ഞു കൊടുക്കുമ്പോള്‍ ഏറ്റ് ചൊല്ലണം.. പിന്നീട് രുദ്രാഭിഷേകത്തിനുള്ള മന്ത്രങ്ങള്‍ ഉരുവിടുന്ന ആചാര്യന്മാരുടെ അടുത്തിരിക്കാം.
അഭിഷേകം കഴിഞ്ഞ് ദ്രവ്യങ്ങള്‍ ഭക്തര്‍ക്ക് പ്രസാദമായി കൊടുക്കുന്നുവെന്ന് മുകളില്‍ പറഞ്ഞുവല്ലോ..
പ്രസിഡണ്ടായ ഞാന്‍ ഏറ്റവും അവസാനമാണ് എല്ലാം കഴിക്കാറ്.. അതിഥി ദേവോ ഭവ: എന്നാണല്ലോ പ്രമാണം..
നിര നിരയായി വെച്ചിട്ടുള്ള ദ്രവ്യങ്ങള്‍ ഓരോന്നായി രുചിക്കണം.. ആദ്യമായി രുദ്രാഭിഷേക ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ക്കും, ചിലപ്പോള്‍ പഴമാര്‍ക്കും ഈ ദ്രവ്യങ്ങളുടെ കാര്യത്തില്‍ പിടിപാടുണ്ടാവില്ല..

വര്‍ഷങ്ങളായി അഭിഷേകത്തില്‍ പങ്കെടുക്കുന്ന എനിക്ക് പോലും പലതും ഇപ്പോഴും അറിയില്ലാ എന്നാതാണതിന്റെ പൊരുള്‍...
എല്ലാവരും കഴിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം, മിച്ചം എന്തെങ്കിലും ഉണ്ടെങ്കില്‍ സേവിക്കാം എന്ന് കരുതി ഞാന്‍ അങ്ങോട്ടെക്ക് ചെന്നു..
ഒരു പാത്രത്തില്‍ നിറയെ ദ്രവ്യം കണ്ടു.. മറ്റു പല പാത്രങ്ങളും കാലിയായ പോലെയും...
ഞാന്‍ ധാരാളം ഉള്ള പാത്രത്തിലെ ദ്രവ്യം നല്ലവണ്ണം അകത്താക്കി.. സാധാരണ ഞാന്‍ അത് അറിഞ്ഞുകൊണ്ട് കഴിക്കാറില്ല.. ഇത്തവണ അതിനുള്ള ശിക്ഷ എനിക്ക് അച്ചന്‍ തേവര്‍ തന്നു....
ഞാന്‍ കഴിച്ചത് പഞ്ചഗവ്യമായിരുന്നു...
“എന്താണീ പഞ്ചഗവ്യം എന്നറിയാമോ?.......”
“ഗോമൂത്രം, ചാണകം മുതലായ അഞ്ചു ദ്രവ്യങ്ങളുടെ കൂട്ടാണെന്നാണെന്റെ അറിവ്. പശുവില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ദ്രവ്യം”
കഴിക്കാന്‍ അത്ര രുചിയുള്ളതല്ല ഈ ദ്രവ്യം... പിന്നീട് ബാക്കി എല്ലാ ദ്രവ്യങ്ങളും കഴിച്ചു....
അങ്ങിനെ ഞാന്‍ പഞ്ചഗവ്യം കഴിക്കാതെ എല്ലാ പരിപാടികളിലും രക്ഷപ്പെടുമായിരുന്ന എന്നെ ഇത്തവണ തേവര്‍ ശരിക്കും പിടിച്ചു....
“എന്താണീ പഞ്ചഗവ്യത്തിന്റെ പ്രത്യേകത...“

“ആചാര്യംന്മാരിലൊരാളായ ഗണപതി സ്വാമിയോട് ഞാന്‍ ചോദിച്ചു....”
“താന്‍ ധാരാളം കഴിച്ചത് നന്നായി.... അതിന് പല സൈന്റിഫിക് ആന്റ് മെഡിസിനല്‍ വാല്യൂസ് ഉണ്ട്....”
“എന്നും ഇതൊക്കെ കഴിക്കാറുള്ള മുനിമാരുണ്ടായിരുന്നു പണ്ട് “
ഇനി നാളെയും, മറ്റന്നാളും ശിവരാത്രി ഉത്സവത്തിന് ഈ ദ്രവ്യങ്ങള്‍ സേവിക്കണമെന്നും പറഞ്ഞു..........
ദീപാരാധനക്ക് ശേഷം ഭക്ത ജനങ്ങള്‍ അമ്പലപരിസരത്ത് തിങ്ങി നിറഞ്ഞു.. തൃപ്പുകക്ക് ശേഷം എല്ലാവര്‍ക്കും പ്രത്യേകം നിവേദിച്ച പായസം കഴിക്കുവാനും, വീട്ടിലേക്ക് കൊണ്ട് പോകാനും കൊടുത്തു.....
അങ്ങിനെ ഇന്നെത്തെ വിശേഷം അവസാനിച്ചു....
8 മണിയായപ്പോഴെക്കും, ഞാനും, സെക്രട്ടറി ഉണ്ണ്യേട്ടനും, ട്രഷറര്‍ ദാസേട്ടനും, കാര്യക്കാരന്‍ സുകുമാരേട്ടനും മാത്രമായി.... ഞാന്‍ വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു...
ഡോക്ടര്‍ രേഖക്കുള്ള പ്രസാദം വീട്ടിലെത്തിക്കേണ്ടതിനാലാണ് ഞാന്‍ വേഗം പോയത്...
എന്റെ ONLINE ഡോക്ടറാണ് രേഖ.... രേഖയെ പിന്നീട് പരിചയപ്പെടുത്താം.....

Friday, February 20, 2009

TRICHUR BLOG CLUB

തൃശ്ശിവപേരൂര്‍ ആസ്ഥാനമാക്കി ഒരു ബ്ലോഗ് ക്ലബ്ബ് തുടങ്ങാനാഗ്രഹിച്ചിട്ട് കുറേ നാളുകളായി.. സാധിച്ചില്ല.
കൂടുതല്‍ വിവരങ്ങളുമായി... അടുത്ത് തന്നെ നമുക്ക് കാണാം..........
മാസത്തിലൊരിക്കല്‍ എല്ലാവരും ഇവിടെ കൂടുക...... ആശയവിനിമയം ചെയ്യുക നേരില്‍..... സൌഹൃദം പങ്കിടുക.......
അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാവുന്നതാണ്....

സ്നേഹത്തോടെ ജെ പി..........

Monday, February 9, 2009

ആനന്ദയെവിടെ? ഉണ്ണിയെ കണ്ടില്ലല്ലോ??

നാരായണേട്ടനെ പ്രോസ്ട്രേറ്റ് പ്രശ്നങ്ങളുമായുള്ള ഒരു ഓപറേഷന് വിധേയമാക്കിയ ശേഷം ബന്ധുക്കള്‍ ഓപറേഷന്‍ തിയേറ്ററിനുമുന്‍പില്‍ തമ്പടിച്ച് നില്‍ക്കയായിരുന്നു.... ഞാനും എന്റെ ശ്രീമതിയും തറവാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ കയറി.. എനിക്ക് കുന്നംകുളവും കഴിഞ്ഞ് പിന്നെയും കുറച്ച് ദൂരം കൂടി വാഹനം ഓടിക്കേണ്ടതിനാലും, രാത്രി ഡ്രൈവിങ്ങ് അല്പം ബുദ്ധിമുട്ടുള്ളതിനാലും ഞങ്ങള്‍ക്ക് നാരായണേട്ടനെ കാണാനായില്ല....
ഞങ്ങള്‍ക്ക് പിന്നിടറിയാന്‍ കഴിഞ്ഞു, ഓപറേഷന്‍ തിയേറ്ററില്‍ നിന്ന് റൂമിലേക്ക് കൊണ്ട് വന്ന നാരായണേട്ടന്, അനസ്തേഷ്യയുടെ മയക്കത്തില്‍ നിന്ന് പൂര്‍ണ്ണ മോചനം വന്നിട്ടില്ലെങ്കിലും...
നാരായണേട്ടന്‍ ആരാഞ്ഞത്രെ...
“ആനന്ദയെവിടെ?...... ഉണ്ണിയെ കണ്ടില്ലല്ലോ?.... അവനോട് പറയ് വേഗം തന്നെ ഓപറേഷന്‍ ചെയ്തോളാന്‍”
“അതും പറഞ്ഞ് നാരായണേട്ടന്‍ വീണ്ടും മയക്കത്തിലായി”

ആരാണീ നാരായണേട്ടന്‍...... എന്റെ കോബ്രാ....അതായത് എന്റെ ശ്രീമതിയുടെ ജേഷ്ടത്തിയുടെ ഭര്‍ത്താവ്....
അപ്പോ ആരാ ഈ ആനന്ദ....... എന്റെ രണ്ടാം ഭാര്യയാ ആനന്ദ!!!
ആദ്യത്തെ ആളെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ... ബീനാമ്മ.......
നാരായണേട്ടന്‍ എന്നെപ്പോലെ റിട്ടയര്‍മെന്റ് ലൈഫിലാ.. പക്ഷെ ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നു... നാരായണേട്ടന്‍ കൃഷിയും, പിന്നെ സാഹായ് ഹ്നത്തിലുള്ള ചീട്ട് കളിയുമായി ശിഷ്ടജീവിതം നയിക്കുന്നു...
അവരുടെ ഇംഗ്ലണ്ടിലുള്ള മകന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അവര്‍ക്ക് അവരുടെ തറവാട്ടായ ആലപ്പാട് തന്നെ തറവാട് പുതുക്കിപ്പണിതു അവിടെ സ്ഥിരതാമസമാക്കേണ്ടി വന്നു...
മക്കളൊക്കെ ഇംഗ്ലണ്ടിലും, മറ്റുമായി സുഖജീവിതം നയിക്കുന്നു... അവരുടെ അഛനമ്മമാര്‍ നാട്ടിന്‍പുറത്ത് സുഖക്കേടും മറ്റുമായി കഴിയുന്നു.. പെട്ടെന്ന് ഒരസുഖം വന്നാല്‍ 15 കിലോമീറ്ററുള്ള തൃശ്ശൂരിലെത്തിപ്പെടണം.. സാമ്പത്തിക ഭദ്രതയുണ്ടായിട്ടും അവര്‍ക്ക് നാട്ടിന്‍പുറത്ത് ഒതുങ്ങിക്കൂടേണ്ടി വരുന്നത് തികച്ചും ദയനീയം... ഒരു മകളുള്ളത് പട്ടണത്തില്‍ ആണ് താമസം.. അവളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുതലായ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ അവള്‍ക്ക് രക്ഷിതാക്കളെ പരിചരിക്കാന്‍ എപ്പോഴും നാട്ടിന്‍ പുറത്ത് പോയി നില്‍ക്കാനാവില്ലല്ലോ...
നാട്ടിന്‍പുറത്ത് തന്നെ നില്‍ക്കാന്‍ നിര്‍ബ്ബന്ധിതരായ അവര്‍ക്ക് ഇപ്പോള്‍ തൃശ്ശൂര്‍ പട്ടണത്തിലേക്ക് ചേക്കേറിയാലോ എന്ന ആലോചന ഉണ്ടാകാതില്ല... പക്ഷെ പെട്ടെന്നൊരു പറിച്ചുനടല്‍ ഒരു പക്ഷെ അവര്‍ക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരും....
അവരുടെ നേര്‍ അനുജത്തിയായ എന്റെ ശ്രീമതിയും, ഇളയ അനുജത്തിയും, ജേഷ്ടത്തിയും, അനുജനും തൃശ്ശൂര്‍ പട്ടണത്തില്‍ സ്ഥിരതാമസക്കാരാണ്... പിന്നെ മകളും, മകളുടെ ഭര്‍ത്താവിന്റെ രക്ഷിതാക്കളും.. അവര്‍ക്ക് ശിഷ്ടകാലം അനുയോജ്യമായത് തൃശ്ശൂര്‍ പട്ടണം തന്നെ... സംശയമില്ല....
+++
ഞാനിന്ന് നാരായണേട്ടന്റെ സുഖവിവരം അന്വേഷിക്കാന്‍ ആശുപത്രിയിലെത്തി.. തത്സമയം അവിടെ അവരുടെ മകളും, പേരക്കുട്ടികളും, മകളുടെ അമ്മായിയപ്പനും സന്നിഹിതരായിരുന്നു...
എനിക്കും നാരായണേട്ടന്റെ അസുഖം ഉള്ളതിനാല്‍, നാരായണേട്ടന്‍ പറഞ്ഞു വേഗം തന്നെ ഓപറേഷന്‍ ചെയ്തോളാന്‍...
‘ഞാന്‍ എലൈറ്റ് ഹോസ്പിറ്റലില്‍ ഡോക്ടറെ കണ്ടു.. സ്കാനിങ്ങ് മുതലായ കാര്യങ്ങള്‍ ചെയതതിന് ശേഷം ഡോക്ടര്‍ വിലയിരുത്തിയിട്ട് പറഞ്ഞു, കുറച്ച് എന്‍ലാര്‍ജ്മെന്റ് ഉണ്ട്.. ഒരു മാസം മരുന്ന് കഴിച്ച് വിവരം പറയാന്‍... പിന്നെ രോഗിക്ക് ഡോക്ടറോട് ചോദിക്കാന്‍ പറ്റില്ലല്ലോ എന്താ ഓപറേഷന്‍ ചെയ്യാത്തതെന്ന്.. അതൊക്കെ തീരുമാനിക്കേണ്ടത് അവരല്ലേ...
അങ്ങിനെ പലകുശലങ്ങളും പറഞ്ഞു ഞാന്‍ കുറച്ച് സമയം തള്ളിനീക്കി... കൊക്കാല ഇന്‍ & ഔട്ട് സ്റ്റോറില്‍ നിന്ന് വാങ്ങിയ കുറച്ച് പേസ്ട്രീസ് ഞാന്‍ റീനക്ക് സമ്മാനിച്ചു... നാരായണേട്ടന്റെ മകളാണ് റീന.. അവള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍...
താഴെയുള്ള പെണ്‍കുട്ടിക്ക് കുരങ്ങന്മാരുടെ സ്വഭാവമുണ്ടെന്ന് നാരായണേട്ടന്‍ പറഞ്ഞുവെങ്കിലും, എന്ത് സാദൃശ്യമാണെന്ന് ചോദിച്ചറിയും മുന്‍പെ ആ പെണ്‍കുട്ടി വിലക്കി.... ആരും എന്നെ പറ്റി പറയുംകയും വേണ്ട ആരും കേള്‍ക്കുകയും വേണ്ട....
അതിന്നിടക്ക് എന്റെ കഥയെഴുത്തിനെപറ്റി ചര്‍ച്ച വന്നു അവിടെ... പക്ഷെ ആരും കഥ വായിച്ചിട്ടില്ലത്രെ.........
അവരില്‍ ആരൊ പറഞ്ഞു “റീത്തച്ചേച്ചി” എന്ന കഥയെപ്പറ്റി.. അപ്പോഴെക്കും ഈ കുരങ്ങ്പെണ്‍കുട്ടിക്ക് കഥ കേള്‍ക്കണം....
എന്നെ വിടുന്ന മട്ടില്ലാ എന്ന് കണ്ടപ്പോള്‍ ഞാന്‍ കഥയിലേക്ക് തിരിഞ്ഞു...
ഏതാണ്ട് കഥയുടെ ഒരു ഔട്ട് ലൈന്‍ പറഞ്ഞു. പിന്നെ അവള്‍ക്കറിയണം എന്താണീ ബ്ലോഗ്, അതിന്റെ പ്രസന്റേഷന്‍, മുതലായവ...
ഇത് കാനഡയിലുള്ള എന്റെ സുഹൃത്ത് ജോജിചേച്ചിയും, ലണ്ടനിലുള്ള എന്റെ സുഹൃത്ത് ലക്ഷിയും, പിന്നെ ഇംഗ്ലണ്ടിലുള്ള അവളുടെ അമ്മാമനും മറ്റും വായിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആ കുരുന്നു ഹൃദയത്തിന്റെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു...
ഞാന്‍ ആ കുരങ്ങിനോടോതി.... എന്റെ ഇന്നെത്തെ പുതിയ പോസ്റ്റില്‍ ഇവിടെ പറഞ്ഞതെല്ലാം ഉണ്ടാകുമെന്ന്... അപ്പോള്‍ അവള്‍ പറഞ്ഞു, അച്ചാച്ചന്‍ പറഞ്ഞ കുരങ്ങിന്റെ കുസൃതിയെപറ്റിയൊന്നും ബ്ലോഗില്‍ എഴുതിയേക്കല്ലേ എന്ന്...
അതൊക്കെ അല്പം നര്‍മ്മ രസത്തോട് കൂടി അവതരിപ്പിക്കാമെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും അവള്‍ക്ക് രസിച്ചില്ല... എന്നെ കൊല്ലുമെന്നെല്ലാം പറഞ്ഞു, എന്റെ ആ സാഹസത്തില്‍ നിന്നെന്നെ വിലക്കി....
++++
പിന്നെ അവള്‍ പറഞ്ഞു അവളുടെ “മൈ മദര്‍” എന്ന കവിതയെപറ്റി...
‘എന്നാ ആ കവിതയിങ്ങ് തന്നോളൂ മോളെ, ഉണ്ണി അച്ചാച്ചന്‍ അത് എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം...
“അതിനിടക്ക് ഈ പെണ്‍കുട്ടി എനിക്ക് ബ്ലോഗ് പബ്ലിക്കേഷനില്‍ നിന്ന് കിട്ടുന്ന പ്രതിഫലത്തെപറ്റിയും, ഗിഫ്റ്റുകളെപറ്റിയും മനസ്സിലാക്കിയിരുന്നു.“
“അപ്പോ അച്ചാച്ചന്‍ അച്ചാച്ചന്റെ ബ്ലോഗില്‍ എന്റെ കവിത പ്രസിദ്ധീകരിച്ചോളൊ, പക്ഷെ ഗിഫ്റ്റുകളൊക്കെ എനിക്ക് തരണം..”
ഓ ശരി.. ഞാന്‍ ഏറ്റു....
എന്നാല്‍ കവിത ചൊല്ലിത്തന്നോളൂ..... ഞാന്‍ റെക്കോറ്ഡ് ചെയ്തോളാം..........
‘പക്ഷെ അമ്പരപ്പില്‍ അവള്‍ക്ക് പാടാനായില്ല”
‘എനിക്ക് ഉടന്‍ തന്നെ കവിത അയക്കാമെന്ന് അവള്‍ ഉറപ്പ് നല്‍കി...
അപ്പോ കുരങ്ങുകുട്ടീ, ഇപ്പോ നിന്നോട് പറഞ്ഞതും, നീ എന്നോട് പറഞ്ഞതുമെല്ലാം ഔര്‍ പോസ്റ്റാക്കി ഇന്ന് രത്രി തന്നെ ഞാന്‍ ബ്ലോഗില്‍ പബ്ലീഷ് ചെയ്യും...
പിന്നെ ഇവിടെ നിന്നെടുത്ത് ഫോട്ടോകളില്‍ ചിലതും അതിലിടും.. അപ്പോള്‍ നിന്റെ ഇംഗ്ലണ്ടാമമനും ഇത് കാണാം....
കുരങ്ങ് കുട്ടിക്ക് സന്തോഷമായി...
കുരങ്ങുകുട്ടിയുടെ പേര് എനിക്കൊര്‍മ്മയില്ല... മൂത്തത് പാവമാ... അങ്ങിനെ ആരോടും മിണ്ടില്ലാ........... അവളുടെ പേര് പൊന്നു എന്നാ തോന്നണെ...അപ്പോ ഇതിന്റെ പേര് ചിന്നുവെന്നാണോ എന്നൊരു സംശയം..
എനിക്ക് അല്പം മറവിയുണ്ടോ എന്നൊരു സംശയം.. പേരുകളൊന്നും മനസ്സില്‍ നില്‍ക്കുന്നില്ല...
ഞാന്‍ എങ്ങിനെ കഥാകൃത്തായതെന്നെല്ലാം ഞാനവര്‍ക്ക് വിശദമായിക്കൊടുത്തു...
“ഇതെല്ലാം കേട്ട കുട്ടികളുടെ അമ്മക്കും, കഥയെഴുതിയാലോ എന്ന തോന്നലുണ്ടാക്കി”....
സമയം ആറരയോടടുത്ത് തുടങ്ങിയതിനാലും, അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രസിഡണ്ട് പദവിയുള്ളതിനാലും, ഞാന്‍ യാത്രയായി............


Saturday, February 7, 2009

ശീമോനെ ഈ ഉണ്ണീനെ നമ്മള്‍ടെ കൂട്ടത്തീ കൂട്ടാന്‍ പറ്റില്ലാ...

ഞാനെന്റെ ചില പഴയകാല ഓര്‍മ്മകള്‍ ഇവിടെ പങ്കുവെക്കുകയാണ്..
ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ബാലേട്ടന്റെ [അന്തരിച്ച കഥാകൃത്ത് സി. വി. ശ്രീരാമന്‍] വീട്ടില്‍ ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എന്റെ കൂടെ എന്റെ ശ്രീമതി ബീനയും, മക്കളായ ജയേഷും, രാഖിയും ഉണ്ടായിരുന്നു.
ഞങ്ങള്‍ സി. വി. ശ്രിരാമനെ ബാലേട്ടനെന്നാ വിളിക്കുക.. വീട്ടില്‍ എല്ലാരും ആ പേരില്‍ തന്നെയാ വിളി.. എന്റെ വലിയമ്മയുടെ മകനാണ് ബാലേട്ടന്‍. എന്റെയും ബാലേട്ടന്റെയും ബാല്യം കുറച്ച് നാള്‍ കൊളംബോയില്‍ [ഇപ്പോഴെത്തെ ശ്രീലങ്കയുടെ തലസ്ഥാനം] ഉണ്ടായിരുന്നു.. എനിക്ക് അപ്പോള്‍ ബാലേട്ടനെ ഓര്‍മ്മയുണ്ടായിരുന്നില്ല..
ബാലേട്ടന്റെ അഛന്‍ അവിടെ റെയില്‍ വേയിലായിരുന്നു.. എന്റ് അഛന്‍ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മേനേജരായിരുന്നു. സിങ്കപ്പൂര്‍, സിഡ്നി, മദിരാ‍ശി എന്നിവടങ്ങളില്‍ ശാഖകളുണ്ടായിരുന്ന ഒരു വലിയ ഗ്രൂപ്പ ആയിരുന്നു അന്ന് ബുഹാരി ഹോട്ടത്സ്. ബുഹാരി ബിരിയാണി ഒരു കാലത്ത് ലോകമെമ്പാടും വളരെ പ്രസിദ്ധമായിരുന്നു...

ബാലേട്ടന്റെ വീട് എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ നിന്ന് ഏകദേശം 10 നാഴിക ദൂരെയാണ്. ഒട്ടും പരിഷ്കാരമില്ലാത്ത നാടായിരുന്നു എന്റെ ഗ്രാമമായ ചെറുവത്താനിയും, ബാലേട്ടന്റെ സ്ഥലമായ കൊങ്ങണൂരും.
കാലത്ത് തന്നെ ഞാനും കുടുംബവും, എന്റെ അമ്മയോടും അനുജന്‍ ശ്രീരാമനോടുമൊത്ത് [സിനിമാ നടന്‍ വി. കെ. ശ്രീരാമന്‍] ബാലേട്ടന്റെ വീട്ടിലെത്തിയിരുന്നു..
ബാലേട്ടന്‍ എന്റെ അമ്മയെ ഭാര്‍ഗ്ഗവി ചെറിയമ്മ എന്നാണ് വിളിച്ച് പോരുന്നത്.. ബാലേട്ടന്റെ ഞങ്ങള്‍ക്ക് എന്നും ഒരു ഹരമായിരുന്നു... പല പല കഥകള്‍ കേട്ട് സമയം പോകണത് അറിയില്ല..
ഞാന്‍ എന്റെ ചെറുപ്പത്തില്‍ [ 15 വയസ്സ് വരെ] ബാലേട്ടന്റെ വീട്ടില്‍ പല കാര്യങ്ങള്‍ക്കായി പോകുക പതിവുണ്ട്..
ബാ‍ലേട്ടന്റെ വീട്ടിലേക്ക് രണ്ട് വഴിയില്‍ കൂടി വരാം. ഒന്ന് പാറേമ്പാടം കഴിഞ്ഞ് അഗതിയൂര്‍ കമ്പിപ്പാലം ബസ്സിറങ്ങി, പാടത്ത് കൂടി നടന്ന് പടിപ്പുരയില്‍ കൂടി, കവുങ്ങും തോപ്പില്‍ കൂടി വീട്ടിലെത്താം. പടിപ്പുര കടന്നാല്‍ കാട് പോലെയുള്ള പ്രതീതിയാ. എനിക്കെപ്പോഴും പേടിയാ ആ വഴി വരാന്‍.. ഞാന്‍ ശ്വാസം പിടിച്ച് പടിപ്പുര കടന്നാല്‍ വീട് വരെ ഒറ്റ ഓട്ടമാ....
വീട്ടിലെത്തിയാലും സ്ഥിതി മറിച്ചൊന്നുമല്ല.. മനപോലെയുള്ള 3 നില കൂറ്റന്‍ കെട്ടിടം. അതിന്റെ വടക്കെപ്പുറത്തായിരിക്കും വലിയമ്മ എപ്പോഴും ഇരിക്കുക. അന്ന് ഈ സ്ഥലത്ത് ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല... തെക്കെപ്പുറത്ത് നിന്ന് കൂക്കിയാലും വലിയമ്മ ഇരിക്കുന്നിടത്തെക്ക് കേക്കില്ല.. അപ്പോള്‍ ഞാന്‍ വീട്ടിനുള്ളില്‍ കൂടെ കയറിപ്പോയി വലിയമ്മയെ അന്വേഷിക്കണം.. ചിലപ്പോ വടക്കെപ്പുറത്തൊന്നും കാണില്ല...
3 നിലകളിലായി ഇരുപതില്‍ കൂടുതല്‍ മുറികളും, ഇടനാഴികയും മറ്റുമുള്ള വീട്ടിനകത്ത് കയറിയാല്‍ തന്നെ പേടിയാകും. തട്ടിന്‍ മുകളില്‍ ചിലപ്പോള്‍ വവ്വാലുകളെയും കാണാം..എനിക്ക് വവ്വാലുകളെ പേടിയായിരുന്നു അന്ന്..
ഞന്‍ ഒരു ദിവസം ചേച്ചിയോട് ചോദിച്ചു...
എന്താ ചേച്ച്യേ ഈ ബാലേട്ടന്റെ വീട്ടിന്റെ തട്ടിന്‍പുറത്ത് ഈ വവ്വലുകള്‍ ഇങ്ങനെ പറന്ന് നടക്കണ്...
“നീ അവിടെക്കൊന്നും പോണ്ട...
വവ്വാലുകളൊക്കെ പ്രേതങ്ങളെ കാണാന്‍ ഇരിക്കുകയാണവിടെ..
തട്ടിന്‍ പുറത്തൊക്കെ പോയി ഒളിച്ചാല്‍ പിന്നെ കുട്ടികളെ അന്വേഷിച്ച് കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാകും.. അതിനാലായിരിന്നിരിക്കണം എന്നോട് അങ്ങിനെയൊക്കെ പറഞ്ഞിരുന്നത്...
മൊത്തത്തില്‍ ആ പറമ്പും വീടും കണ്ടാലെനിക്ക് പേടിയായിരുന്നു എന്റെ ചെറുപ്പത്തില്‍..
ബാലേട്ടന് 3 പെങ്ങന്മാര്‍ ഉണ്ടായിരുന്നു.. അവരും യോഗത്തിന് എത്തിച്ചേര്‍ന്നിരുന്നു.. അങ്ങിനെ ആ വിട് നിറയെ ആള്‍ക്കാരുണ്ടായിരുന്നു അന്ന്...

കുടുംബയോഗത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ മിക്കവരും പങ്കെടുത്തിരുന്നു. ആളുകള്‍ അവരവരുടെ രുചിക്കൊത്ത് പലരുമായി കൂട്ടം കൂടിയും, വെടി പറഞ്ഞും ഉച്ചയൂണിന്റെ സമയം വരെ തള്ളിനീക്കിക്കൊണ്ടിരുന്നു..

ബാലേട്ടന് കള്ളുകുടി വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. ബാലേട്ടനെ എല്ലാരും സല്‍ക്കരിക്കുമായിരുന്നു.. പല പല കാരണങ്ങളാല്‍.. ബാലേട്ടന്‍ നല്ലൊരു എഴുത്തുകാരനും, വാചക കസര്‍ത്തുള്ള ആളും, കുന്നംകുളത്തെ പ്രഗല്‍ഭനായ വക്കീലും ആയിരുന്നു.. പിന്നെ കുറെകാലം സ്ഥിരമായി പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്നു..

ഞാന്‍ ഈ കാലഘട്ടത്തില്‍ വിദേശത്തായിരുന്നു ജോലി.. നാട്ടില്‍ വല്ലപ്പോഴുമെ വന്നിരുന്നുള്ളൂ... എപ്പോ നാട്ടിലെത്തിയാലും വലിയമ്മയുടെ വീട്ടില്‍ പോകാന്‍ മറക്കാറില്ല...
ചെറുപ്പത്തില്‍ എനിക്ക് ആ വീടുമായുള്ള ബന്ധം അങ്ങിനെയുള്ളതായിരുന്നു..
ഒരു കാലത്ത് എന്റെ ചേച്ചി, ചേച്ചിയുട അമ്മയുമായി തെറ്റി കുക്കിങ്ങ് വേറെയാക്കി.. ആ അവസരങ്ങളില്‍ ഞങ്ങള്‍ക്ക് ചാക്കരിയുടെ ചോറ് ഇഷ്ടമല്ലായിരുന്നു..
ആ കാലത്ത് ഞങ്ങള്‍ക്ക് ഉണ്ണാനുള്ള അരി ബാലേട്ടന്റെ അമ്മയാണ് തന്നിരുന്നത്.. ഞാന്‍ ആഴ്ചയില്‍ ഒരിക്കള്‍ അത് വാങ്ങാന്‍ സൈക്കിളില്‍ ബാലേട്ടന്റെ വീട്ടിലെത്താറുണ്ട്.
വീട്ടിലെത്തിയാല്‍ വലിയമ്മ കുറച്ച് നേരം എന്നോട് വര്‍ത്തമാനം പറഞ്ഞ് അടുക്കള ഭാഗത്തേക്ക് പോകും..
ഭക്ഷണം കഴിഞ്ഞിട്ടേ പോകാവൂ എന്ന് പറയും.. ഇടക്ക് കാപ്പിയും കടിയുമെല്ലാം തരും. എന്നെ ഇടക്കിടക്ക് വന്ന് നോക്കും..
ചിലപ്പോള്‍ എനിക്കിരുന്നിരുന്ന് മടുക്കും..
ബാലേട്ടാന്റെ മുറിയെല്ലാം പരിശോധിക്കും.. ബീഡി കട്ട് വലിക്കും... മോന്താനൊന്നും കുപ്പികളില്‍ അവശേഷിപ്പ് കാണാറില്ല.. എന്നാലും എല്ലാ കുപ്പികളും ഞാന്‍ കുലുക്കി നോക്കും....
ഉച്ചയായാല്‍ വലിയമ്മ ചോറ് വിളമ്പിത്തരും.. ഊണ് കഴിഞ്ഞയുടന്‍ ഞാന്‍ അരിയുടെ ചെറിയ ചാക്ക് എന്റെ സൈക്കിളില്‍ വെച്ച് കെട്ടി, കുന്നംകുളത്ത് നിന്ന് ഒരു സിനിമയൊക്കെ കണ്ട്, 4 മണിക്ക് ചായ കുടിച്ച് ഒരു സിഗരറ്റും വലിച്ചിട്ടൊക്കെയാ എന്റെ വീട്ടിലെത്തുക... അപ്പോഴെക്കെ എന്റെ ചേച്ചി സ്കൂളീന്ന് എത്തുകയുള്ളൂ....
ഞാന്‍ ചേച്ചീ.... ചേച്ചീ എന്ന് പറഞ്ഞ് വായനക്കാര്‍ക്ക് ഒരു കണ്‍ഫ്യൂഷന്‍ വന്നേക്കാം..
എന്റെ പെറ്റമ്മയെയാ ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്നത്... മുത്തുവും, ശേരഞ്ഞാട്ടനും, വേലഞ്ഞാട്ടനും ചേച്ചിയെന്നാ വിളിക്കാറ്.. അവരെന്താ ചെയ്യാ, അല്ലെങ്കില്‍ അവരെന്താ വിളിക്കാ അതെന്നെയാ ഞാനും ശ്രീരാമനും പ്രവര്‍ത്തിക്കുക ആ നാളില്‍...
മുത്തു മുതലായവര്‍ എന്റെ അമ്മാമന്മാരാ....
എന്നെയും ശ്രീരാമനെയും, ബീഡി വലിക്കാനും, മുറുക്കാനും, കള്ളു കുടിക്കാനും ഒക്കെ ചെറുപ്പത്തില്‍ പഠിപ്പിച്ചിരുന്നത് ഞങ്ങളുടെ അമ്മാമനായ മുത്തു വായിരുന്നു.. ഞങ്ങളവനെ മാത്രം പേര് വിളിച്ചിരുന്നു..
മുത്തു ഒരു ചിത്രകാരനും, ചെറിയ രീതിയിലുള്ള എഴുത്തു കാരനും, നല്ല ഫൊട്ടൊഗ്രാഫറും കൂടിയായിരുന്നു. ആ ശീലമാണ് പില്‍ക്കാലത്ത് എന്റെ അനുജന്‍ ശ്രീരാമന് വന്ന് ചേര്‍ന്നത്.. മുത്തു പഠിച്ച അതേ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ശ്രീരാമനും പഠിച്ച് ചിതകല അഭ്യസിച്ചു..

കുടുംബയോഗത്തില്‍ എനിക്ക് പറ്റിയ കൂട്ടമൊന്നും കാണാന്‍ പറ്റിയില്ല.. ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൊണ്ടിരിന്നു.. പണ്ട് പോകാന്‍ മടിച്ചിരുന്ന തട്ടിന്‍പുറവും, പടിപ്പുര ഭാഗവും ഒക്കെ ചുറ്റിക്കറങ്ങി, ഒടുവില്‍ ബാലേട്ടനും ശ്രിരാമനും, വേറെ ചിലരും കൂടി ഒരു മാവിന്റെ ചുവട്ടിലിരുന്ന് വെടിപറയുന്നത് കണ്ടു..
ഊണിന് ഇനിയും സമയം കുറേ ഉണ്ട്... നേരം കളയാന്‍ വഴിയൊന്നുമില്ല താനും...
അങ്ങിനെ ഇവരുടെ കൂട്ടത്തില്‍ തന്നെ വന്ന് പെട്ടു...
ഞാന്‍ അധികവും ഗള്‍ഫ് നാടുകളിലായിരുന്നു.. അവിടെ ചെന്ന് പെട്ടിരുന്ന അവസരത്തില്‍ മദ്യപാനം, പുകവലി മുതലായ ദു:ശ്ശിലങ്ങള്‍ കുറച്ചധികം ഉണ്ടാ‍യിരുന്നു ആദ്യമൊക്കെ..
ഒന്ന് രണ്ട് കൊല്ലം എന്നും മദ്യപാനം ഉണ്ടായിരുന്നു. സിഗരറ്റ് വലി കൂടി. അവിടെ ഒന്നിനും പഞ്ഞമില്ലായിരുന്നല്ലോ..
വിദേശത്ത് പോകുന്നതിന് മുന്‍പ് നാടന്‍ ചാരായവും, ബീഡിയുമൊക്കെയെ കിട്ടിയിരുന്നുള്ളൂ...
എന്റെ ശേരഞ്ഞാട്ടനെന്ന അമ്മാമന്‍ ഹിന്ദി പണ്ഡിറ്റ് ആയിരുന്നു.. കുന്നംകുളത്തിന്നടുത്ത് അക്കിക്കാവ് സ്കൂളില്‍ മാഷായിരുന്നു.. ഞങ്ങള്‍ക്ക് [എനിക്കും ശ്രീരാമനും] ചാരായത്തില്‍ ദശമൂലാരിഷ്ടം ചേര്‍ത്ത് തരും...
വെറുതെ അങ്ങ്ട്ട് തരില്ലാ.... ചില കണ്ടീഷനുകള്‍ക്ക് വിധേയമായിരിക്കും....
വിഷ്ണു സഹസ്രനാമം, ദേവി മഹാത്മ്യം, ഭഗവത് ഗീ‍ത മുതലായവ മൂപ്പര്‍ പറഞ്ഞിടത്ത് നിന്ന് ചൊല്ലണം...
ആദ്യം കുപ്പിയുടെ മൂടിയില്‍ ഒരു മൂടി രണ്ടും കൂടി ചേര്‍ത്ത് തരും. പിന്നെ ചൊല്ലുന്നതിന്നനുസരിച്ച് തരും...
പിന്നെ ഞങ്ങള്‍ കിറുങ്ങിത്തുടങ്ങിയാല്‍ ഞങ്ങള്‍ അമ്മാമനെ കൈ വെച്ച് കുപ്പിയോടെ അകത്താക്കും...
ശേഖരഞ്ഞാട്ടന്‍ ശ്രീരാമനെ തോളത്തും, എന്നെ കൈപിടിച്ചും കൊണ്ട് പുഞ്ചപ്പാടത്തും മറ്റും കൊണ്ട് പോകുമായിരുന്നു...
ഞങ്ങളങ്ങിനെ ചെറുപ്പകാലത്ത് തന്നെ, അതായത് മൊട്ട് വിരിയുന്നതിന് മുന്‍പ് തന്നെ പുകവലിയും മദ്യപാനവും ശീലമാക്കിയിരുന്നു.. ഞങ്ങള്‍ക്ക് പഠിപ്പിലൊന്നും വലിയ കമ്പമുണ്ടായിരുന്നില്ലാ...

പക്ഷെ ഞങ്ങള്‍ക്ക് ചെറുപ്പത്തിലെ ആത്മീയ കാര്യങ്ങളില്‍ കാര്യഗൌരവങ്ങളുണ്ടായിരുന്നു...
ഒരു വെരി സ്മോള്‍ വിത്ത് അരിഷ്ടം കിട്ടണമെങ്കില്‍ നാരായണീയത്തിന്റെ ധ്യാന ശ്ലോകം ഇരുപത്തഞ്ച് തവണ തെറ്റാതെ ചൊല്ലിയാല്‍ മതി...

ശാന്താകാരം ഭുജഗ ശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവര്‍ണം ശുഭാംഗം............
ലക്ഷ്മീകാന്തം കമല നയനം.........

ഇങ്ങിനെയൊക്കെയാണെന്ന് തോന്നുന്നു വരികള്‍. ഞാന്‍ അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വരികള്‍ ഓര്‍മ്മിക്കുന്നത്...
>>>> വിദേശജീവിതത്തിന്റെ മൂന്നാമത്തെ വര്‍ഷത്തില്‍ ഞങ്ങള്‍ക്ക് മകന്‍ ജനിച്ചു... മദ്യപാനവും പുകവലിയും ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.... റോത്ത് മാന്‍ സിഗരറ്റും, റെഡ് ലേബലും എനിക്കിഷ്ടപ്പെട്ട വിഭവമായിരുന്നു...
ഒരു ദിവസം എന്റെ ശ്രീമതി ചോദിച്ചു......... നിങ്ങള്‍ക്കൊന്ന് ഈ പുകവലി നിര്‍ത്തിക്കൂടെ എന്ന്...
കണ്ടില്ലേ നമ്മടെ മോന് എന്നും പനിയും ചുമയുമെല്ലാം....
നിങ്ങള് ഇങ്ങനെ ഏത് നേരത്തും ഈ പുക വിട്ടോണ്ടിരുന്നാല്‍ ഇത് മുറിക്കത്ത് കെട്ടിക്കിടക്കും.... മുറി തുറന്നിട്ടാല്‍ പിന്നെ ഏസി തണുക്കില്ലാ...
“നിങ്ങള്‍ക്ക് നമ്മുടെ പൊന്നോമന മകനാ വലുത്, അതോ പുകവലിയും മദ്യപാനവുമാണോ?“
ഈ ചോദ്യം എന്നെ കുറച്ചിരുത്തി ചിന്തിപ്പിച്ചു...
പിറ്റേ ദിവസം പുലര്‍ന്നപ്പോള്‍ ഞാന്‍ പുകവലിയും, താമസിയാതെ മദ്യപാനവും നിര്‍ത്തി.... ഒരു ദിവസം കൊണ്ട് പുകവലി എനിക്കെങ്ങനെ നിര്‍ത്താനായി എന്ന് ഒരു അത്ഭുതം തന്നെ ആയിരുന്നു.
ഞാന്‍ പുകവലി നിര്‍ത്തിയിട്ട് ഇപ്പോള്‍ 30 കൊല്ലമായി... മദ്യപാനം വല്ലപ്പോഴുമൊക്കെ.... എല്ലാം എല്ലാരും പെട്ടെന്നങ്ങ് നിര്‍ത്തിയാല്‍ അത് കൊണ്ട് ജീവിക്കുന്ന കുറേ കുടുബങ്ങളുണ്ടല്ലോ... അവര്‍ പട്ടിണിയാവില്ലേ....
അങ്ങിനെ ഞാന്‍ ബാലേട്ടന്റെ കൂടെ വെടിപറയാന്‍ കൂടി.... അവര്‍ ഇടക്ക് സ്റ്റൂളിന്റെ അടിയില്‍ വെച്ചിരിക്കുന്ന കുപ്പിയിലെ ദ്രാവകം ചിരട്ടയിലേക്ക് ഒഴിക്കുന്നുണ്ടായിരുന്നു... പിന്നെ ബീഡിയും.....
അവര്‍ എനിക്കും ഓഫര്‍ ചെയ്തു....
ഞാന്‍ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു....
അവര്‍ക്കത് രസിച്ചില്ല....
ക്ഷുഭിതനായ ബാലേട്ടന്‍.........
എടാ ശീമോനെ ഈ ഉണ്ണീനെ നമ്മള്‍ടെ കൂട്ടത്തീ കൂട്ടാന്‍ പറ്റില്ലാ... ഇവനെന്ത് പേര്‍ഷ്യാക്കരനാ........... കള്ളു കുടിക്കില്ലാ.... ബീഡി വലിക്കില്ലാ.... പിന്നെ എന്നെക്കൊണ്ട് പറയിക്കണാ.....
ഒന്നുമടിക്കാത്ത ഒരു കോന്തന്‍!!!
ഇതെല്ലാം കേട്ട് എനിക്ക് വേദനയായി.. ബാലേട്ടനല്ലേ.... ബാലേട്ടന്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ...
സ്നേഹം കൊണ്ടല്ലേ.....
എന്റെ ബാലേട്ടന്‍ സ്വര്‍ഗ്ഗലോകത്തില്‍ വിഹരിക്കുകയാകും ഇപ്പോള്‍... എന്റെ അനുജന്‍ ശ്രീരാമന് ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയത് ബാലേട്ടനാണ്. പരേതനായ ശ്രീ. അരവിന്ദനുമായുള്ള സംസര്‍ഗ്ഗമാണ് എന്റെ അനുജന് സിനിമാലോകത്തിലേക്കുള്ള കാല്‍ വെപ്പിന് തുടക്കം കുറിക്കാനായത്...
എന്റെ ബാലേട്ടാ‍....... ഈ ഉണ്ണിക്ക് ബാലേട്ടനെ ഒരിക്കലും മറക്കാനാവില്ല....
എന്റെ ബാലേട്ടന്‍ എന്നും എന്റെ ഹൃദയത്തിലുണ്ട്....


[ഒരു പാടെഴുതാനുണ്ട് ബാക്കി.. തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കട്ടെ... വായനക്കാരുടെ പ്രതികരണം പോലെ തുടരാം]
കുറച്ച് ഫോട്ടോസ് കൂടി ചേര്‍ക്കാനുണ്ട്.. താമസിയാതെ ചേര്‍ക്കാം...


Wednesday, February 4, 2009

PROBUS CLUB OF TRICHUR

ഇന്നെലെ [04-02-2009] ഞങ്ങളുടെ ക്ലബ്ബിന്റെ മാസം തോറുമുള്ള മീറ്റിങ്ങ് ആയിരുന്നു..
എന്താണീ പ്രോബസ് ക്ലബ്ബ് എന്നു വെച്ചാല്‍ അറിയുമോ?
വയസ്സന്മാരുടെ ഒരു കൂട്ടായ്മ. PROFESSIONALS & BUSINESS MEN.
55 വയസ്സിന് മേലെയുള്ള വയസ്സായവര്‍ക്ക് മാത്രം മെംബര്‍ഷിപ്പ്... അവരുടെ ഭാര്യമാരുടെ വയസ്സ് പ്രശ്നമല്ല്. എല്ലാ മാസത്തിന്റെയും ആദ്യത്തെ ബുധനാഴ്ച തൃശ്ശൂരിലെ ഹോട്ടല്‍ പേള്‍ റിജന്‍സിയില്‍ വെച്ച് കൂടും..
ഞാന്‍ എക്സിക്യുട്ടിവ് കമ്മറ്റിയിലെ അംഗം കൂടിയാണ്.
പ്രസിദ്ധരാ‍യ പല ഡോക്ടര്‍മാരും, മറ്റുപലരും ഇതില്‍ മെംബര്‍മാരാണ്.

എന്നെ ഇവിടെ ചേര്‍ത്തത് തൃശ്ശൂരിലെ എലൈറ്റ് മിഷന്‍ ആശുപതിയുടെ മേനേജിങ്ങ് പാര്‍ട്ടണറും, ENT സ്പെഷലിസ്റ്റും മായ Dr. K. C. Prakashan ആണ്.
ഇവിടെ അതെ ഹോസ്പറ്റലിലെ ഡോ. മയൂരനാഥന്‍, ദയ ഹോസ്പറ്റലിലെ ഡോ. പോള്‍ കല്ലൂക്കാരന്‍ തുടങ്ങിയ അനേകം ഡോക്ടര്‍മാരും, സമൂഹത്തിലെ ഉന്നത വ്യക്തികളും, പിന്നെ എന്നെ പോലെ ഒന്നുമല്ലാത്ത ഞാനും. തല ‍നെരച്ചവരാണെല്ലാരും. അതില്‍ ഞാനും പെടും....
എല്ലാ മാസത്തിലുമുള്ള മീറ്റിങ്ങിന് ഒരു ഗസ്റ്റ് സ്പീക്കറെ വിളിക്കാറുണ്ട്.. ഇന്നെലെത്തെ അതിഥി കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ, ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തിലെ ഡോ. രാജീവന്‍ ആയിരുന്നു...
പൂന്തോട്ടത്തെ പറ്റിയായിരുന്നു മുഖ്യ പ്രഭാഷണം... അതിനാല്‍ മേക്സിമം വനിതകള്‍ പങ്കെടുത്തിരുന്നു... എന്റെ അടുത്ത് സുഹൃത്തായ ഡോ പ്രകാശന്റെ ഭാര്യയായ ശ്യാമയും, അവരുടെ മകള്‍ മേഖനയും, പിന്നെ വേറെ ഒരു ലയണ്‍ സുഹൃത്തായ രവിപ്രസാദിന്റെ ഭാര്യ പ്രേമയും മറ്റും എത്തിയിരുന്നു.. എന്റെ സഹധര്‍മ്മിണി ബീനാമ്മ [ബീന ജയപ്രകാശ്] വന്നിരുന്നില്ല...

എല്ലവരുടേയും ബര്‍ത്ത് ഡേയും, വെഡ്ഡിങ്ങ് ആനിവേഴ്സറിയും ആ‍ഘോഷിക്കുന്ന പതിവുണ്ട് ഈ ക്ലബ്ബില്‍...
ഞാനായിരുന്നു ആദ്യത്തെ ബര്‍ത്ത് ഡേ ബേബി...
ക്ലബ്ബ് പ്രസിഡണ്ട് ഡോ കല്ലൂക്കാരന്‍ ആളുകളെ ക്ഷണിച്ച് തുടങ്ങി...
ലെറ്റ് മി ഇന്‍ വൈറ്റ് ദി ഫസ്റ്റ് ബര്‍ത്ത് ഡേ ബേബി മിസ്റ്റര്‍ ജെ പി വെട്ടിയാട്ടില്‍..
ഒറ്റ്ക്ക് ഡയസ്സിലേക്ക് നീങ്ങുന്ന എന്നെ മറ്റു പന്തിമാര്‍ ഉറ്റുനോക്കി... ഇയാളുടെ വാലിനെ കാണുന്നില്ലല്ലോ...
പ്രസിഡണ്ട് പറഞ്ഞു, ഭാര്യമാരില്ലാതെ വരുന്ന ഭര്‍ത്താക്കന്മാരെ അടുത്ത് യോഗത്തിനെ ഫൈന്‍ അടിക്കുമെന്ന്...
ഡിസ്കോ ഡാന്‍സ് ആയിരുന്നെങ്കില്‍ ഭാര്യമാരെ വാടക്ക് കിട്ടുമായിരുന്നു.. ഇവിടെ ഇത് നടപ്പിലാക്കാന്‍ പ്രയാസമാണല്ലോ ഭഗവാനെ.. അടുത്ത മാസത്തെ മീറ്റിങ്ങിന് ബീനാമ്മയെ എങ്ങിനെയെങ്കിലും പൊക്കണം.. അല്ലെങ്കീ കാര്യം പോക്കാണെയ് !!!!!
ഞാന്‍ മൊത്തം 13 ക്ലബ്ബുകളില്‍ മെംബറാ... അതില്‍ ഇതിലും ലയണ്‍സ് ക്ലബ്ബിലും മാത്രമെ ഭാര്യമാര്‍ വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാറുള്ളൂ...
എന്ത് കൊണ്ട് എറ്റ്നെ പ്രിയതമ ചില ക്ലബ്ബുകളില്‍ വരുന്നില്ലാ എന്ന് പിന്നീട് പറയാം...
ഈ ക്ലബ്ബിന്റെ ഒരു പ്രത്യേകത കൃത്യം സമയത്ത് തുടങ്ങും.. ഭക്ഷണവും കഴിച്ച് രാത്രി പത്ത് മണിയോടെ വീട്ടിലെത്താം... ഏഴുമണിക്ക് തുടങ്ങും..
ചില മെംബേഴ്സ് അവരുടെ പിറന്നാളും, വിവാഹ വാര്‍ഷികവും ഇവിടെ ആഘോഷിക്കാറുണ്ട്.. അങ്ങിനെ വരുമ്പോള്‍ അന്നത്തെ മുഴുവന്‍ ചിലവും അവര്‍ വഹിക്കും.. അങ്ങിനെയുള്ള അവസ്ഥയില്‍ ചിലര്‍ മുന്തിയ ഇനം മദ്യം കൊണ്ട് വരാറുണ്ട്... പിന്നെ പെണ്ണുങ്ങള്‍ക്ക് വീഞ്ഞും.....

ഇന്നെലെ ക്ലബ്ബിന്റെ വക ചിലവു തന്നെയായിരുന്നു... വിഭവങ്ങള്‍ സാധാരണ ക്ലബ്ബ് സെക്രട്ടറിയാണ് ഓര്‍ഡര്‍ നല്‍കുക...
ചപ്പാത്തി, നാന്‍, ആലു മട്ടര്‍, ചിക്കന്‍ കറി, ചോറ്, ഡാല്‍ ഫ്രൈ, ചീര ഫ്രൈ, തൈര്, പപ്പടം, അച്ചാര്‍, ഗ്രീന്‍ സലാഡ് അവസാനം നല്ല ഡസര്‍ട്ട്... ഐസ് ക്രീം മുതലായവ...
മദ്യപന്മാര്‍ക്ക് ചവക്കാന്‍ ഡീപ്പ് ഫ്രൈഡ് ബീഫ്, പീനട്ട് മസാല, സ്പൈസി പാപ്പട് മുതലായവയും.....
ഞാന്‍ അവരുടെ കൂടെ മദ്യപിക്കാറില്ല... എനിക്ക് പെട്ടെന്ന് വലിച്ച് അകത്താക്കുന്ന സ്വഭാവം ഇല്ല....
രുചിച്ച് കഴിക്കുന്നതാണെന്റെ സ്വഭാവം... എന്നെ പോലെ രുചിച്ചോണ്ട് നിന്നാല്‍ ആളുകള്‍ ഭക്ഷണവും കഴിച്ചോണ്ട് മീറ്റിങ്ങ് റൂം പൂട്ടി പോകുന്നതറിയില്ല...
എലൈറ്റ്, ജോയ്സ് പോലുള്ള ഹോട്ടലുകളില്‍ ചിലപ്പോള്‍ മീറ്റിങ്ങ് നടത്താറുണ്ട്... അപ്പോള്‍ ഈ ഞാനെന്ന ഓള്‍ഡ് മേന്‍ 5 മണിക്ക് തന്നെ വേദിയിലെത്തും... അവിടെയുള്ള എക്സിക്യുട്ടിവ് ബാറില്‍ സ്ഥലം പിടിക്കും... സാധാരണ ബാര്‍ കൌണ്ടറിലാണ് ഞാനെന്ന് ഒറ്റയാന്‍ ഇരിക്കുക... അവിടങ്ങളിലെ ബാര്‍മേന്മാര്‍ക്ക് എന്നെ സുപരിചിതം....
എന്റെ പ്രധാന പാനീയം ഫോസ്റ്റര്‍ ബീറാണ്.... ഏഴരമണിയാകുമ്പോഴെക്കും ഞാന്‍ രണ്ട് ബീയറും, ഒരു മസാല ഓമ്ലെറ്റും, ഒരു പീനട്ട് മസാലയും അകത്താക്കും... കൃത്യം ഏഴരക്ക് ഞാന്‍ മീറ്റിങ്ങ് ഹാളില്‍ റെഡി...
പിന്നെ ഒരു മണിക്കൂര്‍ ലെക്ചറും കേട്ടാല്‍ അടിപൊളി ഭക്ഷണം.... വീട്ടില്‍ വന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിച്ച് കിടന്നാല്‍ പിന്നെ പിറ്റേ ദിവസം ആറിനെ തല പൊക്കൂ.....

വരുന്നോ ഞങ്ങളുടെ ക്ലബ്ബിലേക്ക്........... 55 കഴിഞ്ഞവര്‍ക്ക് സ്വാഗതം.... കൂടേ കിളവിമാരെയും കൂട്ടണേയ് !!!!!!

[കുറച്ചും കൂടി ഫോട്ടൊസ് ഇടാം.. അത് വീട്ടിലെ കമ്പ്യൂട്ടറിലാണ്.. അപ്പോഴെക്കും തിരക്കുള്ളവര്‍ക്ക് ഇത് വായിക്കാം.. കമന്റിടാതെ ആരും പോകല്ലെ!!]
Sunday, February 1, 2009

ഒരു ഇല ചോറ് എവിടെ നിന്ന് കിട്ടും?


ഓരോരുത്തര്‍ക്ക് ഓരോന്ന് വിധിച്ചിട്ടിട്ടുണ്ടെന്നല്ലേ പഴമൊഴി... അല്ലെങ്കില്‍ തലേലെഴുത്ത്.....
ഇന്ന് ബീനാമ്മയുടെ അമ്മാമന്റെ [അന്തരിച്ച മുന്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി ശ്രീ. എ എസ് പ്രതാപ് സിങ്ങ്] ചരമ വാര്‍ഷികമായിരുന്നു.. ഏഴാമത്തെതാണെന്നാണ് എന്റെ ഓര്‍മ്മ.
കാലത്ത് SN SCHOOL ല്‍ അനുസ്മരണ സമ്മേളനവും ചായ സല്‍ക്കാരവും.. ബീനാമ്മ എന്നോട് ചോദിച്ചു വരുന്നില്ലേ എന്ന്.. സദ്യയൊന്നും ഇല്ലല്ലോ
സദ്യയില്ല......
എന്നാ നീ പോയിട്ട് വാ............
എന്നെ അവിടെ വരെ ഒന്ന് വിട്ടു തന്നുകൂടെ.......
ഇവിടെ മക്കള് രണ്ടാളും ഉണ്ട്.... നീ അവരെ ആരെങ്കിലും കൂട്ടിന് വിളിച്ചോ....
ഹൂം....... ഈ മനുഷ്യനെക്കൊണ്ട് ഒരു ഗുണോം ഇല്ലാ....
അങ്ങിനെ അവള്‍ ആരെയും ആശ്രയിക്കാതെ ഓട്ടോ പിടിച്ച് പോയി... എനിക്ക് ചോറ് ഉണ്ടാക്കി വെക്കാന്‍ മറന്നില്ല... കറിയൊന്നും കണ്ടില്ല...
മക്കള്‍ വന്നാല്‍ എന്റെ കാര്യം പോക്കാ.... ഞാന്‍ മിക്കതും സസ്യഭുക്കാണ്.. അവര്‍ വരുമ്പോള്‍ മീനും, ഇറച്ചിയും മാത്രം... എനിക്ക് ഒരു മോര് കാച്ചിയതുണ്ടാകും....
ഞാന്‍ കാലത്ത് അച്ചന്‍ തേവരെ കണ്ടു തൊഴുതു.. മുണ്ട് ഉടുത്തു.. കാറില്‍ ഒരു ജോഡി വസ്ത്രങ്ങളും, അത്യാവശ്യം സാധങ്ങളും വെച്ചു.... തറവാട്ടിലേക്ക് വിടാം എന്ന് കരുതി... അവിടെയാണെങ്കില്‍ ഭക്ഷണത്തിന് പഞ്ഞമില്ല....ഗീതയോട് ഗ്രാമത്തില്‍ എത്തുന്നതിന് മുന്‍പ് ഫോണില്‍ പറഞ്ഞാല്‍ മതി....
ഗീതേ......
എന്താ ഏട്ടാ...........
ഞാന്‍ ആ വഴിക്ക് വര്ണ്ണ്ട് ട്ടോ?.......... ചിലപ്പോള്‍ നാളെയെ മടങ്ങൂ.........
ശരി ഏട്ടാ ഞാന്‍ ഇവിടുണ്ട്....... എപ്പോ വേണമെങ്കിലും എത്തിക്കോളൂ....
സ്വന്തം പെണ്ണിന് ഓളുടെ കെട്ടിയോനെ നോക്കാന്‍ നേരമില്ല...
അനുജന് ഒരു നല്ല അണ്ടര്‍സ്റ്റാന്‍ഡിങ്ങ് പെണ്ണുള്ളതിനാല്‍ ഇടക്ക് അവിടെ പോയി നില്‍ക്കാം.. പിന്നെ സ്റ്റാന്‍ഡ് ബൈ ആയിട്ട് അനുജന്റ മകന്‍ കിട്ടനും ഉണ്ടാകും...
എപ്പോഴും വലിയച്ചന്റെ ക്ഷേമം അന്വേഷിച്ചുംകൊണ്ടിരിക്കും അവന്‍... ഇടക്കിടക്ക് വല്യച്ചാ എന്താ വേണ്ടെ എന്ന് ചോദിക്കും... പിന്നെ അവിടെത്തെ മെംബറെപോലെയുള്ള ഒരു പെണ്‍കുട്ടി “ശുഭ” യുണ്ടവിടെ... മൊത്തത്തില്‍ നല്ല അന്ത:രീക്ഷം....
++
അംബലത്തില്‍ പോയി തൊഴുതു നില്‍ക്കുമ്പോള്‍ അമ്മുകുട്ടി ഫോണില്‍ വിളിച്ച് ഒരു മണിക്കൂര്‍ എന്നെ സ്നേഹം കൊണ്ട് വധിച്ചു... അത് കഴിഞ്ഞപ്പോള്‍ എന്റെ കാലിലെ വിരലുകള്‍ക്ക് കോച്ചല്‍ അനുഭവപ്പെട്ടു...
ഇടക്കത് വരാറ്ണ്ട്.. അങ്ങിനെ വന്നാല്‍ ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടാ... വണ്ടിയില്‍ കയറി ഒരു വിധം സെക്കന്റ് ഗീയറില്‍ തന്നെ അരകിലോമീറ്ററിലുള്ള വീട്ടിലെത്തി.. ക്ലച്ച് അമര്‍ത്താന്‍ കൂടി വയ്യാത്ത പോലെ...
ഞാന്‍ എന്റെ ഓണ്‍ലൈന്‍ ഡോക്ടറായ രേഖയെ വിളിച്ചു...
രേഖ കുറച്ച് നാളായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ്... ഡ്യൂട്ടി സമയത്ത് ഒരിക്കലും പേര്‍സണല്‍ ഫോണ്‍ എടുക്കില്ല... എനിക്കാണെങ്കില്‍ പെട്ടെന്ന് വൈദ്യസഹായം വേണം.. വീട്ടിലെത്തിയപ്പോള്‍ മോനും, മോളും എല്ലാം പുറത്ത് പോയിരുന്നു....
മൊബൈല്‍ ഫോണില്‍ കുറേ ഡോക്ടര്‍മാരുടെ നമ്പറുകളുണ്ട്... ഞായറാശ്ചയായതിന്നാല്‍ ആരെയും കിട്ടിയില്ല...
അങ്ങിനെ വല്ലപ്പോഴും ഞാന്‍ വിളിക്കുന്ന, ഞാന്‍ ഗള്‍ഫില്‍ വെച്ച് ചെറുപ്പത്തില്‍ എടുത്ത് താലോലിച്ചിട്ടുള്ള മീവലിനെ വിളിച്ചു.. മീവല്‍ കോഴിക്കോട്ട് ബേബി മെമ്മൊറിയലിലോ മറ്റോ ആണ് പ്രാക്ടീസ് ചെയ്യുന്നത്...
എന്റെ വിളി കേട്ടപ്പോ‍ള്‍ അവള്‍ക്ക് വലിയ സന്തോഷമായി....
എന്നോട് EVION കഴിക്കാന്‍ പറഞ്ഞു കുറച്ച് കാലം.. പിന്നെ ഇടക്കിടക്ക് ഷെല്‍കാല്‍ക്ക് 500 ഉം....
വീട്ടിന് ചുറ്റും ആശുപത്രികളും, മരുന്ന് കടകളുമാണ്.... ഉടന്‍ ഓഫീസില്‍ വിവരം അറിയിച്ച അവിടെനിന്ന് ഒരു കേമറാ മേനെക്കൊണ്ട് മരുന്ന് വാങ്ങിച്ച് കഴിച്ചു.
അങ്ങിനെ തറവാട്ടിലെക്കുള്ള പോക്കും അങ്കലാപ്പിലായി...
ബസ്സിന് പോകാനാണെങ്കില്‍ എളുപ്പമല്ല... കുന്നംകുളത്ത് നിന്ന് ഗ്രാമത്തിലേക്ക് എപ്പോഴും വണ്ടിയില്ല.. തന്നെയുമല്ല പിറ്റെ ദിവസം തിരിച്ച് വരുന്ന കാര്യമൊന്നും ശരിയാകില്ല...
ഉച്ചയാകും വരെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി....
ഉച്ചക്ക് ഭക്ഷണം എവിടുന്ന് കിട്ടും.. ഹോട്ടല്‍ ഭക്ഷണം എനിക്ക് വലിയ ഇഷ്ടമല്ല... പോരാത്തതിന് ഇന്നെലെ ആശുപതീല് പോയപ്പോ ഡോക്ടര്‍ പറഞ്ഞു കൊളസ്റ്റ്രോള്‍ അല്പം കൂടുതലുണ്ട്.. മരുന്നൊന്നും വേണ്ട.. ഡയറ്റ് ചെയ്താല്‍ മതിയെന്ന്...
അപ്പോ ഏതെങ്കിലും വീട്ടീന്ന് എന്തെങ്കിലും സിമ്പിള്‍ ഫുഡ് ആഹരിക്കാന്‍ കിട്ടണം... സദ്യയായാലും വിരോധമില്ല.... ആവശ്യമുള്ളത് കഴിച്ചാല്‍ മതിയല്ലോ>?....
++
ഉച്ചയാകുമ്പോഴെക്കും കാലിലെ അസുഖത്തിന് തെല്ലൊരു ശമനം കിട്ടി...
അയ്യന്തോളില്‍ പോയാല്‍ മണിചേച്ചിയുടെ വീട്ടീന്ന് ആഹാരം കിട്ടും.. പക്ഷെ അവിടം വരെ വണ്ടിയോടിക്കാന്‍ വയ്യ... ബസ്സാണെങ്കില്‍ കളക്ടറെറ്റ് ഗ്രൌണ്ട് വരെയേ കിട്ടുകയുള്ളൂ...........
വിശപ്പ് തുടങ്ങിയല്ലോ എന്റെ തേവരേ...........
നടക്കാനും വയ്യ, വണ്ടി ഓടിക്കാനും വയ്യ....
വീട്ടില്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന ഒരു സ്കൂട്ടര്‍ ഉണ്ട്.. കൈനറ്റിക്ക്... അതാണെങ്കില്‍ കാലിന്റെ സഹായമില്ലാതെ ഓടിക്കാം... അത് പൊടി തട്ടി ഞാന്‍ സവാരി ആരംഭിച്ചു....
മെയിന്‍ റോട്ടിലെത്തിയപ്പോ അവിടെ നിന്ന് വിചാരിച്ചു... എങ്ങോട്ട് തിരിയണം...
ഇടത്തോട്ട് തിരിഞ്ഞാല്‍ മെട്രൊ ഹോസ്പറ്റലിലെ കേന്റീനില്‍ നിന്ന് കഴിക്കാം... പക്ഷെ അവിടെ നഴ്സിങ്ങിന് പഠിക്കുന്ന കുട്ട്യോളുടെ തിരക്കായിരിക്കും...
പിന്നെ അടുത്തുള്ള ശ്രീനിവാസ് ഹോട്ടല്‍ അടച്ച് കിടക്കുന്നു... പിന്നെയുള്ളത് വിനോദിന്റെ ഹോട്ടലാ... അവിടെ പച്ചക്കറി ആഹാരം കുറവാ....
പിന്നെ ഒരു കിലോമീറ്റര്‍ പോയാല്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റലിലെ ഇന്ത്യന്‍ കോഫി ഹൌസില്‍ നല്ല പൂരി മസാല കിട്ടും...
അപ്പോ അങ്ങോട്ട് വിടാന്‍ വിചാരിച്ചു....
പെട്ടെന്നാണ് ഓര്‍ത്തത് ഇന്നെലെ ഡോക്ടര്‍ വേണു ചന്ദ്രന്‍ പറഞ്ഞത്... കൊഴുപ്പുള്ളതും, വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം....
സമയം രണ്ടിനോടത്ത് തുടങ്ങി....
എങ്ങോട്ട് പോകണം...വിശപ്പ് സഹിക്ക വയ്യാതെയായി...
വയറ്റില്‍ അലോപ്പതി മരുന്നുകള്‍ കിടന്ന് ഇളകി മറിയുന്നു....
എന്തെങ്കിലും ഉടന്‍ കഴിച്ചില്ലെങ്കില്‍ കുഴഞ്ഞുവിഴും....
തിരിച്ച് വീട്ടിലേക്ക് തന്നെ പോയി ബീനാമ്മ വെച്ച് ചോറും അല്പം തൈരും കൂട്ടി കഴിച്ചാലോ..........
അതിന് തൈര് കഴിക്കാനാകുമോ....
അത് നേര്‍പ്പിച്ച് മോരാക്കുവാനൊന്നും എളുപ്പമല്ല....
അപ്പോള്‍ വലത്തോട്ട് വണ്ടി വിടാം...
ആ വഴിയില്‍ ചെട്ടിയങ്ങാടി കഴിഞ്ഞാല്‍ റെയില്‍ വേ സ്റ്റേഷന്‍ റോട്ടില്‍ സഫയര്‍ ഹോട്ടലില്‍ നിന്ന് തലശ്ശേരി സ്റ്റൈല്‍ മീന്‍ കറിയും ചൊറും കഴിക്കാന്‍... എനിക്കാണെങ്കില്‍ തലശ്ശേരി മീങ്കറി വലിയ ഇഷ്ടമാണ് താനും...
ഞാന്‍ ചിലപ്പോള്‍ പറയും അയലത്തെ തലശ്ശേരിക്കാരി രാജിയുടെ വീട്ടില്‍ നിന്ന് മീങ്കറി വാങ്ങാന്‍... അത് പറഞ്ഞാലവള്‍ക്ക് കലി കയറും...
ഞാന്‍ ഉണ്ടാക്കി തരുന്ന മീന്‍ കറി കഴിച്ചാല്‍ മതിയെന്ന്...
അവള്‍ക്ക് ആ സ്റ്റൈല്‍ ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ അവളെന്തിന് ചാടണം...
അല്ലെങ്കിലും ചില പെണ്ണുങ്ങളിങ്ങനെയാ.....
എന്റെ ശകടം സഫയര്‍ ഹോട്ടലിനെ ലക്ഷ്യമാക്കി പാഞ്ഞു.....
പഷെ കൊക്കാല കവലയിലെത്തിയപ്പോഴെക്കും എന്റെ സ്കൂട്ടര്‍ ചത്തു...
പൊള്ളുന്ന ചൂടും....
ഇനി ചെട്ടിയങ്ങാടി വരെ നടക്കുക തന്നെ....
യോഗമല്ലെ.... അനുഭവിക്ക തന്നെ....
റോട്ടില്‍ നിന്ന് ഒരു കടലാസ്സ് കഷണമെടുത്ത് അതില്‍ അഡ്രസ്സ് എഴുതി വെച്ചു... എവിടെയെങ്കിലും വീണു കിടന്നാല്‍ പിള്ളേരെ വിവരം അറിയിക്കുമല്ലോ പോലീസുകാര്‍.......
നട്ടുച്ച നേരത്ത് കൊക്കാല കവലയില്‍ ഓട്ടൊയുമില്ല... ബസ്സുമില്ല....
ഞാന്‍ നടന്ന് നീങ്ങി....
അപ്പോഴാണ് ശ്രദ്ധിച്ചത്............ വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലൊരു ആള്‍ക്കൂട്ടം......
അവിടെ വേലയും മറ്റും കഴിഞ്ഞതാണല്ലോ.... പിന്നെന്താ ഇത്ര ആളുകള്‍.........
ഏതായാലും ക്ഷേത്രത്തിന്നുള്ളിലേക്ക് എത്തി നോക്കി
+++
അവിടെയിരിക്കുന്ന ബോര്‍ഡ് എന്റെ ശ്രദ്ധയില്‍ പെട്ടു.... “പ്രതിഷ്ടാദിനം” പ്രത്യേക പൂജകളും, അന്നദാനവും, വൈകിട്ട് കേളികൊട്ടും, തായമ്പകയും........
വളരെ സന്തോഷമായി.........
വേഗം തന്നെ അംബലത്തിലേക്ക് പ്രവേശിച്ചു........
‘എന്താ ജെപി സാറെ ഇത്ര വൈകിയത്..... ക്ഷേത്രത്തിലെ ജീവനക്കാരും, കഴകം മുതലായവരും എന്നെ സമീപിച്ചു”
എടോ നാരായണന്‍ കുട്ടീ‍...... നമ്മുടെ എല്ലാ പരിപാടികളും ടിവി യില്‍ കാണിക്കുന്ന സാറാ........
സദ്യ അവസാ‍ന പന്തിയിലായിരുന്നു...
ഒരാള്‍ എന്നെ ഹോളില്‍ കൊണ്ടിരുത്തി....
കഴിക്കാന്‍ പാടില്ലാത്ത പലതും ഉണ്ടാ‍യിരുന്നെങ്കിലും, പപ്പടമൊഴിച്ച് എല്ലാം കഴിച്ചു... അല്പം പായസവും സേവിച്ചു....
അതിന് ശേഷം അല്പം ചോറും തൈരും കൂട്ടി കഴിച്ചു....
മനസ്സില്‍ സ്വപ്നം കണ്ട ഒരു ഇല ചോറ് വെളിയന്നൂര്‍ ഭഗവതി തന്നെ എനിക്ക് തന്നു...
ഭക്ഷണം കിട്ടുന്നത് വരെ കുറച്ച് ബുദ്ധിമുട്ടിച്ചെങ്കിലും ഇഷ്ടകാര്യം സാധിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ....
അമ്പലത്തിലെ കാര്യക്കാരന്‍ എന്നെ വീട്ടില്‍ കൊണ്ട് വിടാന്‍ പിള്ളേരോട്
ആജ്ഞാപിച്ചു......
പിന്നില്‍ നിന്ന് ഒരു ഭക്ത രംഗത്ത് വന്നു...
“കുട്ടേട്ടാ ജെ പി സാറിനെ ഞാന്‍ കൊണ്ട് വിട്ടോളാം....”
ശരി സുമിത്രക്കുട്ടീ........
സാറിന്റെ കൈ പിടിച്ചോളണം.... റോഡ് ടാറിങ്ങ് കഴിഞ്ഞ് സ്ലാബുകളൊന്നും ശരിക്ക് വിരിച്ചിട്ടില്ല....
സുമിത്രക്കുട്ടിയുടെ വീട് അംബലത്തിന് തൊട്ടാ........
ജെ പി സാറിനെ കണ്ടിട്ടെത്ര നാളായി... എന്റെ വീട്ടില്‍ വിശ്രമിച്ചിട്ട് പോയാല്‍ മതിയില്ലേ?......
വേണ്ട മോളെ....... എനിക്ക് ശരീര സുഖം പോരാ...വീട്ടില്‍ പോയി ഒന്ന് കിടക്കണം....
‘സുമിത്രക്കുട്ടിയേ പണ്ട് ഞാന്‍ കമ്പ്യൂട്ടര്‍ ബേസിക്ക് പഠിപ്പിച്ചിട്ടുണ്ട്... ഞാനതൊക്കെ മറന്നു...”
മോളെ വീട്ടിലേക്ക് പിന്നെ വരാം......
ഞാനിപ്പോ പൊയ്കോട്ടെ...........
അങ്ങിനെ സുമിത്രക്കുട്ടി എന്നെ വീട്ടില്‍ വിട്ടിട്ട്, ഞാന്‍ കിടന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പോയുള്ളൂ.....
ക്ഷീണത്താല്‍ ഞാന്‍ 5 മണി വരെ ഉറങ്ങി.....
കുളിച്ച് ക്ഷേത്രത്തില്‍ പോയി.... അപ്പോഴെക്കും എന്റെ ആരോഗ്യം വീണ്ടെടുത്തിരുന്നു....
കേളികൊട്ടും, തായമ്പകയും ഒക്കെ ആസ്വദിച്ചു............ ഏഴര മണിയോടെ വീട്ടിലേക്ക് തിരിച്ചു...
സുമിത്രക്കുട്ടിയെ ഞാന്‍ അംബലത്തിലെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടില്ലാ....
കാര്യക്കാരനോട് ചോദിച്ചപ്പോള്‍, സുമിത്രക്കുട്ടിയെ ഇന്ന് കണ്ടതായി ഓര്‍ക്കുന്നില്ലാ എന്ന് പറഞ്ഞു....
അപ്പോള്‍ ഞാന്‍ കണ്ടതും, എന്നെ വീട്ടില്‍ കൊണ്ട് വിട്ടതും ആരായിരുന്നു?
ഈ ചോദ്യം എന്നില്‍ അവശേഷിക്കുന്നു ഇപ്പോഴും....

+++ ഇവിടെ അവസാനിക്കുന്നു +++++++