Saturday, June 10, 2017

ചാള അധികം എരിവ് ഇല്ലാതെ

Memoir

ചാള അധികം എരിവ് ഇല്ലാതെ മാങ്ങ ഇട്ട് വെച്ചത് കൂട്ടാൻ ഒരു മോഹം തോന്നി. എന്റെ വീട്ടുകാരിക്ക് ചാള നന്നാക്കിയാൽ പിന്നെ അന്ന് അടുക്കളയിൽ നിൽക്കാനോ മറ്റു ആഹാരസാധനങ്ങൾ കഴിക്കുവാനോ പറ്റില്ല. ഇപ്പോൾ തൃശൂരിലെ രണ്ട് സൂപ്പർ മാർക്കറ്റിൽ ചാള നന്നാക്കി കിട്ടും . അങ്ങിനെ ഒരു നാൾ അവൾ പോയി ചാള വാങ്ങി എനിക്ക് വെച്ച് തന്നു. ഞാൻ ഒരു കിലോ ചാള നാല് ദിവസം കൊണ്ട് കഴിച്ച് തീർത്തു .
അഞ്ചാമത്തെ ദിവസവും എനിക്ക് ചാലക്കറി കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു . ഞാൻ പ്രേമയോട് പറഞ്ഞപ്പോൾ എനിക്ക് ഒരു നേരം കഴിക്കാനുള്ള അയലക്കറി മകന്റെ പക്കൽ കൊടുത്തയച്ചു . പ്രേമയുടെ അയലക്കറി എനിക്ക് ഇഷ്ടപ്പെട്ടു. അത് വേറെ ഒരു സ്റ്റൈൽ ആയതിനാൽ എന്റെ പെണ്ണ് കഴിച്ചില്ല .
ഞങ്ങളുടെ കറിയിൽ ചാറ് തിക്ക് അല്ല, പ്രേമയുടെ കറിക്ക് നല്ല കട്ടിയുണ്ട് . ഉള്ളിയും തക്കാളിയും മറ്റെന്തൊക്കെയോ ചേർത്തിരുന്നു. എന്തായാലും എനിക്ക് വളരെ ഇഷ്ടമായി . പ്രേമക്ക് കഴുത്ത് വേദനയായി കോളർ ഇട്ടിരിക്കുകയാണ് . അല്ലെങ്കിൽ ഇനിയും ആവശ്യപ്പെടാമായിരുന്നു . ഇന്നെലെ എന്റെ വീട്ടിൽ വേറെ ഒരു വലിയ മീൻ ആയിരുന്നു. ഞാൻ ഒരു കഷ്ണം മാത്രം കൂട്ടി. അധികം കഴിച്ചില്ല.
ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന ഐസ് ഇട്ട മീനിന് സ്വാദ് കുറവാണ് . ഞങ്ങൾ മസ്കത്തിലായിരുന്നു 20 വര്ഷം . വെള്ളിയാഴ്ച അല്ലാത്ത ദിവസം ഞാൻ മീനാക്വഅബൂസിൽ പോയി നല്ല പിടക്കുന്ന ചാള നേരിട്ട് വഞ്ചിയിൽ നിന്നും വാങ്ങിക്കും. അവിടെ കൊച്ചുകൊച്ചു ഫൈബർ ബോട്ടിൽ ആണ് ചെറിയ തോതിൽ മീൻ പിടുത്തം . മീൻ ചന്തയിൽ തന്നെ ബോട്ട് ജെട്ടി ഉണ്ട്. പെന്റിന്റെ അടിഭാഗം മേൽപ്പോട്ട് ചുരുട്ടി വെച്ച് ബോട്ടിന്റെ അടുത്ത് പോയി പിടയുന്ന മീൻ വാങ്ങി നേരെ വീട്ടിൽ പോയി പെണ്ണിന് കൊടുക്കും. അവൾക്കായി സുറുമയും വാങ്ങും .അവിടെ നെയ്മീൻ എന്ന അയക്കൂറക്ക് സുറുമ എന്നാണ് പറയുക . സുറുമ പിടിക്കാൻ പ്രത്യേക ബോട്ടുകൾ ഉണ്ട് . അവർ നല്ല അമ്മിക്കുഴ പോലെ ഉള്ള കഷണങ്ങൾ അറിഞ്ഞുതരും . എല്ലാം വീട്ടിൽ കൊടുത്ത് ഞാൻ വീണ്ടും ഓഫ്സിൽ പോകും.
ഉച്ചക്ക് മാമുണ്ണാനായി വീട്ടിലെത്തിയാൽ കാണണം വറുത്തതും, വെച്ചതും , പിന്നെ മീൻ അച്ചാറും .
ഹാ ! ഒമാനിലെ ചാളക്കും സുറുമക്കും പ്രത്യേക രുചിയാണ് .
ഒമാനിലെ മീൻ വിശേഷവുമായി വീണ്ടും വരാം.

Monday, June 5, 2017

ആഗ്രഹസഫലീകരണം


എന്റെ ചിരകാലാഭിലാഷങ്ങളെല്ലാം പൂർത്തിയായി .ഒരു കാലത്ത് പെന്സിലുകളുടെയും പേനകളുടെയും നടുവിൽ കിടന്നുറങ്ങിയവനായിരുന്നു ഞാൻ. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുന്നാണെനിക്ക് തോന്നിയത് ഒരു  മോണ്ട് ബ്ളാങ്ക് പേന വാങ്ങണമെന്ന്, പക്ഷെ അത്രയും വില കൊടുക്കാൻ ഞാൻ പ്രാപ്തനല്ലായിരുന്നു . അത്  കണ്ടറിഞ്ഞ് എന്റെ ആർക്കിടെക്ടായ മകൾ മലയേഷ്യയിൽ പോയപ്പോൾ എനിക്ക് കൊണ്ടുവന്നു തന്നു.  ഞാൻ ഏറെ സന്തോഷിച്ചു .

 രണ്ട മൂന്ന് കൊല്ലം മുൻപ് തോന്നി ഒരു ഓട്ടോമാറ്റിക് കാർ വാങ്ങണമെന്ന് , അതും സാധിച്ചു . പിന്നെ അല്ലറ ചില്ലറ മോഹങ്ങൾ ഉണ്ട് , അതൊക്കെ അപ്രധാനമായതാണ് .

മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം സാധിച്ച ഞാൻ രണ്ട് മൂന്ന് രോഗങ്ങളുടെ ചികിസ്തിച്ചാലും ഭേദമാകാത്ത രോഗത്തിന്റെ അടിയമാണെങ്കിലും വലിയ പരിക്കില്ലാതെ ജീവിക്കുന്നു.

ഇനി ഈ അവസ്ഥയിൽ അതായത് ആരോഗ്യമുള്ള ഈ സമയത്ത് മരണം കൈവരിച്ചാൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാകും .  സപ്തതി ആഘോഷത്തിന് അധികനാളില്ല , ഇനി അതും കൂടി കഴിഞ്ഞിട്ടായാലും വിരോധമില്ല.

വിചാരിച്ചാൽ നടക്കാവുന്ന ഒരു ആഗ്രഹം കൂടി ഉണ്ട്. പക്ഷെ അത് ഞാൻ മാത്രം വിചാരിച്ചാൽ പോരാ. എന്റെ പാറുകുട്ടിയെയും കൊണ്ട് ഗുരുവായൂർ നടയിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴണമെന്നുണ്ട് . ഞാൻ അവളോട്  പല തവണ പറഞ്ഞുവെങ്കിലും അവൾ ഇതുവരെ അനുസരിച്ചിട്ടില്ല.

എന്ത് ചോദിച്ചാലും ആഗ്രഹിച്ചുതരാറുള്ള പാറുകുട്ടിക്ക് എന്താ ഈ നിസ്സാര കാര്യത്തിന് മാത്രം ഇത്ര വിമുഖത എന്ന്  എനിക്ക് മനസ്സിലാകുന്നില്ല . അപ്പോൾ  നടക്കാൻ പറ്റാത്ത ആ ആഗ്രഹത്തിനെ വിടാം .

കൃഷാ ഗുരുവായൂരപ്പാ ഞാൻ ഉറങ്ങിക്കിടക്കുന്ന നേരം എന്നെ അങ്ങോട്ട് വിളിക്കേണമേ .