Saturday, January 10, 2009

എന്റെ മരുമകള്‍ എവിടെ? [daughter in law]

ഞാന്‍ രണ്ട് കൊല്ലത്തിലേറെയായി കാത്തിരിക്കുന്നു. എന്റെ മരുമകളെ. എവിടെയാണവള്‍????????
ഞാനുദ്ദേശിക്കുന്ന മരുമകള്‍ എന്റെ മകന്റെ ഭാര്യയാണ്.
എന്റെ മകന്‍, സിറ്റി ബേങ്കില്‍ മേനേജരുദ്യോഗം. എഞ്ചിനീയറിങ്ങില്‍ ബിരുദം, ബിസിനസ്സ് മേനേജ് മെന്റില്‍ മാസ്റ്റര്‍ ബിരുദം. കാണാന്‍ സുന്ദരന്‍, ബേങ്കിന്നടുത്ത് ഫര്‍ണിഷ് ചെയ്ത വീടും, സവാരിക്ക് ആഡംബര വാഹനവും. ഒന്നിനും കുറവില്ല.
പക്ഷെ എനിക്കായി ഒരു മരുമകളെ അവന് തരാനായില്ല.
എന്റെ മകളുടെ വിവാഹത്തിന് ശേഷം ഇവിടെ എനിക്ക് ഓമനിക്കാനും, താലോലിക്കാനും, കൊച്ച് വര്‍ത്തമാനം പറയാനും, പിന്നെ ഇടക്ക് തല്ല് കൂടാനും ആരും ഇല്ല.
എന്താണ് മകന്റെ പ്രശ്നം എന്ന് ഞാന്‍ വിലയിരുത്തി.. ആദ്യമാദ്യമെല്ലാം അവന് ചില തരം കുട്ടികളെ വേണ്ട എന്നെല്ലാം പറഞ്ഞിരുന്നു. ഇപ്പോ അതിലൊക്കെ കുറച്ച് അയവ് വരുത്തിയിട്ടുണ്ട്.
എനിക്ക് ജാതകത്തില്‍ വിശ്വാസം ഇല്ല. ഞങ്ങളുടെ ജാതിക്കാര്‍ക്ക് അതൊരു പാരയാണ്. കുട്ടികളെ ബോധിച്ചാല്‍ ഈ എടാകൂടം വന്ന് കൂടും.
അങ്ങിനെ കുറച്ച് നാള്‍ കഴിഞ്ഞ് ജാതകം ചേര്‍ന്ന കുട്ടികളെ പോയി കണ്ട് തുടങ്ങി.
നമ്മള്‍ ഇന്ന് മോഡേണ്‍ യുഗത്തിലല്ലേ? എന്തിനാ ഈ അന്ധ വിശ്വാസങ്ങളൊക്കെ. അയലത്തെ കൃസ്ത്യന്‍ സമുദായത്തില്‍ പെട്ട കുട്ടികള്‍ക്ക് കല്യാണം വേണെന്ന് തോന്നി.........
രണ്ട് മാസത്തിന്നകം കല്യാണം. എന്താണു ഈ ചേരിതിരിവ്..
ഞാന്‍ പണ്ട് യൂറോപ്പില്‍ പഠിക്കുന്ന കാലത്ത് അവിടെ ‘ലിവിങ്ങ് ടുഗെദര്‍ ബേച്ചലേര്‍സ്’‘ കണ്‍സെപ്റ്റ് ഉണ്ടായിരുന്നു. എത്ര സൌകര്യം. സുഖ സുന്ദരമായ ജീവിതം. അമ്മയുമില്ലാ, അമ്മായി അമ്മയുമില്ല........
രണ്ട് പേരും പണിയെടുക്കുന്നു.. ജീവിക്കുന്നൂ........
ഇപ്പോ നമ്മുടെ മെട്രൊ നഗരങ്ങളിലും ഇത്തരം രീതി വന്നിരിക്കണമെന്നണെന്റെ നിഗമനം.
ഇവിടുത്തെ പുത്രന് വയസ്സ് മുപ്പത്തി ഒന്ന്. എന്നെ പോലെ കഷണ്ടി കയറി തുടങ്ങിയോ എന്നൊരു സംശയം.
ഇനി ഇങ്ങനെ കാത്ത് കാത്തിരുന്നാല്‍, ഇനി കൊച്ചുപിള്ളേരെയൊന്നും കിട്ടില്ല......
എടാ മോനെ വേഗം നോക്കിക്കോ കാര്യങ്ങളൊക്കെ..
ഇവിടെ എന്റെ കെട്ട്യോള്‍ക്കും എനിക്കും വാര്‍ദ്ധക്യ സഹജമായ ഓരോ അസുഖങ്ങള്‍...
കുറച്ച് ചൂടുവെള്ളം ഉണ്ടാക്കി തരാനും കഞ്ഞി വെച്ച് തരാനും ആരുമില്ലാ...
വരാന്‍ പോകുന്ന മരുമകള്‍ ഞങ്ങളെ ജീവിതകാലം മുഴുവന്‍ പരിപാലിക്കണമെന്നല്ല പറയുന്നത്.
ഞങ്ങള്‍ക്ക് തീരെ വയ്യാണ്ടായാല്‍ പോയി നിക്കാമല്ലോ മരുമോള്‍ടെ അടുത്ത്..
ഇപ്പോ ചെക്കന്റെ അടുത്ത് ഇടക്ക് പോയി നില്‍ക്കുമ്പോള്‍ എന്റെ കെട്ട്യോള് അവിടുത്തെ വാല്യേക്കരത്തിയെ പോലെയാ... അവന് വെച്ചു വിളമ്പാനും, വീട് നോക്കാനും.
പിന്നെ ഞാന്‍ പോകണം അങ്ങാടീല്...... മരക്കറി വാങ്ങാനും മറ്റും.
അതിനാല്‍ ഞാന്‍ ചെക്കന്റെ താമസ സ്ഥലത്തിപ്പോള്‍ പോകാറില്ല.
ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നൂടെ ഈ ചെക്കന്.
മക്കളുണ്ടായിട്ടെന്താ കാര്യം എന്ന് ചിലപ്പോള്‍ ആലോചിക്കും.
ഇനിയുള്ള കാലം മക്കളെയും മരുമക്കളെയും ഒക്കെ സ്വപ്നം കാണാതെ ജീവിക്കാന്‍ പഠിക്കണം...
എന്നാലും എന്റെ മരുമോളെ നിന്നെ ഈ അഛനൊന്ന് കാണണം. വേഗം വരൂ........ ഞാന്‍ യാത്രയാകുന്നതിന് മുന്‍പ്..........

17 comments:

DeeperWithin said...

but the modern gals that u r lukin for wont be the ones those wud make kanji and payaru ....there lies the main prob !!

പൊറാടത്ത് said...

“ചെക്കന്റെ അടുത്ത് ഇടക്ക് പോയി നില്‍ക്കുമ്പോള്‍ എന്റെ കെട്ട്യോള് അവിടുത്തെ വാല്യേക്കരത്തിയെ പോലെയാ... അവന് വെച്ചു വിളമ്പാനും, വീട് നോക്കാനും.
പിന്നെ ഞാന്‍ പോകണം അങ്ങാടീല്“


:)

മാണിക്യം said...

എനിക്കും വേണം ഒരു മരുമോളെ
എന്റെ മോനു 28 വയസ്സ്
അവനോട് പെണ്ണു കെട്ടാന്‍ പറഞ്ഞിട്ട്
അവന് ഈ പറഞ്ഞ ഡിമാന്റ്,


അഞ്ച് ‘ക’യുള്ള പെണ്ണ് വേണം
അതെന്നാടാ ഈ അഞ്ചു‘ക’?
കാഴ്ച -
കൈപുണ്യം -
കാര്യശേഷി -
കാശ് -
കനകം -

ങേഃ? നിന്നനില്‍പ്പില്‍ ഞാന്‍ അന്തം വിട്ടു,
കനകം? അതാരാ ?

അതേ എനിക്ക് അറ്റ്ലസ് ജൂവലറി വേണ്ടാ മലബാറ് ഗോള്‍ഡ് മതി..
എന്നു വച്ചാല്‍?

ജനകോടികളുടെ വിശ്വസ്തസ്ഥാപനമല്ല
ബ്യൂട്ടി മീന്‍സ്സ് ക്വാളിറ്റി
ക്വാളിറ്റിയൂള്ള് പെണ്ണ് മതീന്ന്...


അവന്‍ നടന്നു നിന്നു ന്റെ ഓടെതമ്പുരാനെ!!
ഇന്നത്തെ കാലത്തെങ്ങാന്‍ നടപ്പ് ഉള്ള സംഗതിയാണൊ?


ഞാന്‍ തലേല്‍ കൈ വച്ചു മറ്റൊന്നും കൊണ്ടല്ല,ഇന്നത്തെ പെണ്‍പിള്ളാര്‍ പണ്ടത്തെ പോലല്ല. മിടുക്കരാ, വ്യക്തിത്വമുള്ളവര്‍,ഒരു വെറും വീട്ടമ്മയായ് മാത്രം നില്‍ക്കാനൊ അണുങ്ങള്‍ പറയുന്ന മണ്ടത്തരം മുള്ളോടെ വിഴുങ്ങണ്ട ചക്കയാ‍ണന്നൊ ഇന്ന് പെണ്‍കുട്ടികള്‍ സമ്മതിച്ചു തരില്ല .തലയ്ക്കകത്ത് ആളു താമസമുണ്ട്..അപ്പോ യെവന്റെ കെട്ട് കണ്ടിട്ട് ചാവാന്‍ പറ്റുമോ എനിക്ക് ?
ഞാനും ചോദിച്ചു തുടങ്ങി എന്നൊട് ,
അപ്പൊഴാ ജേപിടെ വിലാപം .....

അനില്‍@ബ്ലോഗ് // anil said...

വരും മാഷെ,
വരാതിരിക്കില്ല.
പക്ഷെ “ഇതിനായിരുന്നോ നീ വന്നത് ?” എന്നു ചോദിക്കാനിടവരാതിരിക്കട്ടെ....

കണ്ണൻ എം വി said...

ബൂലോകത്ത് എത്ര കൊച്ചു പെണ്‍പിള്ളേര്‍ തത്തിക്കളിക്കുന്നു, ഇതു കണ്ട് ആരെങ്കിലും വരെട്ടെ എന്ന് ആശംസിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ കാണാകുയില്‍
താങ്കള്‍ പറഞ്ഞത് വളരെ വാസ്തവം.
ഈ ബൂലോകത്ത് ഇത് കുറച്ച് പേര്‍ കാണാതിരിക്കില്ല. ആരെങ്കിലും വരാതിരിക്കില്ല.
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

ജെ പി വെട്ടിയാട്ടില്‍ said...

hello deeper
i agree for yr comments
but at least i can feel her presence.
i am sure she will offer us what she eat N drink. we r comfortable even in that manner.

ജെ പി വെട്ടിയാട്ടില്‍ said...

മാണിക്യം
അപ്പോള്‍ നമ്മള്‍ തുല്യ ദു:ഖിതരാണല്ലെ.
പക്ഷെ നിങ്ങള്‍ താമസിക്കുന്ന യൂറോപ്യന്‍ - അമേരിക്കന്‍ നാടുകളില്‍ ഈ പെണ്ണന്വേഷിച്ച് പോകുന്ന ഏര്‍പ്പടില്ലല്ലോ?
ഇനി ചെറുക്കന് ഒരുത്തിയെ കിട്ടിയില്ലെങ്കില്‍ ഒന്നിനെ വിളിച്ചോണ്ട് വന്ന് അവനൊട് മിംഗിള്‍ ചെയ്യാന്‍ വിട്ടുകൂടെ.
ഈ ഡെറ്റിങ്ങ് സമ്പ്രദായത്തിന്റെ പറുദീസയാണല്ലോ ആ മഞ്ഞുമൂടിക്കിടക്കുന്ന താഴ്വരയില്‍. ഞാന്‍ ഇവിടുത്തെ ചെറുക്കനെ അങ്ങോട്ടയക്കട്ടെ?!!!!!

ജെ പി വെട്ടിയാട്ടില്‍ said...

ഹലൊ അനില്‍ @ ബ്ലഓഗ്
താങ്കള്‍ പറഞ്ഞതിലും വാസ്തവം.
അങ്ങിനെയാണെങ്കില്‍ നമ്മള്‍ അവളുടെ കാര്യങ്ങളില്‍ ഇടപെടാതിരുന്നാല്‍ മതിയല്ലോ.
തൃശ്ശൂരില്‍ നിന്ന് മംഗളങ്ങള്‍ നേരുന്നു........

കൊച്ചുത്രേസ്യ said...

വരാനുള്ളതൊക്കെ കള്ളവണ്ടി കേറിയാണെങ്കിലും വരും മാഷേ..

പിന്നെ.. ഇങ്ങനെ പുത്ര/പുത്രീദുഃഖത്താൽ വലയുന്ന മാതാപിതാക്കള്‌ എല്ലാരും കൂടി വല്ല സംഘടനയുമുണ്ടാക്കുന്നുണ്ടെങ്കിൽ അറിയിക്കണേ.. എനിക്കു വളരെ അടുത്തു പരിചയമുള്ള ഒരു 'വ്യാകുല'മാതാവിനു വേണ്ടി ഒരു മെംബർഷിപ്പ്‌ എടുക്കാനാണ്‌:-))

Typist | എഴുത്തുകാരി said...

ഞങ്ങള്‍ ഏറ്റെടുക്കണോ മാഷേ? കമ്മീഷന്‍ കിട്ടണം.

lakshmy said...

kaanunnathinu mumbu snehichi thudangunna ee ammayiyachante marumakaan orupaadu punyam cheyyanam.
ennaalum ammayiyachaaaaaaa itrem aasayum,pratheekshayum venoooooo.:!



"Anticipation is the enemy of pleasure"

ennalummmmmmmmmmmm


"Let your belief protect you" "P

Sureshkumar Punjhayil said...

hahahah Athimanhoram.. Prakashetta... Kuttikalude Phot Kalakki ketto...!!!

SreeDeviNair.ശ്രീരാഗം said...

സ്വപ്നങ്ങള്‍,സ്വപ്നങ്ങള്‍...
മായാപ്രപഞ്ചങ്ങള്‍!
കാണാന്‍ കൊതിക്കുന്ന
മോഹത്തിന്‍ ഭാഷകള്‍....


ആശംസകള്‍

ചാണക്യന്‍ said...

മാഷ് വിഷമിക്കാതിരി....മകന് 31 വയസ്സല്ലെ ആയുള്ളൂ....വരാനുള്ളത് വരും വഴിയില്‍ തങ്ങില്ല....
40 വയസ്സായ ഞാനിവിടെ പുര നിറഞ്ഞ് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുവാണേ...:)

muralidharan p p said...

ജെ.പി സര്‍,
ഇതാ ഒരു വരം തരുന്നു. ഭീഷ്മര്‍ക്ക് കിട്ടിയ വരം. സ്വയം വിചാരിക്കാതെ ധര്‍മരാജാവും അടുക്കാത്ത വരം. പക്ഷെ ഒരു വ്യവസ്ഥ മാത്രം-അങ്ങിനെ പെട്ടെന്നൊന്നും തോന്നരുതെന്ന് മാത്രം. കാരണം ഈ കഥകളൊക്കെ ഒന്നു മുഴുമിപ്പിക്കണ്ടേ. വ്യഥ വേണ്ട് ജെ.പി.സര്‍. മകന്‍റെ കല്യാണോം മകന്‍റെ മക്കളുടെ കാതുകുത്തും ഒക്കെ കാണാള്ള യോഗം ഉണ്ടല്ലോ.

മുരളീധരന്‍.പി.പി.

Unknown said...

atlast ur son found me........so al r waiting 4 my arrival