Sunday, September 27, 2009

മരുമകള്‍ സേതുലക്ഷ്മിയേയും കൊണ്ട്

ഞാനിന്നെലെ എന്റെ മരുമകള്‍ സേതുലക്ഷ്മിയെ എന്റെ തേവരുടെ നടയില്‍ കൊണ്ട് പോയി തൊഴീപ്പിച്ചു. മോന്റെ കല്യാണം കഴിഞ്ഞാല്‍ മക്കളെ രണ്ട് പേരെയും അമ്പലത്തില്‍ കൊണ്ടോകണം എന്നാശിച്ചതായിരുന്നു. പക്ഷെ മകന് അമ്പലങ്ങളിലെ സന്ദര്‍ശനമൊന്നും വലിയ ഇഷ്ടമില്ലാ എന്നാ മനസ്സിലാക്കുന്നത്.

ചെറിയ പ്രായത്തില്‍ അവന് അമ്പലത്തില്‍ പോകാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. മകനും മകളും ജനിച്ച് വളര്‍ന്നത് വിദേശത്തായിരുന്നു. അവിടെ ആ കാലത്ത് ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നതിനാല്‍ , അമ്പലം എന്നൊരു സങ്കല്പം അവന് ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കാന്‍ ഒരു കൃഷ്ണ വിഗ്രഹം മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ. മകനും മകളും കൃഷ്ണെനെ കാണുന്നത് വിഷു ഒന്നാം തീയതിയാണ്. കൊല്ലത്തില്‍ ഒരിക്കല്‍ ബീനാമ്മ കുട്ടികള്‍ക്ക് വിഷുക്കണി ഒരുക്കിയത് കാണിച്ച് കൊടുക്കും.

ഈശ്വരനോടുള്ള അടുപ്പം അത്രയേ മകന് ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും മസ്കത്തിലെ ശിവ ക്ഷേത്രത്തില്‍ ഞങ്ങള്‍ പോകാറുണ്ട്. പക്ഷെ കൂടെ കൂടെ ഞങ്ങള്‍ക്ക് അവിടെ പോകാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന മത്രായില്‍ നിന്ന് 5 കിലോമീറ്ററുള്ള മസ്ക്കത്തിലെത്താന്‍ ചിലപ്പോല്‍ ഒരു മണിക്കൂറിലേറെ എടുക്കുമായിരുന്നു. പിന്നെ ഈ അമ്പലത്തിലെ ആരാധന ചിട്ടകള്‍ ഗുജറാത്തി സ്റ്റൈലില്‍ ആയിരുന്നു.

നമ്മുടെ നാട്ടിലെ പോലെ തോര്‍ത്ത് മുണ്ട് ഉടുത്ത് പൂണൂലിട്ട പൂജാരിമാരെ അവിടെ കാണാന്‍ പറ്റില്ല. അതിനാല്‍ ചിലപ്പോള്‍ നമുക്ക് ഒരു തൃപ്തി തോന്നാറില്ല. എന്നാലും ചിലപ്പോള്‍ അവിടെ പോകാറുണ്ട്. പക്ഷെ ഈശ്വരവിശ്വാസം മകനില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് ആയില്ല എന്നൊരു ദു:ഖസത്യം മാത്രം.

മകന് വരാന്‍ പോകുന്ന പെണ്‍കുട്ടിക്ക് ഈശ്വര വിശ്വാസമുള്ളവളായിരിക്കണമെന്ന് മാത്രമേ ഞാന്‍ എന്റെ അച്ചന്‍ തേവരോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. ഈശ്വര കടാക്ഷം എന്നേ പറയേണ്ടൂ. നല്ല ഈശ്വര വിശ്വാസം ഉള്ള പൊന്നിന്‍ കുടം പോലൊരു മരുമകളെത്തന്നെയാണ് എനിക്ക് എന്റെ തേവര്‍ കണ്ടെത്തിയത്.

പക്ഷെ മകനില്‍ ഒട്ടും ഈശ്വരവിശ്വാസം ഇല്ലാത്തതിനാല്‍ അവന്റെ പ്രതീക്ഷക്ക് വിപരീതമായുള്ള ഗുണങ്ങളാണ് എന്റെ മരുമകള്‍ക്കുണ്ടായത്. മകന് പെണ്ണന്വേഷിക്കുമ്പോള്‍ അമ്മയോട് പറഞ്ഞ കണ്ടീഷന്‍സ് അല്പം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എനിക്ക് ഐടി ജോലിക്കുന്ന പോകുന്നവരും തടിച്ച പ്രകൃതമുള്ളവരുമായ പെണ്‍കുട്ടികള്‍ വേണ്ടാ എന്ന്. അങ്ങിനെ ആദ്യകാലത്ത കുറച്ചധികം നല്ല ബന്ധങ്ങള്‍ കൈയില്‍ നിന്ന് പോയി.

ഇന്നെത്തെ കാലത്ത് നമ്മള്‍ ഈശ്വരനെ പോലെ ആരാധിക്കേണ്ടവരാണ് ഐടി പ്രൊഫഷണനായി എടുത്തിട്ടുള്ളവരെ. ഈ നൂതന ലോകം മോഡേണ്‍ ടെക്നോളജിയിലൂടെ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലൂടെ. സോഫ്റ്റ്വേര്‍ മേനേജ്മെന്റിലൂടെ കെട്ടിപ്പടുക്കുന്നവരാണ് ഐടി മക്കള്‍. അവരെ വേണ്ടായെന്നോ? അതും ന്യൂ ജനറേഷന്‍ മള്‍ട്ടി നേഷണല്‍ ബാങ്കിന്റെ മേനേജരായ എന്റെ മകന്‍. ലജ്ജാവഹമായാണ് എനിക്ക് തോന്നിയത്.
രണ്ട് കൊല്ലം നടന്ന് പെണ്ണന്വേഷിച്ച അന്വേഷിച്ച് ഞാനും, എന്റെ സഹധര്‍മ്മിണിയും, ബന്ധുക്കളെല്ലാവരും തോറ്റു. അവസാനം ഒരു ശിക്ഷയെന്ന പോലെ അവനൊരുത്തിയെ ഇഷ്ടപ്പെട്ടു. കമ്പ്യൂട്ടര്‍ ബിരുദധാരിയും, തടിച്ചതുമായ ഒരു സുന്ദരിക്കുട്ടിയെ. എനിക്ക് ചിരി വന്നു. പക്ഷെ ഞാനവനെ പരിഹസിച്ചില്ല. പക്ഷെ അവന് പണ്ട് കൂട്ടുനിന്ന അവന്റെ തള്ളയെ ഞാന്‍ ചീത്ത വിളിച്ചു.

പണ്ടേ കുറച്ച് റിലാക്സ്ഡ് ആയിരുന്നെങ്കില്‍ എനിക്ക് ഓമനിക്കാന്‍ രണ്ട് പേരക്കുട്ടികളെ കിട്ട്യേനെ! വെറുതെ രണ്ട് കൊല്ലം വൃഥാവിലായി എന്ന് പറഞ്ഞാല്‍ പോരെ.

മരുമകളോട് ഞാന്‍ കുറച്ച് ദിവസം പറഞ്ഞിരുന്നു. രണ്ട് പേരും കൂടി അച്ചന്‍ തെവരെ കാണാന്‍ പോകണമെന്ന്. അവന്റെ തള്ളയോടും പറഞ്ഞിരുന്നു. അവള്‍ മക്കളെ കോണ്ട് പോയതും ഇല്ല, അവര്‍ സ്വയം പോകുകയും ചെയ്തില്ല.

എന്റെ പ്രിയ പത്നി ബീനാമ്മ അച്ചന്‍ തേവരെ കാണാന്‍ പോകാറില്ല. പകരം വെളിയന്നൂര്‍ കാവില്‍ പോയി ദേവിയെ കാണും. എന്നോട് പറയും നമ്മുടെ തട്ടകത്തിലെ ക്ഷേത്രം വെളിയന്നൂര്‍ കാവാണ്.

അങ്ങിനെ അവള്‍ വെളിയന്നൂര്‍ക്കാവിലെ ദേവിയേയും, ഞാന്‍ കൂറ്ക്കഞ്ചേരിയിലെ അച്ചന്‍ തേവരേയും ആരാധിച്ച് പോന്നു. ഞാന്‍ പതിനാറ് കൊല്ലം മുന്‍പ് എന്റെ ജന്മനാടായ ചെറുവത്താനിയില്‍ നിന്ന് ചേക്കേറിയതാണ് തൃശ്ശിവപേരൂരിലെ ഈ ഇടത്തേക്ക്. എന്നെ ഈ നാട്ടിലെ അറിയപ്പെട്ടവനാക്കിയത് അച്ചന്‍ തേവരും സമീപപ്രദേശങ്ങളിലെ നാട്ടുകാരും ആണ്. അച്ചന്‍ തേവര്‍ അമ്പലത്തില്‍ പോകുന്ന ഏക വെളിയന്നൂര്‍ക്കരനാണ് ഞാനും.

എനിക്ക് എന്ത് പ്രശ്നം വന്നാലും, സാമ്പത്തികമോ, പൊതുവാ‍യതോ എന്നെ രക്ഷിക്കുന്നത് അച്ചന്‍ തേവരും തേവരുടെ പ്രജകളും ആണ്. ആ നാട്ടുകാറ്ക്കെന്നെ അറിയാം. അങ്ങിനെ എന്നെ ആ നാട്ടുകാര്‍ അമ്പലം കമ്മറ്റിയില്‍ മൂന്ന് വര്‍ഷം മുന്‍പ് സെക്രട്ടറിയാക്കി. പിന്നീട് കഴിഞ്ഞ കൊല്ലം മുതല്‍ പ്രസിഡണ്ട് പദവി നല്‍കി ആദരിച്ചു.

ആ തേവരുടെ നടയിലാണ് ഞാന്‍ ഇന്നെലെ എന്റെ മരുമകളെ കൊണ്ട് പോയത്. സേതുലക്ഷ്മിക്ക് എന്റ് ബ്ലൊഗില്‍ കൂടി അച്ചന്‍ തേവരെ അറിയാമായിരുന്നു. അവളെ ഞാന്‍ ഉപദേവതളായ പാര്‍വ്വതി, ഗോശാലകൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, രക്ഷസ്സ്, നാഗങ്ങള്‍ എന്നിവരേയും ആരാധിക്കാനുള്ള അവസരമൊരുക്കി.



അച്ചന്‍ തേവര്‍ ക്ഷേത്രക്കുറിച്ച് കൂടുതല്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.

ഇവിടെ നോക്കുക



എനിക്ക് സന്തോഷമായി എന്റെ തേവരേ.
"മോളെ ഇനി നമ്മുക്ക് നമ്മുടെ തട്ടകത്തിലെ ദേവീക്ഷേത്രത്തില്‍ പോകാം."

"അതെവിടെയാ അച്ചാ.....?
ഇവിടെ അടുത്ത് തന്നെ.
ഞാന്‍ മരുമകളെയും കൊണ്ട് വെളിയന്നൂര്‍ക്കാവിലെ ദേവീ നടയിലെത്തി. അവളെ അവിടെ തൊഴീപ്പിച്ചു. അവിടെ നിന്ന് മഞ്ഞള്‍ക്കുറിയും ഇട്ട് കൊടുത്തു.

"ഇനി നമുക്ക് ഈ നാടിന്റെ അധിപതിയായ വടക്കുന്നാഥനെ വണങ്ങാം. സമയമുണ്ടെങ്കില്‍ പാറമേക്കാവ് ദേവിയേയും ദര്‍ശിക്കാം."
അങ്ങിനെ ഞങ്ങള്‍ ശ്രീ വടക്കുന്നാഥന്റെ സന്നിഥിയിലെത്തി.

സേതുലക്ഷ്മിക്ക് ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നത്രേ വടക്കുന്നാഥനെ ഒരിക്കലെങ്കിലും ദര്‍ശിക്കാന്‍. അവളുടെ ആഗ്രഹം പോലെ അവളെ തൃശ്ശൂര്‍ക്കാരന്റെ വധുവാക്കി ശ്രീ വടക്കുന്നാഥന്‍. അവള്‍ ഭാഗ്യവതി തന്നെ.!!!

വടക്കുന്നാ‍ഥന്‍ ക്ഷേത്രത്തില്‍ ആരാധനക്ക് ചില ചിട്ടകളുണ്ട്. പക്ഷെ അതെല്ലാം നോക്കി പലരും ചെയ്യുന്നില്ലാ എന്നാണ് ഞാന്‍ ധരിച്ച് വെച്ചിരിക്കുന്നത്. ഞാന്‍ മോളേയും കൊണ്ട് പോയ വഴികള്‍ ഇവിടെ വിവരിക്കാം.

ഞങ്ങള്‍ ക്ഷേത്രത്തിന്നുള്ളി പ്രവേശിച്ച് ഇലഞ്ഞിയുടെ അരികില്‍ നിന്ന് ശ്രീ വടക്കുന്നാഥനെ പുറത്ത് നിന്ന് വണങ്ങി. പിന്നീട് ഭഗവാന്‍ കൃഷ്ണനെ തൊഴുതു. അതിന്‍ ശേഷം മകളെ ജലധാരയുടെ മദ്ധ്യത്തിലുള്ള ശിവനെ ദര്‍ശിച്ചു. പിന്നീട് വൃഷഭനെ വണങ്ങി, അങ്ങോട്ട് പോകും വഴി ഞാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കനകാംബരത്തിന്റെ ഒരു പൂവെടുത്ത് സേതുവിന് കൊടുത്തു. ഞാ‍നും കനകാംബരവും തമ്മിലുള്ള അടുപ്പത്തിന്റെ കഥ വളരെ വലുതാണ്‍, അത് പിന്നീട് പറയാം.





അങ്ങിനെ നടന്ന് ഞങ്ങള്‍ പരശുരാമനെ വണങ്ങി, നേരെ നടന്ന് സിംഹോദരനെ വണങ്ങി, സിംഹോദരന്റെ മുന്നില്‍ കാണുന്ന ചുമരിലെ ത്രികോണ ദ്വാരത്തിലൂടെ വടക്കുന്നാഥന്റെ ശ്രീകോവിലിന്റെ താഴികക്കുടം ഞാന്‍ മകള്‍ക്ക് ദര്‍ശിക്കാന്‍ കാണിച്ച് കൊടുത്തു. അങ്ങിനെ നടന്ന് നടന്ന് ഞങ്ങള്‍ വേട്ടേക്കരന്റെ മുന്നിലെത്തി. വേട്ടേക്കരനെ തൊഴുത് വലം വെച്ച് ഞങ്ങള്‍ വ്യാസ ശിലയില്‍ " ഓം നമോ ഗണപതായെ നമ:" എന്ന് സേതുവിനെ കൊണ്ട് എഴുതിപ്പിച്ചു. ഞാനും എഴുതിയതിന് ശേഷം സ്വാമി അയ്യപ്പനെ തൊഴുതു.

സേതുവിനെ കൊണ്ട് അയ്യപ്പന് എള്ള് തിരി കത്തിപ്പിച്ചു. അതിന്‍ ശേഷം നാഗങ്ങളെ വണങ്ങി, ശ്രീ ചക്രം കണ്ട് വണങ്ങിയിട്ട്, ശ്രീ ശങ്കരാചാര്യരെ തൊഴുത് വടക്കുന്നാഥനെ തൊഴാന്‍ അമ്പലത്തിന്നുള്ളില്‍ പ്രവേശിച്ചു. പ്രവേശന കവാടത്തിലുള്ള ഭഗവാന്റെ വാഹനമായ കാളയെ വണങ്ങി, വടക്കുന്നഥന്റെ തിരുനടയില്‍ എത്തി. വടക്കുന്നാഥനെ തൊഴുത ശേഷം, പാര്‍വ്വതിയെ വണങ്ങി, സ്വയം ഭൂവായ ഭഗവാനെ വന്ദിച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട്, ശങ്കരനാരായണനെ വണങ്ങിയതിന് ശേഷം ശ്രീരാമനെ തൊഴുത് അമ്പലത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങി.

സേതു എന്നെ നോക്കി പുഞ്ചിരിച്ചു. അവള്‍ക്ക് സന്തോഷമായി. ഞാനും ചിരിച്ചു. ഇനി എന്നെ വയസ്സാന്‍ കാലത്ത് ഇവള്‍ ഇവിടെ കൊണ്ടോകുമല്ലോ എന്ന ആത്മഗദത്തോടെ ഞാന്‍ മകളുടെ കൈയും പിടിച്ച് ക്ഷേത്രത്തിന്‍ വെളിയില്‍ കടന്നു.

ഇനി അവളെ പാറമേക്കവിലും തിരുവമ്പാടിയിലും തൊഴീപ്പിക്കണം. അപ്പോളേക്കും വന്നു ബീനാമ്മയുടെ ഫോണ്‍ വിളി.

"എന്താ മോളേ.. നീ എവിടെയാ........."
ബീനാമ്മ വിചാരിച്ചു ഞാന്‍ അവളെ അച്ചന്‍ തേവരെ കാണിച്ച് ഇപ്പോ ഇങ്ങട്ട് ഓടിയെത്തുമെന്ന്.
"എനിക്കറിയാമായിരുന്നു എന്താ ബീനാമ്മ പറയാന്‍ പോകുന്നതെന്ന്. അതിനാല്‍ ഞാന്‍ ഫോണ്‍ സേതുവിന്റെ കൈയില്‍ കൊടുത്തു."

എന്റെ പെണ്ണൊരുത്തിയുടെ ഓരോ പ്രവര്‍ത്തിയേ. അമ്മായിയപ്പന്റെ കൂടെയല്ലേ കുട്ടി പോയിരിക്കുന്നത്. അതും ക്ഷേത്ര ദര്‍ശനത്തിന്. പ്രാതല്‍ കുറച്ച് വൈകി കഴിച്ചാലും മതിയല്ലോ.

"പെണ്‍കുട്ടി കാപ്പിയും പലഹാരവും കഴിക്കാതെ തളരുമല്ലോ എന്നായിരുന്നു അമ്മായിയമ്മയുടെ പേടി. എന്തൊരു സ്നേഹമാണെന്നോ മരുമകളെ???? "
ഈ സ്നേഹം എന്നുമുണ്ടായാല്‍ മതി എന്റെ തേവരേ. സീരിയലായ സീരിയലെല്ലാം കണ്ട്, ഇനി പ്രാക്ടിക്കലിന്നായി എന്റെ കുട്ടീടെ ദേഹത്ത് കേറാഞ്ഞാല്‍ മതി.

റീത്ത ചേച്ചി ആലപ്പാട്ടെക്ക് ഉച്ചഭക്ഷണത്തിന്‍ മോനേയും, മരുമകളേയും, ബീനാമ്മയെയും വിളിച്ചിട്ടുണ്ട്. എന്നെ പ്രത്യേകമായി ക്ഷണിച്ചിട്ടൊന്നും ഇല്ല. ചേച്ചിയുടെ വീടല്ലേ. എന്തിനാ ക്ഷണം അല്ലേ. പോയി ഉള്ളത് ശാപ്പിടാം.
അവിടെ പോയാല്‍ റീനയുടെ കുട്ട്യോളെ കാണാലോ എന്നായിരുന്നു എന്റ് സന്തോഷം.

അപ്പോ ബീനാമ്മ പറയുകാണ് റീനയും കുട്ട്യോളും വരുന്നുണ്ടെന്ന് തോന്നുന്നില്ലാ എന്ന്.
അങ്ങിനെയാണെങ്കില്‍ എന്തിനാ ആലപ്പാട്ടെക്ക് പോകണ് . എനിക്കവിടെ ഇരുന്ന് ബോറഡിക്കില്ലേ?

ഞാന്‍ സേതുലക്ഷ്മിയേയും കൊണ്ട് തിരുവള്ളക്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പോയി കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നത് കാണാന്‍ പോകാനായിരിക്കയായിരുന്നു.

അപ്പോളിതാ ബീനാമ്മയുടെ രോദനം. ആലപ്പാട്ടെക്ക് പോകുകയാ ഞങ്ങള്‍.
ഇനി ഞാന്‍ ആലപ്പാട്ടെക്ക് പോകുന്നില്ലാ എങ്കില്‍ എനിക്ക് ഉച്ചക്കുള്ള ശാപ്പാടുണ്ടാകില്ല.

അപ്പോള്‍ ഞാന്‍ ആലപ്പാട് പോയി വരാം.
ഇനിയും കുറേ എഴുതാനുണ്ട്. ആലപ്പാട് പോയി വന്നിട്ടെഴുതാം.
ബൈ 4 നൌ.

സീ യു ലേറ്റര്‍

[തുടരും താമസിയാതെ]

11 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാനിന്നെലെ എന്റെ മരുമകള്‍ സേതുലക്ഷ്മിയെ എന്റെ തേവരുടെ നടയില്‍ കൊണ്ട് പോയി തൊഴീപ്പിച്ചു. മോന്റെ കല്യാണം കഴിഞ്ഞാല്‍ മക്കളെ രണ്ട് പേരെയും അമ്പലത്തില്‍ കൊണ്ടോകണം എന്നാശിച്ചതായിരുന്നു. പക്ഷെ മകന്‍ അമ്പലങ്ങളിലെ സന്ദര്‍ശനമൊന്നും വലിയ ഇഷ്ടമില്ലാ എന്നാ മനസ്സിലാക്കുന്നത്.

ബൈജു സുല്‍ത്താന്‍ said...

ആലപ്പാട് പോയി വന്ന ശേഷം ബാക്കി ഭാഗം എഴുതണം. പിന്നെ..ഐ വിഷന്റെ പടം എന്താ ഇവിടെ? അയല്പക്കത്തെ ആശുപത്രിയായതിനാലാണോ?

ജെ പി വെട്ടിയാട്ടില്‍ said...

ബൈജു

ആലപ്പാ‍ട് പോയി വന്നതിന് ശേഷം എഴുതാം. എഴുതണോ എന്ന് ആലോചിക്കുകയായിരുന്നു. ഏതായാലും വായനക്കാരുള്ള സ്ഥിതിക്ക് എഴുതാം.

പിന്നെ ഐവിഷനില്‍ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ഞാന്‍ കയറാറുണ്ട്. അവിടെത്തെ ഒരു ഡോക്ടറെ കണ്ടു പരിചയപ്പെട്ടു. വളരെ ഹൃദ്യമായ പെരുമാറ്റം. അവരുടെ ഭര്‍ത്താവും അവരും കൂടി നടത്തുന്ന സ്ഥാപനമാണ്.

ഞാന്‍ അവരെ സന്ദര്‍ശിച്ച അന്ന് ഞാന്‍ ഒരു നേത്ര രോഗിയാണെന്ന് പറഞ്ഞപ്പോള്‍ സൌജന്യമായി അവര്‍ എന്റെ കണ്ണ് പരിശോധിച്ച് അഭിപ്രായങ്ങള്‍ പറയുകയുണ്ടായി. അവരുടെ സ്ഥാപനത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഞാന്‍ പണ്ടൊരിക്കല്‍ എന്റെ ബ്ലൊഗില്‍ എഴുതുകയൂണ്ടായി.

അങ്ങിനെ അവരോട് എനിക്ക് ഉള്ള കടപ്പാടിന്റെ പേരില്‍ ഇത് കണ്ട് നയന രോഗികള്‍ ശ്രദ്ധിച്ചോട്ടെ എന്ന് കരുതിയാണ് ഞാന്‍ ആ പടം അവിടെ ഇട്ടത്.

വളരെ മോഡേണ്‍ എക്യുപ്മെന്റ്സ് ഉള്ള ഒരു ആശുപത്രിയാണ് അത്. ഞാന്‍ കുറച്ച് ദിവസം മുന്‍പ് എന്റെ മകനെ അവിടെ ചികിത്സക്ക് കൊണ്ട് പോയിരുന്നു. തല്‍ക്കാലം കണ്ണട വെക്കാനും പിന്നീട് ചെക്ക് അപ്പിന് ചെല്ലാനും ഡോക്ടര്‍ നിറ്ദ്ദേശിച്ചു.

അതാണ് iVision ന്റെ കഥ

Muralee Mukundan , ബിലാത്തിപട്ടണം said...

ശരിക്കു സ്വപ്നം കാണുന്ന പോലെ വായിച്ചിരിക്കം ...

കുട്ടന്‍ ചേട്ടായി said...

ഞാന്‍ തൃശൂര്‍ ആണ് പോസ്റ്റ്‌ ഗ്രാഡുവേഷ്നു പഠിച്ചതെങ്കിലും വടക്കുംനാദ്ന് ക്ഷേത്രത്തില്‍ പോകാന്‍ പറ്റിയിട്ടില്ല, എന്തായാലും ഉണ്ണിയേട്ടന്റെ വിവരണത്തില്‍ കൂടി അവിടെ പോയ ഒരു പ്രതീതി, ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"മകന്‍ വരാന്‍ പോകുന്ന പെണ്‍കുട്ടിക്ക് ഈശ്വര വിശ്വാസമുള്ളവളായിരിക്കണമെന്ന് മാത്രമേ ഞാന്‍ എന്റെ അച്ചന്‍ തേവരോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. ഈശ്വര കടാക്ഷം എന്നേ പറയേണ്ടൂ. നല്ല ഈശ്വര വിശ്വാസം ഉള്ള പൊന്നിന്‍ കുടം പോലൊരു മരുമകളെത്തന്നെയാണ്‍ എനിക്ക് എന്റെ തേവര്‍ കണ്ടെത്തിയത്."

അഭീഷ്ടസിദ്ധിയില്‍ അഭിനന്ദനം.

ക്ഷേത്രദര്‍ശന രീതികള്‍ കൌതുകത്തോടെ വായിച്ചു. വിശദമായ പ്രതിപാദനത്തിനു നന്ദി.

ആശംസകള്‍.

ഗീതാരവിശങ്കർ said...

sethulekshmi bhaagyavathi thanne ,
ella santhoshangalum eswaran
kaninju nalkatte..

മാക്കന്‍ said...

Haiiiiiiii
kshananam ennoru vaaaku kandu.Athu artham maari upayogichirikayaanennu thoniyathu kondaaanu ee comment.ketu parichayamulla oru vaakaanu.allaaathe ithine patti arivullathukondonnum alla keto.

ജെ പി വെട്ടിയാട്ടില്‍ said...

പ്രിയ മാക്കന്‍
താങ്കള്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഞാന്‍ “ക്ഷണം” എന്നാക്കിയിട്ടുണ്ട്. എന്റെ അറിവ് പരിമിതം ആണ്. മലയാളിയാണെങ്കിലും ഇത്തരം ഗ്രമാറ്റിക്കല്‍ എറര്‍ എനിക്ക് ഏറെ ഉള്ളതായി തോന്നുന്നു.
ഏതായാലും എന്റെ പോസ്റ്റ് വായിച്ചതിന് നന്ദി.

Sureshkumar Punjhayil said...

Shesham kshethra darshanagal koodi aakatte vegam thanne.. njangalum kaathirikkunnu, visheshangalkkaayi. Makanum marumakalkkum njangaludeyum ashamsakal...!!!

asdfasdf asfdasdf said...

പൂമുഖമൊക്കെ മാറ്റീലോ...

'ഇന്നെത്തെ കാലത്ത് നമ്മള്‍ ഈശ്വരനെ പോലെ ആരാധിക്കേണ്ടവരാണ് ഐടി പ്രൊഫഷണനായി എടുത്തിട്ടുള്ളവരെ '.. ഹെന്റെ തേവരേ.... :)