Sunday, November 10, 2013

അമ്പിസ്വാമിയുടെ സദ്യ



സദ്യയുണ്ടിട്ട് കുറേ നാളായി ലക്ഷ്മിക്കുട്ടീ... ഞായറാഴ്ച സ്മിലയുടെ കല്യാണത്തിന് പോയി. പക്ഷെ വലിയ തിരക്കായിരുന്നു ഡൈനിങ്ങ് ഹോളില്‍. ഹോളാണെങ്കില്‍ ചെറുതും. കല്യാണത്തിന് വന്നതോ ആയിരത്തില്‍ കൂടുതല്‍ പേര്‍.

താലികെട്ടുകഴിഞ്ഞാല്‍ പെണ്ണിന്റെയും ചെക്കന്റേയും വീട്ടുകാര്‍ക്ക് ഞെളിഞ്ഞുനിന്ന് ഫോട്ടോ എടുക്കാനാണ് തിരക്ക്. ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം കിട്ടിയോ എന്നോ, ഊണ് കഴിച്ചെന്നോ , കഴിക്കുന്ന സമയം കറികളും, പായസവുമെല്ലാം യഥാസമയം കിട്ടിയോ എന്നൊന്നും നോക്കാനുള്ള നേരമില്ല.



ഭക്ഷണം കഴിച്ചോ എന്നുപോലും അന്വേഷിക്കാറില്ല പലരും. ഹിന്ദു വിവാഹമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.. മറ്റു ജാതിക്കാരുടെ വിവാഹത്തിനാണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ ഇരുവീട്ടുകാരും ക്ഷണിക്കും, അതു കഴിഞ്ഞ് സ്റ്റേജില്‍ കയറിയാല്‍ മതി വധൂവരന്മാരെ പരിചയപ്പെടുവാനും വിഷ് ചെയ്യുവാനും.

ഇനി സദ്യയുണ്ണാന്‍ ഇരുന്നെന്നിരിക്കട്ടെ.... സാമ്പാര്‍ വിളമ്പി ഊണ് തുടങ്ങുതിന്ന് മുന്‍പേ വരും ഒരാള്‍ മോരും രസവും വിളമ്പാന്‍.. സദ്യവിളമ്പാനുള്ള ചിട്ട പലര്‍ക്കും അറിയില്ല.

തൃശ്ശൂരിലുള്ള അമ്പിസ്വാമിയുടെ സദ്യ വളരെ രുചിയുള്ളതും, വിളമ്പല്‍ ആ ചടങ്ങുകളോടെയും ആയിരിക്കും. അതിനാല്‍ അമ്പിസ്വാമി സദ്യക്ക് വളരെ പ്രസിദധനായിരുന്നു.

ഇപ്പോള്‍ സദ്യ വിളമ്പക്കാരെ കിട്ടാനില്ല, സ്കൂള്‍ കുട്ടികളും മറ്റുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആണ് വിളമ്പാന്‍ വരുന്നത്.

തൃശ്ശൂരിലെ തെക്കേമഠത്തിന്നടുത്തുള്ള ലക്ഷീ കല്യാണ മണ്ഡപത്തില്‍ സദ്യയുണ്ണൂ ഒരു ദിവസം. അവിടെ വിളമ്പുന്നത് ചിട്ടയോടെ മാത്രം..

ആദ്യം സാമ്പാര്‍ കൂട്ടി ഊണ് തുടങ്ങിക്കഴിഞ്ഞാല്‍, പിന്നീട് വീണ്ടും ചോറ് വിളമ്പും, അതിനുശേഷം രസമോ മോരോ തരും, കൂട്ടുകറികളും. അവസാനം പായസം. പായസം കഴിഞ്ഞ് വീണ്ടും ചോറ് + തൈര്. കൂടെ നക്കാന്‍ അച്ചാര്‍........... പിന്നേയും വേണമെങ്കില്‍ പായസം കിട്ടും. ആവശ്യത്തിന്നനുസരിച്ച് ജീരക വെള്ളമോ ചുക്കുവെള്ളമോ കിട്ടും.

“ഹാ.... എന്തൊരു സംതൃപ്തി... അങ്ങിനെ ഒരു സദ്യയുണ്ടിട്ട് കാലങ്ങളായി.............”