Showing posts with label തൃശ്ശൂര്‍ പൂരം. Show all posts
Showing posts with label തൃശ്ശൂര്‍ പൂരം. Show all posts

Sunday, May 3, 2009

അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു.



Posted by Picasa

അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു. ഇപ്പോള്‍ രാത്രി 8 മണി - 03-05-09. ഇനി പാതിരക്ക് വെടിക്കെട്ട്. അത് വരെ പൂരപ്പറമ്പില്‍ അലഞ്ഞ് നടക്കാം, സിനിമ കാണാം, സ്മോള്‍ അടിക്കാം, സര്‍ക്കസ്സ് കാണാം, പബ്ബുകളില്‍ ഇരുന്ന് വെടി പറയാം.

കായം കുളം അശോക് കര്‍ത്താ ചേട്ടന്റെ മകനും കൂട്ടരും എത്തിയിരുന്നു. കണ്ടു മുട്ടാന്‍ പറ്റിയില്ല. എനിക്കാണെങ്കില്‍ കുടമാറ്റം ശരിക്ക് പിടിക്കാന്‍ കഴിഞ്ഞില്ല. തിരക്കോട് തിരക്ക്. ഒരു സ്ഥലത്ത് മറിഞ്ഞ് വീഴാന്‍ പോയി. അപ്പോള്‍ തിരക്കില്‍ നിന്ന് ഒഴിഞ്ഞ് സൂമില്‍ ഫോട്ടോ എടുത്തതൊന്നും ശരിയായില്ല. 50 മീറ്റര്‍ നമ്മുടെ സൂത്രത്തില്‍ പിടിക്കില്ല. നിരാശനായി രാമരാജ് കെട്ടിടത്തിന്റെ അടിയില്‍ ഇരിക്കേണ്ടി വന്നു.

കുറച്ച് പടങ്ങള്‍ അടുത്തുള്ളവ പിടിച്ചു രക്ഷപ്പെട്ടു. കുട മാറ്റം അവസാനിക്കുന്നതിന് മുന്‍പ് ഒരു പബ്ബില്‍ അഭയം പ്രാപിച്ചു, അവിടെയുള്ള ടിവി യില്‍ 5 മിനിട്ട് നോക്കി വീണ്ടും തിരികെ വന്നു. ഒരു മരത്തിന്റെ ചില്ലയില്‍ കയറാന്‍ നോക്കി, പക്ഷെ പ്രായം സമ്മതിച്ചില്ല. കാലുകളൊന്നും വിചാരിച്ച മാതിരി അനുസരിക്കുന്നില്ല.

ഉച്ച വരെ നല്ല ഫിറ്റ് ആയിരുന്നു. വിയര്‍ത്ത് കുളിച്ചിരിക്കുമ്പോള്‍ തണുത്ത ബീയര്‍ കുടിക്കാന്‍ നല്ല രസമായിരിക്കും. അല്പം സേവിക്കാന്‍ എലൈറ്റ് ഹോട്ടലില്‍ കയറി. പരിചയക്കാരായവരോട് കുശലം പറഞ്ഞു. അവിടെ ചെന്നപ്പോള്‍ എന്റെ ബ്രാന്‍ഡ് തണുത്തതൊക്കെ കഴിഞ്ഞു. അപ്പോള്‍ മദ്യപാനം വേണ്ടെന്ന് വെച്ചു.

അത് നന്നായി.. രണ്ടെണ്ണം അകത്താക്കിയാല്‍ പിന്നെ കുളിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ വെടിക്കെട്ട് സമയത്ത് എണീക്കാന്‍ പറ്റില്ല. എന്റെ വീടിന്റെ പടിക്കല്‍ നിന്നാല്‍ വളരെ മുകളില്‍ പോയി പൊട്ടുന്നതും വിരിയുന്നതും എല്ലാം കാണാന്‍ കഴിയും. അത്രക്കടുത്താ വീട്.

പൂരം കാണുന്നതിനും, അമ്പലങ്ങളില്‍ പോകുന്നതിനും മുതലായ കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ കണ്ടാണ് ഞാന്‍ കുന്നംകുളത്ത് നിന്നും തൃശ്ശിവപേരൂരിലേക്ക് ചേക്കേറിയത്.

പിന്നെ ഏത് പാതിരാക്കും എനിക്ക് മദ്യപാനം നടത്താന്‍ പറ്റിയ 5 ഹോട്ടലുകള്‍ പത്തടിക്കുള്ളില്‍. സിദ്ധാര്‍ത്ഥ റിജന്‍സി, കേസിനോ, ജോയ്സ്, ട്രിച്ചൂര്‍ ടവേഴ്സ്, അശോക, ദാസ് എല്ലാം ഒരേ നിരയില്‍.

പിന്നെ റെയില്‍വേ സ്റ്റേഷന്‍, പ്രൈവറ്റ് ബസ് സ്റ്റേഷന്‍, ആശുപതികള്‍ തുടങ്ങി എല്ലാം ചേര്‍ന്ന ഒരേ ഒരു സ്ഥലമാണ് തൃശ്ശൂരിലെ കൊക്കാല. ഒരു ദിവസം എനിക്ക് അസുഖം വന്നപ്പോ‍ള്‍ ബീനാമ്മയെ അറിയിക്കാതെ ഞാന്‍ തൊട്ടടുത്ത മെട്രോ ആശുപത്രിയില്‍ പോയി. അവിടെ പോയപ്പോള്‍ അവിടെ കിടക്കണം എന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചു.

പിറ്റേ ദിവസം കാലത്താ ബീനാമ്മക്ക് വെളിപാടുണ്ടായത് ഞാന്‍ എണിറ്റ് പോയ വിവരം.

അങ്ങിനെ എല്ലാ സുഖ സൌകര്യങ്ങളും ഉള്ള സ്ഥലത്താ എന്റെ വാസം. പിന്നെ ധാരാളം കൊതുകുകളും ഇവിടെ ഉണ്ട്. എല്ലാം സുലഭം എന്നര്‍ഥം. ഇവിടെ വെള്ളത്തിന് തീരെ ക്ഷാമമില്ല. ഏത് വേനലിലും എന്റെ കിണറ്റില്‍ 2 കോല് വെള്ളം ഉണ്ട്. പിന്നെ പീച്ചി വെള്ളവും.

ഇനി വെടിക്കെട്ട് കാണാന്‍ ഞാന്‍ എഴുന്നേറ്റാല്‍ ബാക്കി വിശേഷം എഴുതാം. നാളെ പകല്‍ പൂരം ഉണ്ട്. അതിന്ന് ചില ക്ലിപ്പുകള്‍ എടുക്കുന്നുണ്ട്. അതും കൂടി ചേര്‍ത്ത് ഒരു പോസ്റ്റ് ഇടാം.

എനിക്ക് നാളെ തിരക്കാ. അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ പ്രതിഷ്ടാദിനമാണ്. അതിന്റെ തിരക്ക് നാളെ വൈകിട്ട് ഭഗവത് സേവ തൊട്ടു തുടങ്ങും.അവിടെ ഉപ ദേവന്മാര്‍ കുറച്ചധികം ഉള്ളതിനാല്‍, പൂജാരികള്‍ക്ക് പണി പിടുപ്പതുണ്ടാകും.

ശിവന്‍ കൂടാതെ, പാ‍ര്‍വ്വതി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് മുതലായവരുമുണ്ട്. നാളെ കാലത്ത് പന്തല്‍ പണി ആരംഭിക്കണം. പിന്നെ നാളെ പൂജകള്‍ കഴിഞ്ഞാല്‍ സദ്യ ഉണ്ട്. അതിനുള്ള ദഹണ്ഡക്കാരെ ഏല്പിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമുള്ള സാധനങ്ങളെല്ലാം എത്തിക്കണം. അവിടെ എല്ലാ സഹായത്തിനും, ഞാനെന്ന പ്രസിഡണ്ട് കൂടാതെ, സെക്ര്ട്ടറിയും, ട്രഷ്രററും ഉണ്ട്. പിന്നെ വൈസ് പ്രസിഡണ്ടുമാരും, മറ്റു കമ്മറ്റി മെംബര്‍മാരും ഉണ്ട്. എന്നിരുന്നാലും ഓടി നടക്കുവാനും, കാര്യങ്ങളുടെ ഉത്തരവാദിത്വമെല്ലാം പ്രസിഡണ്ടിന് തന്നെ.

എല്ലാവരും അഞ്ചാം തീയതി കാലത്ത് തന്നെ എത്തിക്കോളൂ.. ഉച്ചക്ക് പ്രസാദ് ഊട്ടിന് ശേഷം പിരിയാം.

അഴകത്ത് ശാസ്ത്ര ശര്‍മ്മനാണ് തന്ത്രി. തൃശ്ശൂരില്‍, കൂര്‍ക്കഞ്ചേരിയില്‍ തങ്കമണി കയറ്റത്താണ് അച്ചന്‍ തേവര്‍ ശിവ ക്ഷേത്രം. എന്ത് പ്രാര്‍ഥിച്ചാലും കനിയുന്ന ദേവനാണ്. വിവാഹങ്ങള്‍ക്കും മറ്റും തടസ്സമുണ്ടെങ്കില്‍ പാര്‍വ്വതി ദേവിയെ വന്ന് വണങ്ങിയാല്‍ മതി. കൂടെ കൂടെ വന്ന് പ്രാര്‍ഥിച്ചാലെ അമ്മ കനിയൂ.

അപ്പോള്‍ ഞാന്‍ ഇന്ന് നേരത്തെ ഉറങ്ങാം. എന്നാലെ പുലര്‍ച്ചെ എണീറ്റ് പൂരപ്പറമ്പിലേക്ക് പോകാന്‍ പറ്റൂ.

എന്റെ ബ്ലോഗര്‍മാര്‍ സുഹൃത്തുക്കളാരും പൂരത്തിന് എന്റെ വീട്ടില്‍ വന്ന് കണ്ടില്ല. അതിനാല്‍ ബീനാമ്മക്ക് ഒരു പണിയും ഉണ്ടായിരുന്നില്ല.

അപ്പോള്‍ വെടിക്കെട്ടിന് പോയിട്ടുണ്ടെങ്കില്‍ നാളെ കാലത്ത് കാണാം. അല്ലെങ്കില്‍ പകല്‍ പൂരം കണ്ട വിശേഷവുമായി നാളെ ഒരു മണിക്ക് മുന്‍പായി വരാം.

നാളെ എന്റ് ഓര്‍ക്കുട്ട് സുഹൃത്ത് ഇന്ദു പ്രകാശ് ഒരു സര്‍ജറിക്ക് പോകയാണ്. ഞാന്‍ വടക്കുന്നാഥനോടും, പാറമേക്കാവമ്മയോടും, തിരുവമ്പാടി ഉണ്ണിക്കണ്ണനോടും, എന്റെ പ്രിയ അച്ചന്‍ തേവരോടും ഇന്ദുവിന്റെ ആയുരാരോഗ്യ സൌഖ്യത്തിന്നായി പ്രാര്‍ഥിച്ചിട്ടുണ്ട്.

ഇന്ദുവിനെ ഇത് വരെ നേരില്‍ കാണാന്‍ ഒത്തില്ല. അഞ്ചാം തീയതിക്ക് ശേഷം പറൂ‍രില്‍ ഉണ്ടെങ്കില്‍ അവിടെ പോയി കാണണം. അല്ലെങ്കില്‍ അതിന് ശേഷം തിരുവനന്തപുരം വരെ പോകേണ്ടി വരും. പരിചയപ്പെട്ടതിന് ശേഷമാ അറിയുന്നത് ഞങ്ങള്‍ തമ്മിലുള്ള ചില ബന്ധങ്ങള്‍. അപ്പോള്‍ കാണാതിരിക്കാന്‍ വയ്യ.

അധികം വൈകിയാല്‍ ആള് ദുബായിലേക്ക് പറക്കും. തിരുവനന്തപുരത്തേക്ക് പോകയാണെങ്കില്‍ എറണാംകുളത്ത് രാക്കമ്മ [എന്റെ മകള്‍] യെയും കണ്ട്, കായം കുളത്ത് അശോക് കര്‍ത്താ ചെട്ടനെയും [ബ്ലോഗര്‍] കണ്ട് തിരുവനന്തപുരത്തെത്താം. അവിടെ ചെന്നാല്‍ ഇന്ദുവിനെ കണ്ടതിന് ശേഷം, ശ്രീദേവി നായരേയും, ഗീത ടീച്ചറേയും [ബ്ലോഗേഴ്സ്‍] കാണാം.

പിന്നെ പണ്ട് ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പോകാം [1971ല്‍]. പിന്നെ സമയമുണ്ടെങ്കില്‍ കോവളത്തും കന്യാകുമാരിയിലും ചുറ്റിയടിക്കാം. ബീനാമ്മ വരുന്നില്ലത്രെ. അപ്പോല്‍ എന്റെ ഒരു ഗേള്‍ ഫ്രണ്ടുണ്ട് ഇവിടെ അടുത്ത്. ഓളെ കൂട്ടാം. ഓളാണെങ്കില്‍ വണ്ടി ഓടിക്കുകയും ചെയ്യും.

രാക്കമ്മയുടെ അടുത്ത് പോകുമ്പോല്‍ ഓളെ മാറ്റിയാല്‍ മതി. പിന്നെ ഒന്നും പ്രശ്നമില്ല. അപ്പോള്‍ ഇന്ദു പറൂരില്ലെങ്കില്‍ മാത്രമേ തിരുവനന്തപുരത്തേക്ക് പോകേണ്ടതുള്ളൂ..

അപ്പോ നാ‍ളെ കാണാം.

ശുഭ രാത്രി.......................................

തൃശ്ശൂര്‍ പൂരം - ഉച്ചക്ക് 12 മണി വരെ

തൃശ്ശൂര്‍ പൂരം. ഇന്ന് [03-05-09] കാലത്ത് 8 മണി മുതല്‍ പൂരപറമ്പില്‍ തന്നെ. പ്രാതല്‍ ഭാരത് ഹോട്ടലിലും, ഉച്ച ഭക്ഷണം പേള്‍ റീജന്‍സിയിലും, പിന്നെ ഇടക്കിടെ വീശല്‍ സമീപത്തുള്ള പല ബാറുകളിലും, അങ്ങിനെ 12 മണി വരെ പൂരം അടിച്ച് പൊളിച്ചു. ഉച്ചക്ക് അല്പം വിശ്രമിച്ചിട്ട് തിരികെ പോകണം.
ബീനാമ്മക്കും മകനും പേള്‍ റീജന്‍സിയില്‍ നിന്ന് പൂരം സ്പെഷല്‍ ദം ബിരിയാണിയും പാര്‍സല്‍ വാങ്ങി പോന്നു.

ഇനി ഒന്ന് മയങ്ങി 4 മണിക്ക് വീണ്ടും പൂര പറമ്പിലെത്തണം. കേമറ റീ ചാര്‍ജ്ജ് ചെയ്യണം.

വിദേശ ഗസ്റ്റുകളെ ഒരാളെ ഏല്‍പ്പിച്ചു ഞാന്‍ രക്ഷപ്പെട്ടു. കാലത്ത് കുറേ സ്റ്റില്ലുകളും, കുറച്ച് വിഡിയോകളും എടുത്തു. ആളുകള്‍ ധാരാളം ഉണ്ട്. ഇളന്നീര്‍ എവിടെയും കണ്ടില്ല.
പൂരപ്പറമ്പില്‍ തണുത്ത ബീയറെങ്കിലും വില്‍ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്.
യൂറോപ്പില്‍ മിക്ക ഉത്സവങ്ങളിലും തണുത്ത ബീയറും, ഹോട്ട് ഡോഗും സുലഭം. പാത്താന്‍ ധാരാളം സ്ഥലങ്ങളും. ഇവിടെ ആണുങ്ങള്‍ക്ക് എങ്ങിനെയെങ്കിലും പാത്താം. പക്ഷെ പെണ്ണുങ്ങള്‍ക്കോ ? സംഗതി പ്രശ്നമാണ്. ഞാന്‍ ഒരു പാട് വെള്ളം അകത്താക്കിയിരുന്നതിനാല്‍ പാത്താന്‍ മുട്ടി. പക്ഷെ ഒരിടവും കണ്ടില്ല. നല്ല വണ്ണം വിയര്‍ത്തപ്പോള്‍ ആ സങ്കടം മാറി കിട്ടി.
എന്നാലും ഒരു പാത്തല്‍ ശങ്ക ഉണ്ടായിരുന്നു. സമീപത്തെ ബാറില്‍ കയറി ഒരു ഫോസ്റ്റര്‍ അകത്താക്കി, പകരം അവന്റെ ടോയലറ്റില്‍ പാത്തി കൊടുത്തു. പ്രാതല്‍ സ്ട്രോങ്ങ് അല്ലാത്തതിനാലും, വയ്റ്റില്‍ കുറച്ചധികം ബീയര്‍ ഉണ്ടായിരുന്നതിനാലും, നടക്കുമ്പോള്‍ ഒരു സുഖം........... ഹാ! അതു തന്നെ പൂരം...പൊടി പൂരം.
വെള്ളമടിച്ചില്ലെങ്കില്‍ എന്ത് പൂരം. ഇന്ന് ബീനാമ്മയും വെള്ളമടിച്ചു.. കട്ടി സാര്‍ക്ക് വിസ്കിയില്‍ സെവന്‍ അപ്പ്..... അതാണവളുടെ ബ്ലെന്‍ഡ്....... മോനും മര്‍മോനും, കാലത്തെ റെഡ് ലേബല്‍ തുടങ്ങി... ഞാന്‍ ഫോസ്റ്ററില്‍ ഒതുങ്ങി... അതാകുമ്പോള്‍ ഇടക്ക് പാത്താന്‍ പോയാല്‍ മതി.
ഇനി ഒന്നുറങ്ങി ഉച്ചക്ക് ശേഷമുള്ള പൂരം കണ്ട് ബാക്കി എഴുതാം. വെള്ള മടിച്ചതിനാല്‍ കിടന്നാല്‍ ഒരു പക്ഷെ എഴുന്നേല്‍ക്കില്ല. ബിനാമ്മയും കിറുങ്ങിത്തുടങ്ങി.. വീട്ടിലാര്‍ക്കും ബോധമില്ല. നാട്ടില്‍ പാറുകുട്ടിയെ വിളിച്ച് ഒരു ഫോണ്‍ വെയ്ക്ക് അപ്പ് കോള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ കാണാം. താമസിയാതെ.>>>>>>>>


Posted by Picasa

Saturday, May 2, 2009

നാളെ തൃശൂര്‍ പൂരം [03-05-09]


പൂരത്തലേന്നും തൃശ്ശൂര്‍ക്കാര്‍ക്ക് ഉത്സവം തന്നെ.ആദ്യം ചമയങ്ങള്‍ കാണാന്‍ കുറേ ക്യു നിന്നു മടുത്ത് പന്തലുകളും മറ്റും കാണാനിറങ്ങി. എല്ലാത്തിന്റെയും പടങ്ങള്‍ എടുത്തു. നടുവിലാലിലേയും, നായ്കനാലിലേയും പന്തല്‍ മോശമില്ല. തെക്കെ നടയിലെ പന്തലിന്റെ മുകളിലും താഴെയും ബള്‍ബുകള്‍ കത്തുന്നില്ല. അപ്പോള്‍ ഞാന്‍ നടുവിലാലില്‍ പോയി പന്തല്‍ കണ്ടു ഫോട്ടോ എടുത്തു. പിന്നെ തിരുവമ്പാടി ഭാഗത്തെ ചമയങ്ങള്‍ കാണാന്‍ കുറേ പരിശ്രമിച്ചു. അതിന്ന് ഏതാണ്ട് മാരാര്‍ റോഡ് ജംങ്ഷന്‍ തൊട്ട് വരിയാണ്. അതിനാല്‍ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. നായ്കനാലിലേയും പന്തല്‍ കണ്ട് നേരെ പാറമേക്കാവില്‍ പോയി ദര്‍ശനം നടത്തി. അവിടെയും ചമയം കാണാന്‍ വലിയ തിരക്ക്. അതിനാല്‍ അവിടെയും ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.അപ്പോ അലങ്കരിച്ച ക്ഷേത്രത്തിന്റെ ഫോട്ടോകള്‍ എടുത്തു. നെറ്റിപ്പട്ടം ഇല്ലാതെ നിര്‍ത്തിയിരുന്ന കരിവീരംന്മാരെ കണ്ടു, കുശലം പറഞ്ഞ് അവരുടെ ഫോട്ടോയും എടുത്തു. പിന്നെ അതുമിതും കണ്ട് നേരെ വടക്കുന്നാഥനെ കിഴക്കെ നടയില്‍ പോയി വണങ്ങി. ഗോപുരത്തിന്റെ ഫോട്ടോ എടുത്തു. പിന്നെ പൂരം എക്സിബിഷന്റെ
മുന്നിലുള്ള ലോണില്‍ അല്പനേരം നീണ്ടു നിവര്‍ന്നു കിടന്നു. പിന്നീട് വീണ്ടും പാറമേക്കാവില്‍ പോയി കുറച്ചും കൂടി ഫോട്ടോസ് എടുത്തു തിരിക വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തി. തേക്കിന്‍ കാട്ടില്‍ ചുറ്റിയടിച്ച് സര്‍ക്കസ്സെല്ലാം കണ്ട് നടന്ന് നടന്ന് തോറ്റു. എലൈറ്റ് ഹോട്ടലില്‍ അല്പനേരം വിശ്രമിച്ച് ഒരു ഫോസ്റ്റര്‍ അകത്താക്കി പൂരം ഉത്ഘാടനം ചെയ്തു. അപ്പോഴെക്കും 9 മണി കഴിഞ്ഞിരുന്നു. ബീനാമ്മയുടെ ഫോണ്‍ വന്നു. പത്തുമണിക്ക് മുന്‍പേ വന്നില്ലെങ്കില്‍ അത്താഴം കഴിച്ചെത്തിയാല്‍ മതിയെന്നു. അപ്പോ നേരെ വീട്ടിലേക്ക് വിട്ടു. നാളെ എന്റെ കുറച്ച് അതിഥികള്‍ ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്നുണ്ട്. അവരെ ഹോട്ടലില്‍ താമസിപ്പിക്കണം. ഒരു യൂറോപ്പുകാരന്‍ സായ്പ്പിന് തൃശ്ശൂരെ ഒരു ഹോട്ടലും പിടിക്കില്ല. അവനെ വെടിക്കെട്ടിന് മുന്‍പ് കൊച്ചിയിലെത്തിക്കാന്‍ വണ്ട് ഏര്‍പ്പാടാക്കണം. ഓന്‍ പ്ണ്ട് എന്നെ ഓന്റെ നാട്ടില്‍ കുറേ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നമ്മളും പ്രത്യുപകാരം ചെയ്യേണ്ടെ അല്ലെങ്കില്‍ ഓനെ എവിടെയെങ്കിലും കിടത്താമായിരുന്നു. ഇനി നാളെ നേരത്തെ എഴുന്നേല്‍ക്കണം. അതിനാല്‍ നേരത്തെ കിടക്കണം എന്നര്‍ഥം. അപ്പോ കൂടുതല്‍ പൂരവിശേഷങ്ങളുമായി നാളെ കാണാം.ഞാന്‍ പൂരപ്പറമ്പിലുണ്ടാകും. എല്ലാര്‍ക്കും അങ്ങോട്ട് സ്വാഗതം.

കുറിപ്പ്: > കൂടുതല്‍ ഫോട്ടോസ് അപ് ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക തകരാറുകളുല്ലതിനാല്‍ അവ നാളെ ഈ പോസ്റ്റില്‍ തന്നെ ഇടാം.


Posted by Picasa

Monday, April 27, 2009

തൃശ്ശൂര്‍ പൂരം കൊടി കയറി [27-04-2009]

ഇന്ന് [27-04-09] തൃശൂര്‍ പൂരം കൊടി കയറി. കാലത്ത് പതിനൊന്ന് മണിക്ക്. ഞാനും കുട്ടന്‍ മേനോനും കൂടെയാണ് പോയത്. രണ്ടാളും ഫോട്ടോസ് എടുത്തു. നല്ല ചൂടായിരുന്നു. ആനകളുടെ കാല് പൊള്ളാതിരിക്കാന്‍ വെള്ളം തെളിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ആദ്യം തിരുവമ്പാടി അമ്പലത്തില്‍ പോയി. അവിടെ ഞങ്ങള്‍ ചെന്നതിന് ശേഷമാണ് കൊടി കയറിയത്. അവിടെ നിന്ന് നേരെ പാറമേക്കാവിലേക്ക് വിട്ടു. അവിടെ എത്തുന്നതിന് മുന്‍പ് കൊടി കയറ്റം നടന്നിരുന്നു.
റോഡില്‍ എന്തൊരു തിരക്ക്. ഞങ്ങള്‍ പാലസ് റോഡിലുള്ള സെന്റ് മേരീസ് കോളെജ് ജങ്ഷനില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നടന്ന് പോയി. പൂരം ആയതിനാല്‍ പാര്‍ക്കിങ്ങ് സൌകര്യം എങ്ങും കണ്ടില്ലാ. അതിനാല്‍ വാഹനം ആയി പോകുന്നവര്‍ക്ക് ഗതി കേടാണ്.
പൂരത്തിന്ന് തലേ ദിവസം വരെ തേക്കിന്‍ കാട്ടില്‍ പാര്‍ക്കിങ്ങ് സൌകര്യം ഏര്‍പ്പെടുത്താവുന്നതാണ്. നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് ആര്‍ക്കും ഒരു വേവലാതിയും ഇല്ല. ഇന്നെത്തെ കൊടി കയറ്റം കാണാന്‍ എത്തിയവരുടെ നാലു ചക്രവാഹനങ്ങള്‍ ഇടാന്‍ ഒരിടം കാ‍ണാതെ പലരും കൊടി കയറ്റം കാണാതെ പോയി.
ഞങ്ങള്‍ക്ക് ഇത് അറിയാകുന്നതിനാല്‍ ഞങ്ങള്‍ നാലു ചക്രം പടിഞ്ഞാറെ കോട്ടയില്‍ ഇട്ടിട്ട് ഒരു രണ്ട് ചക്രം സംഘടിപ്പിച്ച് അതില്‍ സവാരി ചെയ്തു. അതിനാല്‍ തിരുവമ്പാടിയിലും, പാറമേക്കാവിലും പോയി.
വെയില് കൊണ്ട് ഞാനാകെ വാടി. ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ഗ്രാമമായ ചെറുവത്താനി [കുന്നംകുളം] യില്‍ അവിടെ ഒരു പൂരം കണ്ട്, അവിടെ തറവാട്ടില്‍ രണ്ട് ദിവസം താമസിച്ചിട്ട് ആണ് തൃശ്ശൂരെത്തിയത്.
എന്നെ കാത്ത് കുട്ടന്‍ മേനോന്‍ [ബ്ലോഗര്‍] അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

അങ്ങിനെ കൊടി കയറ്റം കഴിഞ്ഞ് ഞാന്‍ കൊക്കാലയിലുള്ള എന്റെ വസതിയിലേക്കും കുട്ടന്‍ മേനോന്‍ പാവറട്ടിയിലേക്കും നീങ്ങി.
എന്നെ പടിഞ്ഞാറെ കോട്ടയില്‍ വിട്ടു. ഞാനെന്റെ ശകടം അവിടെ നിന്നെടുത്ത് നേരെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ പോയി ബിരിയാണി കഴിച്ച് വീട്ടിലെത്തി. ഞാന്‍ ഇന്ന് ഈ നേരത്ത് വീട്ടിലെത്തുന്ന കാര്യം ബീനാമ്മക്കറിയാത്ത കാരണമാണ് ഉച്ച ഭക്ഷണം ഹോട്ടലില്‍ നിന്നാക്കിയത്. പിന്നെ പാറമേക്കാവിലെ മേളം കണ്ട് വിയര്‍ത്ത് കുളിച്ച ഞാന്‍ മെര്‍ളിന്‍ ഹോട്ടലില്‍ നിന്ന് ഒരു തണുത്ത ഫോസ്റ്റര്‍ ബീര്‍ അകത്താക്കാന്‍ മറന്നില്ല. അപ്പോ ബിരിയാണി കഴിക്കാന്‍ ഒരു സുഖം വേറെയാ. പിന്നെ പേള്‍ റീജന്‍സിയിലെ ബിരിയാണി ഒരാള്‍ക്ക് കഴിക്കാവുന്നതിനേക്കാളും കൂടുതലുണ്ട്.
എനിക്കവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണ്. എന്റെ മകളുടെ വിവാഹ നിശ്ചയം പണ്ട് ആ ഹോട്ടലിലായിരുന്നു. കൂടാതെ ഈ ഹോട്ടലിന്റെ മേനേജര്‍ സുരേഷ് എന്റെ ഒരു സുഹൃത്ത് കൂടിയാണ്. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ മിക്ക മീറ്റിങ്ങുകളും ഇവിടെയാണ്. നല്ല ഹോമ്ലി അന്ത്:രീക്ഷമാണവിടെ. പോരാത്തതിന് നല്ല വൃത്തിയും വെടിപ്പും. സ്റ്റാഫ് വളരെ നല്ലവര്‍. ഉടമസ്ഥന്‍ സുബൈറും എന്റ് അടുത്ത സുഹൃത്ത് തന്നെ.
അങ്ങിനെ അവിടെ നിന്ന് ബിരിയാണി കഴിച്ച് വീട്ടിലെത്തി നന്നായി ഒന്ന് ഉറങ്ങി.
ഇനി നാളെ മുതലുള്ള പൂര വിശേഷങ്ങള്‍ ഈ പേജില്‍ തന്നെ കാണാം.






Posted by Picasa