Friday, May 1, 2009

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - 2009

ഇന്ന് [മെയ് 1-2009] തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ആയിരുന്നു. സൌകര്യമായി ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. അത്രക്കും തിക്കും തിരക്കും ആയിരുന്നു.
പിന്നെ എപ്പളാ തുടങ്ങുക, എപ്പളാ അവസാനിക്കുക എന്നൊരു കൃത്യതയൊന്നും ഇല്ലാ ആര്‍ക്കും അറിയുകയും ഇല്ല. ഇപ്പോളും വെടിയൊച്ച കേള്‍ക്കുന്നു. [9.10 രാത്രി] ആദ്യം ആരോ പറഞ്ഞ് 7.30 തുടങ്ങുവെന്ന്. ഞാന്‍ 6.50 ന് കൂര്‍ക്കഞ്ചേരിയില്‍ അച്ചന്‍ തേവരെ വണങ്ങിയ ശേഷം നേരെ പൂരപ്പറമ്പിലേക്ക് നടന്നു. 7.00 മണിക്ക് ചെട്ടിയങ്ങാടിയിലെത്തി.
ഉച്ചയുറക്കത്തിന് ശേഷം ബീനാമ്മ കുറുകുറു തന്നു. ഒരു കട്ടന്‍ ചായയും. അവള്‍ക്ക് പണ്ട് മസ്കറ്റിലുണ്ടായിരുന്ന ശീലമാണിത്. ചീസ് ബോള്‍സും പെപ്സിക്കോളയും. ചീസ് ബോള്‍സിന്റെ ഏതാണ്ടൊരു രൂപമാണീ കുറുകുറു. ഞാന്‍ അത് തിന്നു. വയറ് സ്തംഭിച്ചു.
ആ പെണ്പിറന്നോത്തിക്കറിയാം എനിക്ക് അത് ഇഷ്ടമില്ലാത്ത സാധനമാണെന്ന്.
ചെട്ടിയങ്ങാടി വരെയെത്തിയിട്ടും വയറിന്റെ സ്തംഭനാവസ്ഥ മാറിയിരുന്നില്ല. ഏതായാലും ഇനി അര മണിക്കൂറുണ്ടല്ലോ വെടിക്കെട്ട് തുടങ്ങാന്‍. ഒരു സ്മാള്‍ അടിക്കാം എന്ന് കരുതി അടുത്തുള്ള ബാറിലെത്തി, അപ്പോഴാണറിഞ്ഞത് ഇന്ന് അവിടെ വില്പന ഇല്ലത്രെ. ഇത്ര നല്ല ദിവസമായി ഒരു കിറുങ്ങാമെന്ന് വെച്ചാല്‍ അതും സമ്മതിക്കില്ലാ എന്ന് വെച്ചാലെത്ത സ്ഥിതി എന്താ. വീട്ടില്‍ സിറ്റി ബാങ്കിലുള്ള മകന്‍ തന്ന റെഡ് ലേബലും, കട്ടി സാര്‍ക്കുമെല്ലാം എന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇനി തിരികെ പോയി അത് അടിച്ച് വരുമ്പോഴെക്കും ഇവിടെ മരുന്ന് പണി തുടങ്ങും.
ഏതായാലും ഒരു ചായ കുടിച്ച് റൌണ്ടിലേക്ക് നടക്കാം എന്ന് കരുതി അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. അവിടെ ഉണ്ണാനാളുകള്‍ തിങ്ങിക്കൂടിയിരിക്കുന്നതിനാല്‍ ചായ കിട്ടാനെളുപ്പമില്ലാ എന്നറിഞ്ഞു. അങ്ങിനെ ഹോട്ടല്‍ സഫയറില്‍ കയറി. അവിടുത്തെ ചായയും, വിഭവങ്ങളും ഉഗ്രനാണ്. ബീനാമ്മയുമായി വഴക്കിടുമ്പോള്‍ ഞാനവിടെ പോയി കഴിക്കാറുണ്ട്.
അവിടുത്തെ തിരക്ക് കണ്ടപ്പോള്‍ അവിടെ നിന്നിറങ്ങി ഹോട്ടല്‍ ദ്വാരകയില്‍ പോയ്യി ഒരു സ്ട്രോഗ്ങ്ങ് ബ്ലേക്ക് കോഫി അകത്താക്കി ഇറങ്ങുമ്പോഴെക്കും തുടങ്ങി വെടിക്കെട്ട്. ഉടന്‍ ഞാന്‍ ചാടിയിറങ്ങി റൌണ്ട് വരെക്കും ഓടി.
വേഗം ചറുപറാന്ന് കുറെ ഷൊട്ടടിക്കാമെന്ന് നോക്കിയപ്പോള്‍ തിരക്കോട് തിരക്ക്. അങ്ങിനെ ഒരു വിധം ഒരു സ്ഥലത്ത് നിലയുറപ്പിച്ചു. അപ്പോളിതാ എന്റെ നോക്കിയ 73 പണിമുടക്കുന്നു. അവള്‍ക്ക് വയസ്സായി, എന്നാലും ക്ഷീണക്കുറവുണ്ടായിരുന്നില്ല. അവളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ നന്നേ മിനക്കെട്ടു. അവളെയെടുത്തൊരു ഏറ് കൊടുക്കാന്‍ തോന്നി.
കുറച്ച് നല്ല പടങ്ങള്‍ പകര്‍ത്താന്‍ കുറുപ്പം റോഡിലെ ഒരു ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കയറി ഒരു സോണി ഡിജിറ്റല്‍ കേമറ വാങ്ങാന്ന് വെച്ചു. അവിടെ ചെന്നപ്പോളാ മനസ്സിലായത് ക്രെഡിറ്റ് കാര്‍ഡ് ഞാനെടുത്തിരുന്നില്ല. പോക്കറ്റടിക്കാരെ ഭയന്ന് കുറച്ച് ചില്ലറമാത്രമെ കരുതിയിരുന്നുള്ളൂ. അപ്പോ സധൈര്യം പൂരപ്പറമ്പില്‍ വിലസാമല്ലോ എന്ന് കരുതി.
അങ്ങിനെ നില്‍ക്കുമ്പോളെക്കും നമ്മുടെ പെണ്‍കുട്ടി പണിക്ക് തയ്യാറായി. തിരക്ക് കാരണം നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ലാ എന്ന് ചുരുക്കം.
കുട്ടന്‍ മേനോന്‍ ഫോട്ടോസ് എടുത്തിട്ടുണ്ടെങ്കില്‍ നാളെ കടം വാങ്ങണം. തല്‍ക്കാലം ഇതേ എന്റെ പക്കലുള്ളൂ.. ഈ നോക്കിയ പെങ്കൊച്ചാ എന്നെ ചതിച്ചേ. പൂരം പ്രമാണിച്ച നാളെത്തന്നെ ഒരു ലോ ബഡ്ജറ്റ് കേമറ വാങ്ങണം.
വരുമാനം കുറവായ സാഹചര്യത്തില്‍ കേമറ വാങ്ങല്‍ നടക്കുമോ എന്നറിയില്ല. ബീനാമ്മയോട് കടം വാങ്ങാം. ഇന്നതാ കാര്യമെന്ന് പറഞ്ഞാല്‍ ഓള് തരില്ല. ആള് ചിലപ്പോള്‍ പെശകാ.
കാ‍ലത്ത് അടിച്ച് വാരാന്‍ വരുന്ന പെണ്ണിന് 1200 രൂപ കൊടുക്കണം. വൈകിട്ട് ചപ്പാത്തിയുണ്ടാക്കാന്‍ വരുന്ന പെണ്ണിന് കൊടുക്കണം 1500 രൂപ. ഇവറ്റകളെയൊക്കെ നിറ്ത്തി ആ പണം ലാഭിക്കണം അടുത്ത മാസം മുതല്‍. ലോക മാന്ദ്യം എന്നെയും ബാധിച്ചിരിക്കുന്നു. ഈ പണിയൊക്കെ ബീനാമ്മ തന്നെ എടുക്കട്ടെ. അല്ലെങ്കിലെന്തിനാ എന്നും അടിച്ച് വാരുന്നത്. വല്ലപോഴുമൊക്കെ മതിയല്ലോ. ആകെ രണ്ടാളല്ലെ ഉള്ളൂ. പിള്ളേര്‍ വീക്കെന്‍ഡില്‍ വന്ന് പോകും. ചിലവു ചുരുക്കണം.
ഈ വര്‍ഷം ചൂട് കൂടുതലാണ്. കറണ്ട് കൂടുതലുപയോഗിച്ചാല്‍ കൂടുതല്‍ ബില്ലിങ്ങും പിന്നെ സര്‍ചാര്‍ജ്ജും. ബീനാമ്മ പറേണ് കൊല്ലത്തില്‍ 4 മാസം കുറച്ച് കൂടുതല്‍ പണം ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുത്താലും വേണ്ടില്ലാ എന്ന്. അങ്ങിനെയെങ്കില്‍ അങ്ങിനെ. എല്ലാം കൊണ്ട് ഓള് എന്നെ മുടിക്കും.
മോന്റെ കല്യാണം അടുത്തു തുടങ്ങി. ഇനി ഒരു മരോള് വന്നാല്‍ പണിയൊക്കെ ഓളെക്കൊണ്ടെടുപ്പിക്കാം എന്ന് കരുതിയിരിക്കുകയാകും ബീനാമ്മ. പിന്നെ ഈ സീരിയല്‍ ഒക്കെ കണ്ട് അതിന്റെ പ്രാക്ടിക്കലും നടത്താമല്ലോ.
“എടീ ബീനാമ്മെ നിന്റെ പൂതി കയ്യീ വെച്ചാമതി..“
“മരോള് ആള് കൊച്ചിക്കാരിയാ... ഓള് ഓളുടെ തുണിയെല്ലാം തിരുമ്മിക്കും നിന്നോട്.“
അങ്ങിനെ വെടിക്കെട്ടെല്ലാം കണ്ട് നേരെ വീട്ടിലേക്ക് നടന്നു. മാതൃഭൂമിയെത്തിയപ്പോളെക്കും എനിക്ക് നടന്നും നിന്നുമെല്ലാം വയ്യാണ്ടായി. കൂടാതെ വയറിന്റെ ഷേപ്പും ശരിയല്ലാ എന്ന് തോന്നി. സാമ്പിള്‍ വെടിക്കെട്ട് കാരണം ടൌണില്‍ എല്ലാം വാഹന നിയന്ത്രണം തന്നെ. അപ്പോള്‍ ഒരാ ബെക്ക് എന്റെ അടുത്ത് നിര്‍ത്തി.
‘സാറെ നടന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കില് ഒരു ലിഫ്റ്റ് തരാം..........”
ഇരുട്ടിലായത് കാരണം ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ഞമ്മടെ ആളാണെന്ന് ഉറപ്പ് വരുത്തി. എല്ലാരേം ഈ നേരത്ത് വിശ്വസിക്കാന്‍ പറ്റില്ലല്ലോ......
നോക്ക്യേപ്പോ അത് ജീലുവിന്റെ വാപ്പയായിരുന്നു. ഡോ ഇക്ബാല്‍. റോട്ടില്‍ നിന്ന് അല്പം കുശലം പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വണ്ടിയില്‍ കയറിയിരുന്നു. തിരക്കുമൂലം കൊക്കാലയെത്താന്‍ പാട് പെട്ടു. ഞാന്‍ കൊക്കാല പെട്രോ‍ള്‍ പമ്പിലിറങ്ങി. ബാലേട്ടന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് തണുത്ത ആപ്പിള്‍ ജ്യൂസ് രണ്ടെണ്ണം വാങ്ങി. അത് റെഡ് റമ്മില്‍ ഒഴിച്ച് കുടിക്കാന്‍ നല്ല രസമാ. അവിടെ ബാലേട്ടനോട് വര്‍ത്തമാനം പറഞ്ഞ് ഇരിക്കുമ്പോള്‍ 22 മില്ലിയണ്‍ ഗേളിനെ കണ്ടു. ഇവിടെ ലേക്ക്സിന് പകരം ഞാന്‍ മില്ലിയണാക്കിയെന്ന് മാത്രം.
ഞാന്‍ ബാലേട്ടന്റെ മോളെ കാണുമ്പോള്‍ 22 മില്ലിയണ്‍ ഗേളാണെന്നെ വിളിക്കൂ. പണ്ട് 6 മില്ലിയണ്‍ ഡോളര്‍ മേന്‍ എന്ന ഇംഗ്ലീഷ് സീരിയല്‍ എനിക്കിഷ്ടമായിരുന്നു.
ബാലേട്ടന്റെ മോളുടെ പേര് ഓര്‍മ്മ വരുന്നില്ല. ഓള്ക്ക് പച്ചയുടുപ്പിനോടാ കമ്പം. എപ്പോളും പച്ച നിറത്തിലുള്ള കുപ്പായമാ ഓള്‍ക്ക്. ഇനി ചിലപ്പോള്‍ ആകെ നാലെ പച്ചക്കുപ്പായമേ ഉള്ളോ എന്നാര്‍ക്കറിയാം. ഞാന്‍ പണ്ട് ഓളെ എന്റെ മോന് കിട്ടുമോ എന്ന് നോക്കിയിരുന്നു. പക്ഷെ എന്തോ ശരിയായില്ല.
ഓളെ മെഡിസിന് ചേര്‍ക്കാന്‍ 22 ലേക്ക് ചിലവായത്രെ. എന്നോട് ഓള് തന്നെ പറഞ്ഞതാ. ഇനി പിജിക്കെത്ര കൊടുക്കണം. പിന്നെ ഓളെ കെട്ടിച്ചയക്കാന്‍ എത്ര വേണം. ബാലേട്ടന് സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ല.
അങ്ങിനെ ഞമ്മള് ആപ്പിള്‍ ജ്യൂസുമായി വീട്ടിലെത്തി. കുളി കഴിഞ്ഞ് അല്പം റം അകത്താക്കി സാമ്പിള്‍ വെടിക്കെട്ടിന് സമാപ്തി കുറിക്കാം.
അപ്പോള്‍ വീണ്ടും കാണാം.
മറ്റന്നാല്‍ പൂരമാണ്. വിശേഷങ്ങള്‍ അറിയിക്കാം.




Posted by Picasa

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് [മെയ് 1-2009] തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ആയിരുന്നു. സൌകര്യമായി ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. അത്രക്കും തിക്കും തിരക്കും ആയിരുന്നു.
പിന്നെ എപ്പളാ തുടങ്ങുക, എപ്പളാ അവസാനിക്കുക എന്നൊരു കൃത്യതയൊന്നും ഇല്ലാ ആര്‍ക്കും അറിയുകയും ഇല്ല.

yousufpa said...

ചുരുക്കിപ്പറഞ്ഞാല്‍ ഒരാഷ്പുഷ് അല്ലേ..?

ആയുസ്സിന് നീളം ദൈവം തമ്പുരാന്‍ ഏകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

യൂസുഫ്പ

കമന്റിന് നന്ദി.ഞാന്‍ ഇങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ എന്റെ അസുഖങ്ങള്‍ ഞാന്‍ അറിയുന്നില്ല.
ഒന്നും അറിയാതെ ദൈവം തമ്പുരാന്റെ അടുത്തേക്ക് പോകുന്നവര്‍ ഭാഗ്യവാന്മാര്‍. അങ്ങിനെ ഒരു നിയോഗം ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു.

ബൈജു സുല്‍ത്താന്‍ said...

മാഷ്...വെടിക്കെട്ടു വരെ പകര്‍ന്ന് തന്നു. ഇനി പൂരം കൂടി.... കാത്തിരിക്കുന്നു.
നന്ദി.

lakshmy said...

alla ,sample vedikkettu,vayarile kambanam ennokke paranju purathekkirangiyathu small adikkaananennu ippazhalle manasilayaathu."gochu gallan"

മാണിക്യം said...

:)